SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.55 AM IST

വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിന് ക്രിമിനൽ കേസ് പാടില്ല: സുപ്രീംകോടതി

s

ന്യൂഡൽഹി: വന്ദേമാതരം പൂർണമായി ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ കേസ് പാടില്ലെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ജനഗണമന പാടാത്തതുമായി ബന്ധപ്പെട്ട് 1986ൽ 'ബിജോയ് ഇമ്മാനുവൽ" കേസിലെ വിധി വന്ദേമാതരംത്തിലും ബാധകമാണ്. ആവിഷ്‌കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങളിൽ മൗനം പാലിക്കാനുള്ള അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

മതപരമായ കാരണങ്ങളാലും മനഃസാക്ഷിയുടെ പേരിലും ആറ് ചരണങ്ങളും പാടാൻ വിസമ്മതിക്കുന്നവരുണ്ട്. അവരെ ശിക്ഷിക്കാൻ പാടില്ല. വന്ദേമാതരം നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌ത് കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്‌ണ സമർപ്പിച്ച പൊതുതാത്പര്യ ഹ‌ർജിയാണിത്. അവസാന നാല് ചരണങ്ങളിൽ ദുർഗ,ലക്ഷ്‌മി,സരസ്വതി തുടങ്ങിയ ഹിന്ദു ദേവതകളെക്കുറിച്ച് പരാമർശങ്ങളുണ്ട്. അവ പാടാൻ നിർബന്ധിക്കുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തിന് വിരുദ്ധമാണ്. മൂന്നു വർഷം വരെ തടവും പിഴയും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്‌തതിനെയും ചോദ്യം ചെയ്‌തു.

ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. ധൃതി പിടിച്ച് കൊണ്ടുവന്ന നിയമമെന്ന് ടി.എം. കൃഷ്‌ണയുടെ അഭിഭാഷകൻ ഡോ.എസ്. മുരളീധർ വാദിച്ചപ്പോൾ മാവോയിസ്റ്റുകളുടെ ആശയങ്ങൾക്കനുസരിച്ച് നിയമ നിർമ്മാണം കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു. സോളിസിറ്റർ ജനറൽ നടത്തിയത് പദവിക്ക് യോജിക്കാത്ത പരാമ‌ർശമാണെന്ന് അഭിഭാഷകൻ പറഞ്ഞു.

ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പാടുന്നത് നിയമപരമായി നിർബന്ധമല്ലെന്ന് കർണാടക സർക്കാർ അവിടത്തെ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രതി,ഉപരാഷ്ട്രപതി,പ്രധാനമന്ത്രി,ഗവർണർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ആറു ചരണങ്ങളും പാടിയാൽ മതിയെന്ന സർക്കാർ നിലപാട് ചോദ്യം ചെയ്‌ത ഹർജികളിലാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDEMATARAM, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360