
കൊച്ചി: കാർഷിക സമ്പദ്‌വ്യവസ്ഥയിൽ മധുരവിപ്ലവത്തിന് നാന്ദികുറിച്ച റംബുട്ടാൻ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഈ വർഷം നേടിയത് 1000 കോടി രൂപയുടെ വിറ്റുവരവ്. 'പനി' പഴം എന്ന പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയർന്ന ദുഷ്പ്രചരണങ്ങളെ പ്രതിരോധിച്ചാണ് കർഷകർ നേട്ടം കൈവരിച്ചത്. റബർ കൃഷി നഷ്ടത്തിലായതോടെയാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ നൂറുകണക്കിന് കർഷകർ റംബുട്ടാനിലേക്ക് തിരിഞ്ഞത്. ആദ്യകാലങ്ങളിൽ മെച്ചപ്പെട്ട വില ലഭിച്ചെങ്കിലും പിന്നീട് പലകാരണങ്ങളാൽ ഇടിഞ്ഞു. ദീർഘകാലവിളയെന്ന നിലയിൽ കർഷകർ പിടിച്ചുനിന്നു.
വില സ്ഥിരത ഉറപ്പാക്കി കർഷകർ
ഇത്തവണ ഒരുലക്ഷം ടണ്ണായിരുന്നു ഉത്പാദനം. സീസൺ ആരംഭിച്ചപ്പോൾ കിലോഗ്രാമിന് 50രൂപയ്ക്ക് പോലും എടുക്കാൻ ആളില്ലായിരുന്നു. കർഷകർ സംഘടിച്ച് കേരള റംബുട്ടാൻ ആൻഡ് മാംഗോസ്റ്റിൻ ഫാർമേഴ്സ് അസോസിയേഷൻ എന്ന കൂട്ടായ്മ രൂപീകരിച്ചു. സംസ്ഥാനത്തിന് പുറത്തെ മൊത്തക്കച്ചവടക്കാരുമായി ബന്ധപ്പെട്ട് വില സ്ഥിരത ഉറപ്പാക്കി. ഗുണനിലവാരമുള്ള എൻ-18 എന്നയിനം പഴത്തിന് കിലോയ്ക്ക് 100 മുതൽ 180 രൂപവരെ വിലയ്ക്ക് വിറ്റഴിക്കാനായി.
വരുംവർഷങ്ങളിൽ ഉത്പാദനം വർദ്ധിക്കുമെന്നതിനാൽ ഉത്തരേന്ത്യൻ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. ഡൽഹി, നവി മുംബയ്, ഹൈദരാബാദ് തുടങ്ങി വിപണികളിൽ റംബുട്ടാന്റെ സാന്നിദ്ധ്യം തീരെ കുറവാണ്. ഈ വിപണി കൂടി കൈയടക്കാനുള്ള ശ്രമത്തിലാണ് കർഷകർ. പ്രമുഖ കർഷകരെയും ഉത്തരേന്ത്യൻ മൊത്ത വ്യാപാരികളെയും പങ്കെടുപ്പിച്ച് ശനിയാഴ്ച കൂത്താട്ടുകുളത്ത് റംബുട്ടാൻ കോൺക്ലേവ് സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്നിരട്ടി ആദായം
ഒരുകിലോ റബറിന് 300രൂപയ്ക്ക് മുകളിൽ വില കിട്ടിയാലും ഒരു ഏക്കറിൽ നിന്ന് പരമാവധി മൂന്നുലക്ഷം രൂപയുടെ വരുമാനമെ ഉണ്ടാകൂ. ഒരേക്കർ റംബുട്ടാൻ ശാസ്ത്രീയമായി കൃഷിചെയ്താൽ 10ലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കും. സംസ്ഥാനത്ത് 25,000 ഏക്കറിൽ കൃഷിയുണ്ട്.
വിപണി പ്രോത്സാഹിപ്പിക്കാൻ സർക്കാർ സഹായിച്ചാൽ സമ്പദ്ഘടനയിൽ കുതിപ്പിന് കളമൊരുങ്ങും
എം.സി. സാജു,
പ്രസിഡന്റ്
കേരള റംബുട്ടാൻ ആൻഡ്
മാംഗോസ്റ്റിൻ ഫാർമേഴ്സ്
അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |