
പത്തനംതിട്ട : ദുരന്ത നിവാരണം കൂടുതൽ ശക്തമാക്കാൻ ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുതിയ പ്രാദേശിക ദുരന്ത പ്രതികരണ പദ്ധതിരേഖയും ആസൂത്രണരേഖയും തയ്യാറാക്കുന്നു. മിന്നൽ പ്രളയങ്ങളും ഉരുൾ പൊട്ടലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമൊക്കെ മലയോര ജില്ലയായ പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളെ തകർത്തെറിയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച റവന്യൂ വകുപ്പിന്റെ നിർദ്ദേശം പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ലഭിച്ചിട്ടുണ്ട്. ദുരന്തങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നതിനും അടിയന്തര പ്രതിരോധ നടപടി സ്വീകരിക്കുന്നതിനും എളുപ്പത്തിൽ കഴിയുന്നത് പ്രദേശിക ഭരണകൂടങ്ങൾക്കായതിനാലാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നത്.
കോഴഞ്ചേരി, കോന്നി, റാന്നി, തിരുവല്ല, മല്ലപ്പള്ളി, അടൂർ താലൂക്കുകളിലെ 70 വില്ലേജുകളിലുമായി വ്യാപിച്ചുകിടക്കുന്ന 53 ഗ്രാമപഞ്ചായത്തുകളും നാല് നഗരസഭകളുമാണ് ജില്ലയിലുള്ളത്. ഇതിൽ കോഴഞ്ചേരി, റാന്നി, കോന്നി , തിരുവല്ല താലൂക്കുകളിലാണ് മുൻകാല പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കൂടുതലായും ഉണ്ടായിട്ടുള്ളത്. മുൻവർഷങ്ങളിൽ ഒന്നിൽ കൂടുതൽ ദുരന്തങ്ങൾ ഉണ്ടായ
പ്രദേശങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റി റെഡ്, ഓറഞ്ച് ബുക്കുകളിൽ ഉൾപ്പെടുത്തി പ്രതിരോധനടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഈ ലിസ്റ്റിൽ ഇല്ലാതിരുന്ന പല സ്ഥലങ്ങളിലും അടുത്തിടെ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും നാശനഷ്ടങ്ങളും ഉണ്ടായി.
മുന്നറിയിപ്പാണ് ലക്ഷ്യം
പ്രാദേശിക ദുരന്തസാദ്ധ്യതാ പ്രദേശങ്ങൾ മുൻകൂട്ടി തിട്ടപ്പെടുത്തി പ്രതിരോധ നടപടി സ്വീകരിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ന്യൂനമർദ്ദങ്ങളെ തുടർന്ന് വരും നാളുകളിലും അതിതീവ്ര മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറയിപ്പ് നൽകുന്നുണ്ട്. ഈ പശ്ചാത്തലം കൂടി മുന്നിൽകണ്ട് യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി രേഖകൾ തയ്യാറാക്കാനാണ് നിർദ്ദേശം.
പ്രതികരണ പദ്ധതി രേഖയിൽ
1. അപകട സാദ്ധ്യതാ പട്ടിക തയ്യാറാക്കൽ.
2. രക്ഷാപ്രവർത്തനം, പ്രഥമശുശ്രൂഷ, ആശയവിനിമയം
എന്നിവയ്ക്കായി സമിതികളെ സജ്ജമാക്കൽ.
3. പൊലീസ്, ഫയർഫോഴ്സ്, ആശുപത്രികൾ, ജില്ലാ ഭരണകൂടം, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവയെ ബന്ധപ്പെടുത്തി ആശയവിനിമയം ഒരുക്കൽ.
4.ആളുകളെ മാറ്റിപ്പാർപ്പിക്കൽ, ക്യാമ്പുകളും രക്ഷപെടാനുള്ള വഴികളും നിശ്ചയിച്ച് സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്തൽ.
5. പദ്ധതി പ്രവർത്തനങ്ങൾ പരിശോധിക്കാൻ മോക് ഡ്രില്ലുകൾ.
ആസൂത്രണ പദ്ധതി രേഖയിൽ
1. അപകട ഭീഷണികൾ മുൻകൂട്ടി കണ്ടെത്തി അപകടസാദ്ധ്യത വിലയിരുത്തുക.
2. ദുരന്ത ആഘാതം കുറയ്ക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ.
3. വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ചുമതലകൾ മുൻകൂട്ടി നിശ്ചയിക്കൽ.
4. അത്യാവശ്യഘട്ടങ്ങളിൽ വിവരങ്ങൾ കൈമാറാനുള്ള സംവിധാനം ഒരുക്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |