തിരുവനന്തപുരം: ജനറൽ ആശുപത്രി - പാറ്റൂർ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. അശാസ്ത്രീയ രൂപകൽപ്പനയും ഗതാഗത ക്രമീകരണങ്ങളിലെ അപാകതകളും കാരണം അപകടങ്ങൾ വർധിക്കുന്നെന്ന പരാതി റോഡ് സുരക്ഷാ കമ്മിഷണർ പരിശോധിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥലം പരിശോധിക്കണം. റോഡ് ഫണ്ട് ബോർഡ് ജനറൽ മാനേജറും ട്രാഫിക് പൊലീസ് അസി. കമ്മിഷണറും പരിശോധനയിൽ പങ്കെടുക്കണം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷാ കമ്മിഷണർ യോഗം വിളിക്കണം. റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെങ്കിൽ അത് പരിഹരിക്കേണ്ട ഏജൻസികളെ കണ്ടെത്തണം. റോഡ് ഫണ്ട് ബോർഡ് സി.ഇ.ഒയും റിപ്പോർട്ട് നൽകണം.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കാറിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മലയിൻകീഴ് സ്വദേശി പ്രശാന്ത് കുമാറിന്റെ വലതുകാൽ അറ്റു പോയ സംഭവത്തിൽ എഫ് .ഐ .ആർ രജിസ്റ്റർ ചെയ്തോയെന്ന് വഞ്ചിയൂർ എസ്. എച്ച് .ഒ കമ്മിഷനെ അറിയിക്കണം. പ്രശാന്ത് കുമാറിന് നിയമസഹായം ലഭ്യമാക്കണം. പ്രശാന്ത് കുമാറിന്റെ ചികിത്സാ വിവരങ്ങളടക്കം അറിയിക്കണം. പ്രശാന്തിന് ലഭിക്കേണ്ട ഇടക്കാല സഹായവും ലഭ്യമാക്കണം. റോഡ് സേഫ്റ്റി കമ്മിഷണർ, റോഡ് ഫണ്ട് ബോർഡ് സി ഇ ഒ എന്നിവരുടെ പ്രതിനിധികളും വഞ്ചിയൂർ എസ് .എച്ച്. ഒയും സെപ്റ്റംബർ 3ന് രാവിലെ 10ന് കമ്മിഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |