SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

നാടിനെ വിറപ്പിച്ച പുലി കെണിയിൽ കുടുങ്ങി

​പത്തനാപുരം: പത്തനാപുരം അലിമുക്ക് ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. അലിമുക്ക് പൈമാനത്തൂർ വാലുതുണ്ടിൽ വീട്ടിൽ ശാന്തയുടെ പുരയിടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ പുലർച്ചെ മൂന്ന് വയസുള്ള പുലി കുടുങ്ങിയത്.

​കഴിഞ്ഞ ഒരുമാസമായി ഈ ഭാഗങ്ങളിൽ പുലിയുടെ ആക്രമണം രൂക്ഷമായിരുന്നു.

കഴിഞ്ഞയാഴ്ച ശാന്തയുടെ വീട്ടുപുരയിടത്തിലെത്തിയ പുലി രണ്ട് ആടുകളെ കടിച്ചുകൊന്നിരുന്നു. ഇതിന് ഒരാഴ്ച മുമ്പ് അലിമുക്ക് ഓണാട്ട് വീട്ടിൽ രാധാമണിയുടെ നിരവധി താറാവുകളെയും വളർത്തുനായയെയും പുലി പിടിച്ചിരുന്നു. കൂടാതെ സമീപത്തെ വിവിധയിടങ്ങളിൽ നിന്നായി നിരവധി വളർത്ത് നായ്ക്കളെയും പുലി പിടികൂടിയിരുന്നു.

വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് അമ്പനാർ ഫോറസ്റ്റ് റേഞ്ച്‌ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് കെണി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 30 നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലർച്ചെ പുലി കൂട്ടിൽ അകപ്പെട്ടെങ്കിലും അഞ്ചരയോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.

മൂന്ന് വശവും ജനവാസ മേഖലയും ഒരുവശം അച്ചൻകോവിൽ-പുനലൂർ റോഡും അതിരിടുന്ന പ്രദേശത്ത് ​കഴിഞ്ഞ ജൂണിൽ ആന ശല്യം രൂക്ഷമായതിനെ തുടർന്ന് വനംവകുപ്പ് 'എലിഫന്റ് ഡ്രൈവ്' നടത്തി രണ്ട് ആനകളെ ഉൾവനത്തിലേക്ക് തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുലി ശല്യം വർദ്ധിച്ചത്.

രാത്രിയിൽ ശല്യം രൂക്ഷം

​നിരന്തരം ജനവാസ മേഖലയിലിറങ്ങുന്ന പുലി അലിമുക്ക്, കറവൂർ ഭാഗങ്ങളിലുള്ളവർക്ക് പേടിസ്വപ്നമായിരുന്നു. രാത്രികാലങ്ങളിലാണ് ജനവാസ മേഖലയിൽ പുലി ശല്യം കൂടുതലായി അനുഭവപ്പെട്ടിരുന്നത്. കാൽപ്പാടുകളും വനത്തിനുള്ളിലെ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പുലിയാണെന്ന് ഉറപ്പിച്ചത്. ​ആരോഗ്യവാനായ ആൺപുലിയാണെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. സംഭവം അറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

കെണിയിൽ കുടുങ്ങിയ പുലിയെ സുരക്ഷിതമായി ഗവിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും.

വനംവകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL