
ആലപ്പുഴ: ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞ്, ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചെങ്കിലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളക്കെട്ടിന് കാര്യമായ കുറവില്ല. ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കം കാരണം ഈ മേഖലകളിലെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. കിഴക്കൻ മലയോര മേഖലകളിൽ മഴ കുറഞ്ഞതിനെ തുടർന്ന് കുട്ടനാട്ടിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. ഇത് നേരിയ ആശ്വാസം പകരുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞുപോകുന്നില്ല. വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും വെള്ളം
വളരെ പതുക്കെ മാത്രമാണ് ഇറങ്ങുന്നത്. താലൂക്കിൽ വിവിധ വില്ലേജുകളിലായി തുടരുന്ന ക്യാമ്പുകളിൽ 1470 കുടുംബങ്ങളാണ് താമസിക്കുന്നത്. നിരവധിപേർ ബന്ധുവീടുകളും വാടക മുറികളിലും കഴിയുന്നുണ്ട്. ഇവർക്ക് എന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ ഉറപ്പാക്കുന്നുണ്ട്.
യാത്രാക്ലേശം, രോഗഭീതി
പ്രദേശത്തെ ഭൂരിഭാഗം ഗ്രാമീണ റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇതോടെ ജനങ്ങൾ കടുത്ത യാത്രാക്ലേശം നേരിടുന്നുണ്ട്. ദിവസങ്ങളായി കെട്ടിക്കിടക്കുന്ന മലിനജലം കാരണം പകർച്ചവ്യാധി ഭീഷണിയും ഉയരുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ മുന്നൊരുക്കങ്ങളും പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. തോടുകളിലെയും ആറുകളിലെയും ഒഴുക്ക് സുഗമമല്ലാത്തതാണ് വെള്ളം ഇറങ്ങാൻ വൈകുന്നതിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. വെള്ളം ഇറങ്ങിയ ശേഷം മാത്രമേ വീടുകൾ ശുചീകരിക്കാനാകൂ. തുടർന്ന് മാത്രമേ നാശനഷ്ടത്തിന്റെ തോതും വ്യക്തമാകൂ.
വെള്ളം വളരെ പതിയെയാണ് താഴുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യമായിട്ടില്ല
- അജിത്കുമാർ പിഷാരത്ത്, തലവടി പഞ്ചായത്തംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |