SignIn
Kerala Kaumudi Online
Thursday, 24 September 2026 3.25 AM IST

ജില്ലയിൽ നിന്നും കടത്തിയത് കൺട്രോൾ റൂമിന്റെ ആറ് വാഹനങ്ങൾ പൊലീസ് അല്പം ലേറ്റാകും

ph-1

കണ്ണൂർ: അടിയന്തിര സേവനത്തിനെത്തേണ്ട പൊലീസ് കൺട്രോൾ റൂം വാഹനങ്ങൾക്ക് ജില്ലയിൽ ക്ഷാമം .നിലവിൽ കണ്ണൂർ, തലശേരി, പാനൂർ പൊലീസ് കൺട്രോൾ റൂമുകൾക്കായി അനുവദിച്ച ആറ് വാഹനങ്ങൾ സർക്കാർ മാറിയതിന് പിന്നാലെ തിരുവന്തപുരത്തേക്ക് മാറ്റിയിരിക്കുകയാണ്.കഴിഞ്ഞ മാസമാണ് വാഹനങ്ങൾ ജില്ലയിൽ നിന്നും കൊണ്ടു പോയത്. അടിയന്തിര സന്ദേശം ലഭിച്ചാൽ ഉടൻ സ്ഥലത്തെത്താൻ പൊലീസ് പാടുപെടുകയാണിപ്പോൾ.

ഒരേ സമയം ഒന്നിലേറെ അടിയന്തിര സംഭവങ്ങളുണ്ടായാൽ മതിയായ വാഹനങ്ങളില്ലാത്ത സ്ഥിതിയാണിപ്പോൾ അടിയന്തിര സന്ദേശം ലഭിച്ചാൽ പത്ത് മിനുട്ടിനുള്ളിൽ സംഭവ സ്ഥലത്ത് എത്തണമെന്നാണ് ചട്ടം.എന്നാൽ വാഹനങ്ങളുടെ കുറവും സ്റ്റേഷനുകൾ തമ്മിലുള്ള ദൂരവും ഇതിന് വെല്ലുവിളിയാവുകയാണ് .

ഒരു പൊലീസ് സ്റ്റേഷൻ പരിസരത്ത് ഒരു കൺട്രോൾ റൂം വാഹനം എന്ന രീതിയായിരുന്നു നേരത്തെയുണ്ടായിരുന്നത്.എന്നാൽ നിലവിൽ ഈ രീതി മാറിയ സ്ഥിതിയാണ്.കഴിഞ്ഞ വർഷം ഡിസംബറിൽ ജില്ലയിലെ പൊലീസ് സേനയ്ക്ക് 16 വാഹനങ്ങൾ അനുവദിച്ചിരുന്നു .വിവിധ സ്റ്റേഷനുകളിലേക്കായി കൺട്രോൾ റൂമിലേക്ക് പതിനൊന്നും കതിരൂർ, എടക്കാട്, ധർമ്മടം, കണ്ണവം, മട്ടന്നൂർ എന്നീ സ്റ്റേഷനുകളിലേക്ക് ഒന്നു വീതം വാഹനങ്ങളും അനുവദിച്ചിരുന്നു. കാലപഴക്കം ചെന്ന വാഹനങ്ങൾക്ക് പകരമായാണ് അന്ന് പുതിയ വാഹനങ്ങൾ എത്തിച്ചത്.

ഓടുന്നവയിൽ നാലുലക്ഷം കി.മി പിന്നിട്ടവയും

നിലവിൽ ജില്ലയിലെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളിലും കാലപ്പഴക്കം ചെന്ന പൊലീസ് വാഹനങ്ങളാണുള്ളത്.നാലു ലക്ഷം കിലോമീറ്ററോളം ഓടിയ ഇത്തരം വാഹനങ്ങളാണ് ഇപ്പോൾ കൺട്രോൾ റൂം സേവനത്തിനായി ഉപയോഗിക്കുന്നത്. രണ്ട് പൊലീസ് സ്റ്റേഷനുകൾക്ക് ഒരു വാഹനം മാത്രമുള്ള സ്ഥലങ്ങളുമുണ്ട്.വാഹനങ്ങളുടെ കാലപ്പഴക്കത്തിന് പുറമെ അറ്റകുറ്റപ്പണികളുടെ കുറവും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

സമയം പാതിയായി കുറഞ്ഞു
ജില്ലയിൽ കൺട്രോൾ റൂം സംവിധാനത്തിന്റെ പ്രവർത്തന സമയവും ചുരുക്കിയതായി ആക്ഷേപമുണ്ട്. തലശേരി, പാനൂർ കൺട്രോൾ റൂമുകൾ കഴിഞ്ഞാഴ്ച തൊട്ട് രാവിലെ മുതൽ വൈകിട്ടു വരെ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിനു ശേഷം അടിയന്തര സഹായത്തിനായി കണ്ണൂർ കൺട്രോൾ റൂമിനെ ആശ്രയിക്കണം. തലശേരി കൺട്രോൾ റൂമിൽ രാത്രി ഫോൺ വിളിച്ചാൽ പോലും എടുക്കാൻ ആളില്ലെന്നും ആക്ഷേപമുണ്ട്.അടിയന്തിര സന്ദേശം എപ്പോൾ വേണമെങ്കിലുമുണ്ടാകാമെന്നിരിക്കെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സംവിധാനം ഉറപ്പു വരുത്തിയേ മതിയാകൂ.എന്നാൽ മാത്രമേ ഏറ്റവും അടുത്ത പൊലീസ് സംഘത്തിന് സ്ഥലത്തെത്താൻ സാധിക്കുകയുള്ളൂ .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL