SignIn
Kerala Kaumudi Online
Sunday, 09 August 2026 3.27 AM IST

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് , തഹസിൽദാർക്ക് സസ്പെൻഷൻ

paul
തഹസിൽദാർ കെ.പി.പോൾ

കണ്ണൂർ: മീന്തുള്ളി കാര്യങ്കോട് പുഴയിൽ ജീവൻ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച കല്ലിയൂർ സ്വദേശി ആർ.രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച പയ്യന്നൂർ തഹസിൽദാർ കെ.പി.പോളിനെ സസ്പെൻഡ് ചെയ്തു. ഫ്രീസറുള്ള ആംബുലൻസ് അനുവദിക്കാതെ പോൾ ഗുരുതരവീഴ്ച കാട്ടിയെന്ന അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.

എ.ഡി.എം പി.എൻ.പുരുഷോത്തമൻ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ റവന്യു മന്ത്രി എ.പി.അനിൽകുമാർ സസ്പെൻഷനു നിർദ്ദേശം നൽകുകയായിരുന്നു. സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ച മൃതദേഹത്തോട് അനാദരവ് കാട്ടിയത് ഗുരുതര കൃത്യവിലോപമാണെന്ന് റിപ്പോർട്ടിലുണ്ട്. പയ്യന്നൂർ തഹസിൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പൊലീസ് എന്നിവരിൽ നിന്ന് എ.ഡി.എം മൊഴിയെടുത്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം രാത്രി എട്ടോടെയാണ് രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് അയച്ചത്. 500 കി. മീറ്ററിലധികം സഞ്ചരിക്കേണ്ടതിനാൽ ഫ്രീസറുള്ള ആംബുലൻസ് ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ, സ്വകാര്യ ആംബുലൻസുകൾ 35,000 രൂപ വാടക ആവശ്യപ്പെട്ടതോടെ തഹസിൽദാർ നിരാകരിച്ചു.

ചെറുപുഴ മീന്തുള്ളിയിലെ തുരുത്തിൽപ്പെട്ട ബെന്നിയെ രക്ഷിക്കാനിറങ്ങിയ രാജേഷ് കഴിഞ്ഞ ഒന്നിനായിരുന്നു ഒഴുക്കിൽപ്പെട്ടത്. ചൊവ്വാഴ്ചയാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. എംബാം ചെയ്യാതെ പ്ളാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ഫ്രീസറില്ലാത്ത ആംബുലൻസിൽ നാട്ടിലേക്ക് അയച്ചു. തൃശൂരിലെത്തിയപ്പോൾ ഡ്രൈവർമാർ ഇടപെട്ടാണ് ഫ്രീസർ തരപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA