കോഴിക്കോട്: മിൽമ മലബാർ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം. ട്രേഡ് സെന്ററിനകത്ത് അഡ്മിനിസ്ട്രേറ്റർ വർക്കി ജോർജ്ജിന്റെ നേതൃത്വത്തിൽ യോഗനടപടികൾ പുരോഗമിക്കുമ്പോഴാണ് സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നതിനെതിരെ പ്രക്ഷോഭം നടന്നത്. ഇത്തരം നടപടിക്കെതിരെ എല്ലാ ക്ഷീര സഹകരണസംഘങ്ങളും പ്രക്ഷോഭം ശക്തമാക്കണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കമുള്ള ഇടതുനേതാക്കളും കർഷക സംഘം നേതാക്കളും ആഹ്വാനം ചെയ്തു. ഭരണസമിതിയെ പുന:സ്ഥാപിക്കും വരെ പ്രക്ഷോഭം നടത്തുമെന്നും പറഞ്ഞു.
ക്ഷീര കർഷക ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സരോവരം പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് ട്രേഡ് സെന്ററിനു മുൻവശത്ത് സമാപിച്ചു. പൊതുയോഗത്തിനെത്തിയ സി.പി.എം അനുകൂലികൾ ഹാളിന് പുറത്തെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാരെ അഭിവാദ്യം ചെയ്തു. തുടർന്ന് നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.പി കുഞ്ഞഹമ്മദ് കുട്ടി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടി ബാബു പറശ്ശേരി, സംസ്ഥാന വെെസ് പ്രസിഡന്റ് കെ.പി അനിൽകുമാർ, പി. വിശ്വൻ, സംസ്ഥാന എക്സിക്യുട്ടീവംഗം കെ.പി ചന്ദ്ര, എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ്, കെ. സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
പിരിച്ചുവിടലിന് പിന്നിൽ ഡീൽ: മെഹബൂബ്
ബി.ജെ.പി- യു.ഡി.എഫ് ഡീലിന്റെ ഭാഗമായാണ് ഭരണസമിതി പിരിച്ചുവിട്ടത്. ഇത് ധിക്കാരമാണ്. കേരളത്തിലെ സഹകരണ സംഘങ്ങളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നയത്തിന് പിന്തുണ നൽകുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. പിരിച്ചുവിട്ടതിനെതിരെ വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കും. കാലങ്ങളായി നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാനാണ് ശ്രമമെന്നും പറഞ്ഞു.
പിരിച്ചുവിട്ടത് കള്ളത്തരം പറഞ്ഞ്: കെ.എസ് മണി
കള്ളത്തരം പറഞ്ഞാണ് പിരിച്ചുവിട്ടതെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മുൻ ചെയർമാൻ കെ.എസ് മണി പറഞ്ഞു. അഴിമതി രഹിതമായ ഭരണം കാഴ്ചവച്ച് കർഷകർക്ക് നിരവധി ആനുകൂല്യം നൽകി. കഴിഞ്ഞ വർഷം പാൽ സംഭരണം 13 ശതമാനം ഉയർത്തി. ഇതൊക്കെയാണോ പിരിച്ചുവിടാനുള്ള കാരണമെന്ന് അദ്ദേഹം ചോദിച്ചു. ഹെെക്കോടതിയിൽ ഇതിനെതിരെ നിയമനടപടി സ്വീകരിച്ചതായും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |