
കണ്ണൂർ: പാർട്ടി പ്രവർത്തനം നടത്താൻ പണമില്ലാത്തതിനാൽ സി.പി.എം വീണ്ടും ബക്കറ്റ് പിരിവിലേക്ക്. കേന്ദ്ര കമ്മിറ്റി നിർദേശപ്രകാരം സംസ്ഥാനവ്യാപകമായാണ് ഫണ്ട് പിരിവ്. രസീതില്ലാത്ത പിരിവിനോട് കീഴ്ഘടകങ്ങളിൽ ശക്തമായ വിമർശനം ഉയരുന്നു. ബ്രാഞ്ചുകളാണ് പിരിവ് നടത്തേണ്ടത്. രസീത് ഇല്ലെങ്കിൽ പിരിവിന് ഇറങ്ങില്ലെന്ന കടുത്ത നിലപാടിലാണ് പല അംഗങ്ങളും. കണ്ണൂരിൽത്തന്നെയാണ് എതിർപ്പ് ശക്തം.
ഫണ്ട് തിരിമറി ആക്ഷേപം തിരഞ്ഞെടുപ്പിൽപ്പോലും തിരിച്ചടിയായത് ചൂണ്ടിക്കാട്ടിയാണ് എതിർക്കുന്നത്.
കാലവർഷക്കെടുതിയും ഓണക്കാലവും ഒത്തുവന്ന ഘട്ടത്തിൽ ജനങ്ങളെ സമീപിക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ബ്രാഞ്ചുകളിൽ ശക്തമാണ്. തിരഞ്ഞെടുപ്പ്‌തോൽവിയെത്തുടർന്ന് ക്ഷീണത്തിലായ പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത അവസ്ഥയിൽ പ്രവർത്തന ഫണ്ട് അനിവാര്യമെന്നാണ്‌നേതാക്കൾ പറയുന്നത്. തിരഞ്ഞെടുപ്പ് വീഴ്ച സംബന്ധിച്ച റിവ്യൂ റിപ്പോർട്ടിങ്ങും ഫണ്ട് പിരിവുമാണ് ബ്രാഞ്ച്‌യോഗങ്ങളിലെ അജണ്ട.
20000 കുറഞ്ഞ ടാർജറ്റ്, അധികത്തുക ബ്രാഞ്ചിന്
ഈ മാസം 14 ഓടെ വീടുകളിൽ ഫണ്ട് പിരിവ് സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്യാനും തുടർന്നുള്ള ദിവസങ്ങളിൽ പിരിവ് ആരംഭിക്കാനുമാണ് നിർദേശം.
പാർട്ടിക്ക് സ്വാധീനമുള്ളമേഖലകളിൽ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ ടാർജറ്റ്. ശക്തികേന്ദ്രങ്ങളിൽ അത് ഉയരും. കൂടുതലായി കിട്ടുന്ന പണം ബ്രാഞ്ച് കമ്മിറ്റിക്ക് എടുക്കാം.
ടാർജറ്റ് തുകയും കണക്കുംലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും വഴി ജില്ലാ കമ്മിറ്റിയിലെത്തും. ജില്ലാ കമ്മിറ്റി മൊത്തം കണക്ക് പ്രസിദ്ധീകരിക്കും.
വെല്ലുവിളി
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ടിലും ഓഫീസ് നിർമ്മാണ ഫണ്ടിലും ക്രമക്കേട് നടന്നെന്ന ആരോപണം പരിഹാരമാകാതെ നിലനിൽക്കുകയാണ്.
ജനങ്ങളിലേക്കിറങ്ങുമ്പോൾ തോൽവി സംബന്ധിച്ചചോദ്യവും ഫണ്ട് വിവാദത്തിലെചോദ്യങ്ങളും ഒരുമിച്ച്‌നേരിടേണ്ടി വരുന്ന സാഹചര്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |