SignIn
Kerala Kaumudi Online
Sunday, 09 August 2026 3.29 AM IST

തോട്ടുമുക്ക് ആനപ്പെട്ടി റോഡ് പൊട്ടിപ്പൊളിഞ്ഞുതന്നെ

aanappettiroad

വിതുര: 25 ലക്ഷം രൂപ അനുവദിച്ചിട്ടും തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ആനപ്പെട്ടി റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നില്ലെന്ന് പരാതി. റോഡിന്റെ ദുർഘടാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി ഒരുവർഷം മുൻപ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മുൻ ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്. സുനിതയും തൊളിക്കോട് പഞ്ചായത്ത് തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസാറും അടിയന്തരമായി ഇടപെട്ടാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടില്ല.


വർഷങ്ങൾക്ക് മുൻപ് റോഡ് തകർന്നുകിടന്നപ്പോൾ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ. മധു റോഡ് സന്ദർശിച്ച് ഉടൻ ടാറിംഗ് നടത്താൻ ഫണ്ടനുവദിച്ചിരുന്നു. തുടർന്ന് റിംഗും നടത്തി. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ പൈപ്പ് ലൈൻ സ്ഥാപിക്കാനായി വാട്ടർ അതോറിട്ടി റോഡരികുകൾ വെട്ടിപ്പൊളിച്ചു. ഇതോടെ റോഡ് വീണ്ടും ശോച്യാവസ്ഥയിലായി. പിന്നീടാണ് ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിച്ചത്.

തോട്ടുമുക്ക് മുതൽ താന്നിമൂട് വരെ കുഴികൾ

തോട്ടുമുക്ക് മുതൽ താന്നിമൂട് വരെയാണ് ടാറിംഗ് നടത്തേണ്ടത്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ജംഗ്ഷനിൽനിന്നും ആനപ്പെട്ടി മേഖലയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറയായി.

ഈ റോഡിന്റെ മിക്കഭാഗത്തും കുഴികളാണ്. ഗട്ടറുകളിൽ വീണ് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടാറുമുണ്ട്. സ്കൂൾ വാഹനങ്ങളും ഇതുവഴി പോകാറുണ്ട്.

ടാറിംഗ് അനിശ്ചിതത്വത്തിൽ

ഓട നിർമ്മാണ പ്രവർത്തനങ്ങളുൾപ്പെടെ നടത്തിയെങ്കിലും ടാറിംഗ് പൂർത്തീകരിച്ചിട്ടില്ല. തോട്ടുമുക്ക് ആനപ്പെട്ടി റോഡിൽ ഇനി തോട്ടുമുക്ക് മുതൽ താന്നിമൂട് വരെയാണ് ടാറിംഗ് നടത്തേണ്ടത്.

ഇതിന്റെ നിർമ്മാണോദ്ഘാടനം മുൻ ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത ഒരു വർഷം മുൻപ് നിർവഹിച്ചിരുന്നു. പകുതി പണികളാണ് ഇതുവരെ നടന്നത്. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കുമെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്.

പൊൻമുടി റോഡ് വെള്ളത്തിൽ

ആനപ്പെട്ടി തോട്ടുമുക്ക് റോഡിന്റെ ഒരു വശത്ത് മാത്രമെ ഓട നിർമ്മിച്ചിട്ടുള്ളു. മഴയത്ത് വെള്ളം മുഴുവൻ പൊൻമുടി റോഡിലേക്ക് ഒലിച്ചിറങ്ങി റോഡ് തോടാകുന്ന അവസ്ഥയാണ്. കടകളിലേക്കും വെള്ളം കയറും. ചെളിയും മണ്ണും കല്ലുമെല്ലാം ഒഴുകിയിറങ്ങുന്നതിനാൽ അപകടങ്ങളുമുണ്ടാകുന്നുണ്ട്. പൊൻമുടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL