
ഇരുട്ടടിയായി വീണ്ടും മഴ കിഴക്കൻ വെള്ളം കൂടി ആറാം ദിവസവും വെള്ളത്തിൽ
കോട്ടയം: മഴക്കെടുതിയിൽ വലയുന്ന ജില്ലയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിയില്ല. പേമാരിക്ക് ശമനമാകുമെന്ന പ്രതീക്ഷയ്ക്കിടെ മഴ വീണ്ടും ശക്തമായി. കിഴക്കൻ മേഖലയിൽ കനത്ത മഴ ലഭിച്ചതോടെ മീനച്ചിലാറ്റിലേക്കുള്ള ഒഴുക്ക് വീണ്ടും വർദ്ധിക്കുകയും പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ട് ആറാം ദിവസവും തുടരുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ പെയ്ത ശക്തമായ മഴയാണ് സ്ഥിതി വീണ്ടും ഗുരുതരമാക്കിയത്. 24 മണിക്കൂറിനിടെ തീക്കോയി, പൂഞ്ഞാർ മേഖലകളിൽ ശരാശരി 10 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഇതോടെയാണ് കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ച് മീനച്ചിലാറ്റിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ഭരണങ്ങാനം, പാലാ മേഖലകളിലെ തോടുകൾ പലതും കരകവിഞ്ഞൊഴുകുകയാണ്. പല റോഡുകളും വെള്ളത്തിനടിയിലായി. പന്നഗം തോട് ഇന്നലെ രാവിലെ മുതൽ കരതൊട്ടാണ് ഒഴുകിയത്. പിന്നീട് മഴയ്ക്ക് ശമനമായതോടെ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നു. മണർകാട്, അയർക്കുന്നം മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങിയതായിരുന്നെങ്കിലും ഇന്നലെ രാവിലെ വീണ്ടും ജലനിരപ്പ് ഉയർന്നു.
പടിഞ്ഞാറ് മാറ്റമില്ല
പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ടിന്കാര്യമായ മാറ്റമുണ്ടായില്ല. വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം പഞ്ചായത്തുകളിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള ജനങ്ങൾ ആറാം ദിവസവും ദുരിതത്തിൽ തുടരുകയാണ്. മീനച്ചിലാർ നിറഞ്ഞൊഴുകുന്നതിനാൽ വെള്ളം ഇറങ്ങാൻ വൈകുകയാണ്. കോടിമത, തിരുവാർപ്പ്, കുമരകം മേഖലകളിൽ ഇന്നലെ വൈകിട്ടും ജലനിരപ്പ് അപകടനിരപ്പിന് മുകളിലായിരുന്നു. വൈകുന്നേരത്തോടെ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് വീണ്ടും ശക്തമായതോടെ വെള്ളക്കെട്ട് ഇനിയും നീളുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ഇന്ന് അവധി
കോട്ടയം : ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാം.
ജില്ലയിൽ 139 ക്യാമ്പുകളിൽ 12,803 പേർ
കോട്ടയം: ജില്ലയിലെ വിവിധ താലൂക്കുകളിൽ 139 ദുരിതാശ്വാസക്യാമ്പുകളിലായി 12,803 പേർ. 5,668 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പുകളിലുള്ളത്.ഇതില്‍ 5,244 പുരുഷന്മാരും 5,813 സ്ത്രീകളും 1,746 കുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ. ഇവിടെ 89 ക്യാന്പുകളിലായി 6782 പേരുണ്ട്. ക്യാമ്പുകളുടെ എണ്ണം താലൂക്ക് തിരിച്ച് കോട്ടയം: 89 ക്യാമ്പുകൾ, 2,880 കുടുംബങ്ങൾ, 6,782 അന്തേവാസികൾ വൈക്കം: 19 ക്യാമ്പുകൾ, 1,791 കുടുംബങ്ങൾ, 3,351 അന്തേവാസികൾ ചങ്ങനാശേരി: 24 ക്യാമ്പുകൾ, 879 കുടുംബങ്ങൾ, 2,330 അന്തേവാസികൾ മീനച്ചിൽ: 5 ക്യാമ്പുകൾ, 108 കുടുംബങ്ങൾ, 318 അന്തേവാസികൾ കാഞ്ഞിരപ്പള്ളി: 2 ക്യാമ്പുകൾ, 10 കുടുംബങ്ങൾ , 22 അന്തേവാസികൾ വെള്ളപ്പൊക്കത്തിൽ മത്സ്യക്കൃഷി നശിച്ചു 5 ലക്ഷത്തോളം രൂപയുടെ നഷ്ടം വാലടി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാലടി കളരിക്കൽ ഭാഗത്തെ പങ്കജാക്ഷ കുറുപ്പിന്റെ മത്സ്യക്കൃഷി പൂർണമായും നശിച്ചു. വാലടി ഈരേപുറത്ത് ഒന്നര ഏക്കറോളം വരുന്ന കുളത്തിൽ വളർത്തിയിരുന്ന കാർപ്പ് ഇനത്തിൽപ്പെട്ട കട്ല, രോഹു, തിലാപ്പിയ തുടങ്ങിയ നൂറുകണക്കിന് മത്സ്യങ്ങളാണ് വെള്ളപ്പൊക്കത്തിൽ നഷ്ടമായത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി പങ്കജാക്ഷ കുറുപ്പ് പറഞ്ഞു. വായ്പയെടുത്താണ് മത്സ്യക്കൃഷി നടത്തിയത്. കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് സർക്കാർ അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |