പള്ളുരുത്തി: പള്ളുരുത്തി വെളി പെട്രോൾ പമ്പിന് സമീപത്തെ കോഹിനൂർ ജുവല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി 4.900 ഗ്രാമിന്റെ മോതിരം കവർന്ന കലൂർ പാലമറ്റം വീട്ടിൽ ഡിജോ പി. ജോജോയെ (28) പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 4 ഗ്രാമിന്റെ മോതിരം ആവശ്യപ്പെട്ട് കടയിലെത്തിയ പ്രതി, വിവിധ മോതിരങ്ങൾ പരിശോധിക്കുന്നതിനിടെ സ്വർണ മോതിരം കൈക്കലാക്കി പകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു.
നല്ല സെലക്ഷൻ ഇല്ലെന്നും അടുത്ത ദിവസം വരാമെന്നും പറഞ്ഞ് കടന്നു കളയുകയായിരുന്നു. ജുവല്ലറി ജീവനക്കാരുടെ പരിശോധനയിലാണ് മോഷണ വിവരമറിഞ്ഞത്. കടയ്ക്കു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ഇയാൾ രക്ഷപ്പെട്ടത്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർ റെന്റ് എ കാറാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് വാടകയ്ക്കെടുത്ത ഡിജോയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. മോതിരം വിറ്റതായി ഇയാൾ മൊഴി നൽകി. 2025ൽ അങ്കമാലി പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനമായ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |