SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

അമ്മത്തൊട്ടിലിൽ 'സഹസ്രിക'-1001

amma
അമ്മത്തൊട്ടിൽ

കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ആയിരത്തിയൊന്നാമത്തെ കുഞ്ഞുമെത്തി. തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരാമത്തെ അതിഥി 'സഹസ്ര' എത്തിയതിന് പിന്നാലെയാണ്, കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഒരു പെൺകുഞ്ഞുമെത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ തുറന്നുകൊടുത്ത ഈ അമ്മത്തൊട്ടിലിലെത്തുന്ന പതിനൊന്നാമത്തെ കുഞ്ഞാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് രണ്ട് മാസവും 4.200 കിലോഗ്രാം ഭാരവുമുള്ള കുരുന്നിനെ കണ്ടത്.

ആയിരാമത്തെ കുഞ്ഞായ 'സഹസ്ര' യുടെ പിൻഗാമിക്ക് 'സഹസ്രിക' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ. അരുൺ ഗോപി അറിയിച്ചു. ഈ വർഷം അമ്മത്തൊട്ടിലുകളിലെത്തുന്ന പതിമൂന്നാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് 'സഹസ്രിക'. കഴിഞ്ഞ ജൂൺ നാലിന് 'ഹരിതാംശ്' എന്ന ആൺകുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു.

അലാറം മുഴങ്ങി, കരുതലോടെ ഏറ്റെടുത്തു

കുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്‌സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ നഴ്‌സിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റൻസീവ് കെയർ യൂണിറ്റിലാക്കി. പ്രാഥമിക പരിശോധനയിൽ കുഞ്ഞ് ആരോഗ്യവതിയാണെന്ന് കണ്ടെത്തി. സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദർശക്, കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ എന്നിവരുമെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. 'സഹസ്രിക' യുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനാൽ അവകാശികളുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL