കൽപ്പറ്റ: തെറ്റുതിരുത്തലിന്റെ ഭാഗമായി വയനാട്ടിൽ സി.പി.എം സംഘടിപ്പിക്കുന്ന വിപുലീകൃത ജില്ലാകമ്മിറ്റിയിൽ പ്രതീക്ഷയർപ്പിച്ച് പാർട്ടിയിൽ നിന്ന് പുറത്തായവർ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രവർത്തകരാണ് പാർട്ടിയിൽനിന്ന് പുറത്തായത്. ഇതിൽ കൂടുതൽപേർ കൂട്ടത്തോടെ പുറത്തായത് പൂതാടിയിലാണ്. ഇരുളം ഏരിയാ കമ്മിറ്റി അംഗം എ.വി ജയൻ ഉൾപ്പെടെ നിരവധിപേരാണ് ഇവിടെ പാർട്ടി വിട്ടത്. പാർട്ടി ആശയങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്ന ഇവർ തിരികെ പ്രവേശനം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
പാർട്ടി ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയാണ് പിന്നീട് അച്ചടക്ക നടപടിയിലേക്ക് എത്തിയത്. ചികിത്സാ സഹായ കമ്മിറ്റി തിരിച്ചെടുത്ത പണത്തിന്റെ വിനിയോഗം സംബന്ധിച്ച വിവാദമാണ് എ.വി ജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്ക് കാരണമായത്. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക്‌ശേഷം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിൽ, പാർട്ടി വിട്ടുനിൽക്കുന്നവരെ തിരികെയെത്തിക്കുന്നതിനുള്ള ചർച്ചകൾ വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിലാണ് ഇവരുടെ പ്രതീക്ഷ. ഇതാണ് പൂതാടിയിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കാതിരിക്കാൻ കാരണമെന്നും സൂചനയുണ്ട്.
ഈ മാസം 28, 29 തീയതികളിൽ പുത്തൂർവയലിലെ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് യോഗം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, ടി.എം തോമസ് ഐസക്, പി.രാജീവ്, പി. സതീദേവി, പി.കെ ബിജു, സജി ചെറിയാൻ, വി.എൻ വാസവൻ, പി. ജയരാജൻ,ജോൺ ബ്രിട്ടാസ് എന്നിവർ പങ്കെടുക്കും. വർഗ ബഹുജന സംഘടനകളുടേതുൾപ്പെടെ നിശ്ചയിക്കപ്പെട്ട പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് ജില്ലാസെക്രട്ടറി കെ. റഫീഖ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |