SignIn
Kerala Kaumudi Online
Thursday, 24 September 2026 2.20 AM IST

കരയിളക്കി ഓച്ചിറ കാളകെട്ട് ഉത്സവം

photo-

ക്ലാപ്പന: ജനലക്ഷങ്ങളെ ആവേശത്തിലാക്കി ഓച്ചിറ കാളകെട്ട് മഹോത്സവം. രജിസ്റ്റർ ചെയ്ത 181 നന്ദികേശന്മാരുൾപ്പടെ ഇരുന്നൂറോളം ജോഡി ഋഷഭവീരന്മാരാണ് ഇന്നലെ ഉച്ചമുതൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രം സന്നിധിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയത്.

ഒരുമാസത്തിലധികമായി ഓണാട്ടുകരയുടെ വിവിധ ഭാഗങ്ങളിൽ കെട്ടിയൊരുക്കിയ ചുവപ്പും വെള്ളയും നിറത്തിലുള്ള ഒരു ജോഡി കാളകളാണ് ഉരുളുന്ന തടിയുടെ ചക്രത്തിൽ ഘടിപ്പിച്ച ചട്ടത്തിലുള്ളത്. രാവിലെ ഏഴ് മുതൽ തന്നെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കാളകളെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. അംബരചുംബികളായ കൂറ്റൻ കാളകളെ ക്രെയിനുകൾ ഉപയോഗിച്ച് വലിച്ചാണ് എത്തിച്ചത്. മറ്റുള്ളവയെ വടം കെട്ടിയും.

വനിതകളാണ് കെട്ടിവലിക്കുന്നതിൽ അധികവും മുന്നിൽ നിന്നത്. രാത്രി 7.30 ഓടെ വലുപ്പത്തിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ഋഷഭവീരന്മാർ പടനിലത്തേക്ക് കടന്നു. ഗതാഗത നിയന്ത്രണവും അനിയന്ത്രിതമായ തിരക്കും കാരണം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ് ജനങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള കാലഭൈരവൻ എത്തുമോയെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും സാമ്പ്രദായിക രീതികൾ മാറ്റി രണ്ടുദിവസം കൊണ്ട് അണിയിച്ചൊരുക്കി എത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചതും ജനപങ്കാളിത്തം ഉയരാൻ കാരണമായി.

ഇത്തവണ ആദ്യമായി രാവിലെ ക്ഷേത്രത്തിൽ കാളഊട്ടും നടന്നു. ശബരിമല ക്ഷേത്രം മുൻ മേൽശാന്തി ഈശ്വരൻ നമ്പൂതിരി കാളഊട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാജീവ് കടകംപള്ളി, സെക്രട്ടറി ബി.എസ്.വിനോദ്, ട്രഷറർ സാഗർ മക്കാടം, എക്സി. അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ, പൊതുസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷം നടന്നത്.

മേളക്കൊഴുപ്പിന് എം.എൽ.എയും

കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. മേളക്കൊഴുപ്പിന് സി.ആർ.മഹേഷ് എം.എൽ.എ ചെണ്ടയെടുത്തതോടെ കാഴ്ചക്കാരിൽ കൗതുകവും ആവേശവും നിറച്ചു. കാളകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കാപ്പിൽ മേക്ക് ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം പതിറ്റാണ്ടുകളായി നടത്തിവന്ന കര ഉരിളിച്ച ഇത്തവണയും ആചാരപ്രകാരം നടന്നു. പ്രസിഡന്റ് രാമചന്ദ്രൻ പിള്ള, സെക്രട്ടറി ചന്ദ്രൻ പിള്ള, എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വീടുകളും കയറിയിറങ്ങി പ്രാർത്ഥിച്ച ശേഷം വൈകിട്ടോടെ ക്ഷേത്രത്തിൽ തിരികെയെത്തി എട്ടുകണ്ടത്തിന്റെ നാല് മൂലകളിലും നടക്കും ഉരിളിച്ച നടത്തി. അഞ്ചുദിവസം കൂടി നന്ദികേശന്മാരെ ക്ഷേത്ര മൈതാനത്ത് പ്രദർശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL