കൊച്ചി: കേരള പൊലീസ് സൈബർഡോമിന്റെ നവീകരണ സംരംഭമായ ഹാക്ക് ഒഫ് പൊലീസിംഗിന്റെ ഏഴാം പതിപ്പ് കൊച്ചിയിൽ നടക്കും. സൈബർ അന്വേഷണങ്ങൾക്കായി 'ഏജന്റിക് എ.ഐ" പ്രയോജനപ്പെടുത്തുക എന്നതാണ് ഇത്തവണത്തെ പ്രമേയം. അടുത്തമാസം 5 മുതൽ 8 വരെ കൊച്ചിയിൽ നടക്കുന്ന 'കൊക്കൂൺ 2026" രാജ്യാന്തര സൈബർ സുരക്ഷാ കോൺഫറൻസിന്റെ ഭാഗമായാണ് ഹാക്കത്തൺ സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 1,100ലധികം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 50 ടീമുകളാണ് അവസാന ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരശേഖരണത്തിനും വിശകലനത്തിനും സഹായകമാകുന്ന എ.ഐ ഉപകരണങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൽ മനുഷ്യ മേൽനോട്ടവും സുരക്ഷയും ഉറപ്പാക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവർക്കായി കൊച്ചിയിൽ റെസിഡൻഷ്യൽ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കും.
വിദഗ്ദ്ധരുടെ മാർഗനിർദ്ദേശത്തോടെ ആശയങ്ങൾ പ്രായോഗിക ഉത്പന്നങ്ങളായി മാറ്റാൻ ഇവിടെ അവസരമുണ്ടാകും. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. പൊലീസ്, അക്കാഡമിക് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവർ തമ്മിലുള്ള സഹകരണം ശക്തമാക്കാനും ഭാവിയിലെ നിയമനിർവഹണ വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കൊക്കൂൺ സമാപന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |