
കൊച്ചി: ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം(ജി.ഡി.പി) 7.8 ശതമാനം വളർന്നതിന്റെ പശ്ചാത്തലത്തിൽ നടപ്പുസാമ്പത്തിക വർഷത്തെ വളർച്ചാ പ്രവചനം ഉയർത്തി ആഗോള റേറ്റിംഗ് ഏജൻസികൾ. പ്രമുഖ ഏജൻസികളായ ഫിച്ച്, എസ് ആൻഡ് പി, മൂഡീസ് എന്നിവയാണ് മുൻപ് നടത്തിയ അനുമാനങ്ങളിൽ മാറ്റം വരുത്തിയത്. 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നേടി 6.9 ശതമാനമാകുമെന്ന് ഫിച്ച് റേറ്റിംഗ്സ് ഇന്നലെ വ്യക്തമാക്കി. വളർച്ച നിരക്ക് 6.4 ശതമാനമാകുമെന്നാണ് നേരത്തെ ഫിച്ച് വിലയിരുത്തിയിരുന്നത്.
എസ് ആൻഡ് പി ഗ്ളോബൽ റേറ്റിംഗ്സ് ഇന്ത്യയുടെ ജി.ഡി.പിവളർച്ചാ പ്രവചനം ഇന്നലെ 6.6 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനത്തിലേക്ക് ഉയർത്തിയിരുന്നു. മറ്റൊരു പ്രമുഖ ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ ജി.ഡി.പിയിൽ പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക് ഏഴ് ശതമാനമാണെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. നേരത്തെ മൂഡീസിന്റെ വിലയിരുത്തൽ ആറ് ശതമാനം വളർച്ച നേടുമെന്നായിരുന്നു.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളും മറികടന്ന് ഇന്ത്യൻ സാമ്പത്തിക മേഖല കരുത്തോടെ നീങ്ങുകയാണെന്ന് ഫിച്ചിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.
എല്ലാ മേഖലകളിലും ഉണർവ്
നിക്ഷേപം, ഉപഭോഗം, മാനുഫാക്ചറിംഗ്, സേവനങ്ങൾ, വായ്പാ വിതരണം തുടങ്ങിയ മേഖലകളിലെല്ലാം മികച്ച വളർച്ചയാണ് ഇന്ത്യയിൽ ദൃശ്യമാകുന്നത്. അമേരിക്കയുടെ അധിക തീരുവയും ക്രൂഡോയിൽ വിലയിലെ കുതിപ്പും ആഭ്യന്തര സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചില്ലെന്ന് ഏജൻസികൾ പറയുന്നു. ഫാക്‌ടറികൾ, മെഷിനറികൾ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ ആസ്തിവർദ്ധന വ്യക്തമാക്കുന്ന മൊത്തം സ്ഥിരം മൂലധന രൂപീകരണ സൂചിക 11.9 ശതമാനം ജൂൺ പാദത്തിൽ ഉയർന്നു. മാനുഫാക്ചറിംഗ് രംഗത്ത് 9.2 ശതമാനവും സ്വകാര്യ ഉപഭോഗം 7.1 ശതമാനവും വളർച്ചയാണ് ഇക്കാലയളവിൽ നേടിയത്. ധനകാര്യം, റിയൽ എസ്‌റ്റേറ്റ്, പ്രൊഫഷണൽ സർവീസസ് രംഗത്തെ വളർച്ച 12.1 ശതമാനമാണ്.
വെല്ലുവിളികൾ ഏറെ
എണ്ണവില, നാണയപ്പെരുപ്പം, ദുർബലമായ കാലവർഷം, ആഗോള വ്യാപാര അനിശ്ചിതത്വം എന്നിവ ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്. രണ്ടാം പകുതിയിൽ വളർച്ചയുടെ വേഗം കുറയുമെന്ന് ഫിച്ച് വിലയിരുത്തുന്നു. നാണയപ്പെരുപ്പം ഉയർന്നാൽ റിസർവ് ബാങ്ക് പലിശ കൂട്ടാനിടയുണ്ടെന്ന് അവർ പറയുന്നു.
വളർച്ചാ നിരക്കിൽ തർക്കം
ജൂൺ പാദത്തിലെ ജി.ഡി.പി വളർച്ചാ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇന്ത്യയിലെ ഒരു വിഭാഗം ധനകാര്യ വിദഗ്ദ്ധർ ആരോപിക്കുന്നത്. പുതിയ സീരിസിൽ ജി.ഡി.പി കണക്കാക്കുന്ന രീതിയിലേക്ക് മാറിയതിനു ശേഷം പഴയ കണക്കുകളുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാർഗ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |