ആലപ്പുഴ: വെള്ളപ്പൊക്കം കൃഷിക്കും ജീവിതത്തിനും ഭീഷണിയായ കുട്ടനാട്ടിൽ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുതകുന്ന പാക്കേജ് ആവിഷ്കരിക്കണമെന്ന ആവശ്യവുമായി കർഷകർ. മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും പ്രളയ സമാനമായ സാഹചര്യത്തിലകപ്പെടുന്ന കുട്ടനാട്ടിൽ കാലാവസ്ഥയെ അതിജീവിക്കാൻ കഴിയുന്ന കൃഷി സമ്പ്രദായങ്ങളാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏതാനും ദിവസത്തെ മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ചമ്പക്കുളം, പുളിങ്കുന്ന് പ്രദേശങ്ങളിൽ രണ്ടാം കൃഷി പൂർണമായും നശിക്കുകയും മറ്റിടങ്ങളിൽ വലിയ നഷ്ടത്തിനിടയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൃഷിയും മനുഷ്യജീവിതവും സംരക്ഷിക്കാനുതകും വിധം കുട്ടനാട് പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം ഉയരുന്നത്.
പമ്പ, അച്ചൻകോവിൽ, മണിമലയാറുകളും കൈവഴികളും കടന്നുപോകുന്ന കുട്ടനാട്ടിൽ മഴക്കാലത്ത് ആറുകൾ കരകവിയുകയും പാടങ്ങളുടെ സംരക്ഷണത്തിനായുള്ള ബണ്ടുകൾ തകർന്നും മടവീണും വിതയും കൃഷിയും നശിക്കുന്നതാണ് പ്രധാന പ്രശ്നം. കുട്ടനാട് പാക്കേജ് പദ്ധതി സർക്കാർ ആവിഷ്കരിച്ചെങ്കിലും പുറം ബണ്ടുകളുടെ സംരക്ഷണത്തിന് കാര്യമായ നടപടിയുണ്ടായില്ല.
കുട്ടനാട് പാക്കേജ് പരിഷ്‌കരിക്കണം
1.കുട്ടനാട്ടിലെയും വേമ്പനാട്ടുകായലിലെയും കടലിലെയും ജലനിരപ്പിലുള്ള
അന്തരമാണ് സ്വാഭാവിക നീരൊഴുക്കിന്റെ ശക്തി നിർണയിക്കുന്നത്.
തോട്ടപ്പള്ളി, തണ്ണീർമുക്കം സ്പിൽവേകളിൽ നിന്ന് വെള്ളം കടലിലേക്ക് ഒഴുക്കുന്നുണ്ടെങ്കിലും കടലിലെ ഉയർന്ന ജലനിരപ്പ് നീരൊഴുക്കിനെ ദുർബലപ്പെടുത്തുന്നു
2.ഓരോ മഴക്കാലത്തും തണ്ണീർമുക്കം, തോട്ടപ്പള്ളി ബണ്ടുകളുടെ ഷട്ടറുകൾ തുറക്കുകയും മാലിന്യം നീക്കുകയും ചെയ്യുന്ന താത്‌കാലിക നടപടികളിലൂടെ മാത്രം കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണാനാകില്ല
3.കുട്ടനാട്ടിൽ നിന്ന് കടലിലേക്കുള്ള മുഴുവൻ ജലനിർഗമന സംവിധാനവും ശാസ്ത്രീയമായി പുനഃപരിശോധിക്കുന്നതിനൊപ്പം പ്രധാന ജലപാതകളിലെ പോളയും ചെളിയും മാലിന്യവും നീക്കി നീരൊഴുക്കുകളുടെ ശേഷി പുനഃസ്ഥാപിക്കേണ്ടതുണ്ട്
4.കാലാവസ്ഥാ വ്യതിയാനം, കള്ളക്കടൽ, ശക്തമായ മഴ, വേലിയേറ്റം തുടങ്ങിയവ കണക്കിലെടുത്ത് കുട്ടനാടിന്റെ കൃഷി, ജലനിർഗമനം, വെള്ളപ്പൊക്ക നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുള്ള പദ്ധതിവേണമെന്നാണ് കർഷകരുടെ ആവശ്യം
5. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും അതിജീവിക്കാനുതകുന്ന വിദേശയിനം നെൽവിത്തുകളുടെ പരീക്ഷണവും ഗവേഷണവും സാദ്ധ്യമായാലേ ഭാവിയിൽ കുട്ടനാട്ടിൽ കൃഷി സാദ്ധ്യമാകൂ. ഇതിനായി കുസാറ്റിന്റെയും റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹായം തേടണം
കുട്ടനാടിന്റെ നിലനിൽപ്പ് കൃഷിയുടെ മാത്രം വിഷയമല്ല, ഒരു നാടിന്റെയും ജനതയുടെയും പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ കൃഷി സമ്പ്രദായവും അതിജീവന പദ്ധതികളും ആവിഷ്കരിക്കണം
- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |