SignIn
Kerala Kaumudi Online
Thursday, 24 September 2026 2.20 AM IST

കായലിൽ ബോട്ടുകൾക്ക് തടിയും മണ്ണും ഭീഷണി

ആലപ്പുഴ: വേമ്പനാട്ടുകായലിലെ ഒഴുകുന്ന തടി കഷ്ണങ്ങൾ ജലഗതാഗതത്തിന് കുരുക്കാകുന്നു. പ്രളയത്തിൽ ഒഴുകിയെത്തിയ മരത്തടികൾ ബോട്ടുകളിൽ ഇടിച്ച് പ്രൊപ്പല്ലറും റഡാറും ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് കേടുപാടുണ്ടാകുന്നതോടെ യാത്രാബോട്ട‌് സർവീസുകൾ മുടങ്ങുന്നത് പതിവായി. ചൊവ്വാഴ്ച മാത്രം അഞ്ച് സർവീസുകൾ മുടങ്ങി. വൈക്കം,കാവാലം,നെടുമുടി മേഖലകളിലേക്കുള്ള സർവീസുകൾക്കാണ് കേടുപാടുണ്ടായത്. സീ കുട്ടനാട് ടൂറിസം ബോട്ടുയാത്രയും തടസപ്പെട്ടു.

ഒഴുകിയെത്തുന്ന തടികൾ ആദ്യം ബോട്ടിന്റെ അടിഭാഗത്ത് ഘടിപ്പിച്ച പ്രൊപ്പല്ലറിലാണ് ഇടിക്കുന്നത്. പ്രൊപ്പല്ലർ ബ്ലേഡുകൾക്ക് വളവോ പൊട്ടലോ സംഭവിക്കുന്നതിനൊപ്പം ഷാഫ്റ്റിനും കേടുപാടുണ്ടാകാം. പ്രൊപ്പല്ലറിന്റെ പ്രവർത്തനത്തിലെ ചെറിയ വ്യതിയാനം പോലും ബോട്ടിന്റെ വേഗത്തെയും നിയന്ത്രണത്തെയും ബാധിക്കും. ബോട്ടിന്റെ ദിശ നിയന്ത്രിക്കുന്ന റഡാറിനും തടിയിടിച്ച് കേടുപാടുകൾ സംഭവിക്കുന്നുണ്ട്. തകരാർ സംഭവിച്ച ബോട്ട് കരയ്ക്കെത്തിച്ച് പരിശോധനയും അറ്റകുറ്റപ്പണിയും പൂർത്തിയാക്കിയ ശേഷമേ വീണ്ടും സർവീസിനിറക്കാനാകൂ. ഇങ്ങനെ ഒരുമണിക്കൂറോളം യാത്ര ത‌ടസപ്പെടും. തകരാറിന്റെ സ്വഭാവമനുസരിച്ച് ഒരു ദിവസം വരെ സർവീസ് മുടങ്ങിയേക്കും.

പ്രൊപ്പല്ലറും റഡാറും തകരാറിലാക്കും

 പ്രളയശേഷം പോള കൂടുതലായി എത്തുന്നതിനാൽ ഇവയ്ക്കടിയിലെ തടി, തുണികൾ, പ്ലാസ്റ്റിക് എന്നിവ കാണാൻ സാധിക്കാനാകാത്തതാണ് വെല്ലുവിളി

 പ്രൊപ്പല്ലറിൽ പോളയും മറ്റ് ജലസസ്യങ്ങളും ചുറ്റിപ്പിടിക്കുന്നത് എഞ്ചിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ബോട്ടിന്റെ വേഗം കുറയ്ക്കുകയും ചെയ്യും

 പോളയും തടികളും ഒരുമിച്ചെത്തുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും.ഇവ ഒഴുകി നടക്കുന്നതിനാൽ ഒരിടത്ത് കണ്ടെത്തി നീക്കം ചെയ്യുന്നതും ബുദ്ധിമുട്ടാണ്

ആഗസ്റ്റിലുണ്ടായ പ്രളയശേഷം എക്കൽ മണ്ണും കൂടുതലായി അടിഞ്ഞിട്ടുണ്ട്. ബോട്ട് ജെട്ടികളിലാണ് എക്കൽ കൂടുതൽ.ഇത് ബോട്ട് അടിപ്പിക്കുന്നതിന് തടസമാണ്

ചൊവ്വാഴ്ച മുടങ്ങിയത്

5 സർവീസുകൾ

ബോട്ട് സർവീസ് മുടങ്ങുമ്പോൾ യാത്രക്കാർ ബഹളമുണ്ടാക്കാറുണ്ട്. ഇറിഗേഷൻ വകുപ്പാണ് ഇതിന് പരിഹാരം കാണേണ്ടത്

- ബോട്ട് ജീവനക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL