
കുന്നത്തൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഭൂമി കൈയേറാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശാസ്‌താംകോട്ടയിലെ വ്യാപാരിയായ മനക്കര കോളാട്ടു വീട്ടിൽ അലക്സാണ്ടറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ജെ.സി.ബിയും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ 7.30 ഓടെ കോടതിക്ക് സമീപമുള്ള ക്ഷേത്രഭൂമി കൈയേറുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് ക്ഷേത്രഭൂമിയുടെ അതിര് തകർത്ത ശേഷം അലക്സാണ്ടറിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് കൂട്ടിച്ചേർക്കുകയായിരുന്നു ലക്ഷ്യം. മണ്ണ് ഇടിക്കുന്നത് അറിഞ്ഞ് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നൂറോളം ഭക്തർ സംഭവസ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചതിനെ തുടർന്നാണ് ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് അലക്സാണ്ടറെ കസ്റ്റഡിയിലെടുത്തു. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്.
ദേവസ്വം ഭൂമി അതിര് തിരിച്ച് തന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.പി.അജിത്ത് കുമാർ, സെക്രട്ടറി കേരള ശശികുമാർ എന്നിവർ പറഞ്ഞു. ദേവസ്വം വസ്തു അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. ദേവസ്വം ഓംബുഡ്സ്മാന്റെ നിർദേശപ്രകാരം ബോർഡിന്റെയും ശാസ്താംകോട്ട താലൂക്ക് ഓഫീസറുടെയും നേതൃത്വത്തിൽ ജോയിന്റ് സർവേ നടത്തുന്നതിന് മുമ്പായിട്ടാണ് അലക്സാണ്ടർ കൈയേറ്റത്തിന് ശ്രമിച്ചതെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |