SignIn
Kerala Kaumudi Online
Thursday, 24 September 2026 2.19 AM IST

പയ്യന്നൂർ ചേമ്പർ ഭവൻ ജൂബിലി മന്ദിരം 28ന്; ദേശീയപ്രസ്ഥാനത്തിനൊപ്പം ചുവടുറപ്പിച്ച പയ്യന്നൂരിലെ വ്യാപാരിസമൂഹം

quit-india

പയ്യന്നൂർ : മറ്റൊരു നാട്ടിനുമില്ലാത്ത ഒരു വിശേഷമുണ്ട് പയ്യന്നൂരിലെ വ്യാപാരിസമൂഹത്തിന്.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വിധേയപ്പെടാതെ ദേശീയപ്രസ്ഥാനത്തിനൊപ്പം സഞ്ചരിച്ച് സ്വയം സമരത്തിന്റെ ഭാഗമായി ചരിത്രം സൃഷ്ടിച്ച മഹത്തായ പാരമ്പര്യമാണത്.പൊലീസ് സ്റ്റേഷനിലെ കൊടിമരത്തിൽ നിന്ന് ബ്രിട്ടീഷ് പതാക അഴിച്ചെടുത്ത് പകരം ത്രിവർണ്ണ പതാക ഉയർത്തിയ എ.കെ.കുഞ്ഞിരാമ പൊതുവാൾ , ടി.സി.വി.കുഞ്ഞിക്കണ്ണ പൊതുവാൾ, സി.വി.കുഞ്ഞമ്പു സറാപ്പ് എന്നിവർ പയ്യന്നൂരിലെ വ്യാപാരിസമൂഹത്തിന്റെ ഭാഗമായിരുന്നുവെന്ന് അറിയുമ്പോൾ ഈ പാരമ്പര്യത്തിന്റെ ആഴമറിയാം.

വിദേശ വസ്ത്ര ബഹിഷ്‌കരണ ആഹ്വാനം ഉൾക്കൊണ്ട് തന്റെ കടയിലെ വിദേശ വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ച ഗോപാല കൃഷ്ണ പ്രഭു , പയ്യന്നൂരിന്റെ വിപ്ളവകരുത്തായ എൻ.സുബ്രഹ്മണ്യ ഷേണായി, മാധവഷേണായി, വി.പി. കുഞ്ഞിരാമ പൊതുവാൾ, കെ.വി.രാമൻ, വി.അനന്തൻ തുടങ്ങി ദേശീയപ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ വ്യാപാരികളുടെ നിര നീണ്ടതാണ്. ക്വിറ്റിന്ത്യ സുവർണ്ണജൂബിലി കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ച് പയ്യന്നൂരിൽ ക്വിറ്റ് ഇന്ത്യ സ്മാരക സ്തൂപം സ്ഥാപിച്ചതും വ്യാപാരിസമൂഹത്തിന്റെ കൂട്ടായ്മയായ പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സാണ്.കേരള ഗവർണറായിരുന്ന ബി.രാച്ചയ്യ ആണ് സ്തൂപം നാടിന് സമർപ്പിച്ചത്. വ്യാപാരികളുടെ സംഘടനയെ ഏറെക്കാലം നയിച്ച എൻ.ഗംഗാധര ഷേണായി, കെ.ജി.മല്ലർ, സി.ജനാർദ്ദനൻ, വി.ദാവൂദ്ഹാജി, സി.വി.അബ്ദുൽസലാം ഹാജി തുടങ്ങിയവരും പയ്യന്നൂരിന്റെ വികസനത്തിൽ ആഴത്തിൽ ഇടപെട്ടവരാണ്.പയ്യന്നൂർ കോളേജ് സ്ഥാപിക്കുന്നതിന് പിന്നിൽ അഡ്വ. കെ.എസ്.ഉമാ മഹേശ്വര അയ്യർ, ഡോ.എ.വി.കരുണാകരൻ, എൻ.സുബ്രഹ്മണ്യ ഷേണായി, കെ.യു.കുഞ്ഞികൃഷ്ണ പൊതുവാൾ എന്നിവർക്കൊപ്പം ദീർഘകാലം ചേമ്പർ പ്രസിഡന്റായിരുന്ന കെ.ജി.മല്ലറുമുണ്ടായിരുന്നു. കോളേജ് അപ്‌ഗ്രേഡ് ചെയ്യാനും എം.എസ്.സി.കെമിസ്ട്രി ബാച്ച് ആരംഭിക്കാനും സർവ്വകലാശാലയിൽ തുക നൽകിയതും ചേമ്പർ ആയിരുന്നു.

പ്രതിസന്ധികാലങ്ങളിൽ താങ്ങായി...

കൊവിഡ് , നിപ , മഹാപ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്ലൊം ഭരണകൂടത്തിന് വലിയ പിന്തുണയാണ് ചേമ്പർ നൽകിയത്. നഗരസഭ 2015- 2010 കാലഘട്ടത്തിലെ വിശപ്പ് രഹിത പയ്യന്നൂർ പദ്ധതി ഏറ്റെടുത്തതും വ്യാപാരികളായിരുന്നു.പയ്യന്നൂർ താലൂക്ക് രൂപീകരണം, റെയിൽവേ സ്റ്റേഷൻ നവീകരണം , റോഡ് വികസനം തുടങ്ങിയവയിലും ചേമ്പറിന്റെ ഇടപെടലുണ്ടായി. ഇവയ്ക്കൊപ്പം ഇൻഷൂറൻസ് സുരക്ഷാ പദ്ധതി, ട്രേഡേഴ്സ് വെൽഫെയർ ഫൗണ്ടേഷൻ കുടുംബ സഹായ ഫണ്ട് , ആശ്രയ പദ്ധതി തുടങ്ങിയ ക്ഷേമപദ്ധതികളിലൂടെ അംഗങ്ങൾക്കും വലിയ തുണയാണ് ഈ കൂട്ടായ്മ ഏർപ്പെടുത്തിയിട്ടുള്ളത്. ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ചെയർമാനും പയ്യന്നൂർ ചേമ്പർ പ്രസിഡന്റ് കെ.യു.വിജയകുമാർ ജനറൽ കൺവീനറുമായുള്ള ആശ്രയ പദ്ധതിയിൽ ജില്ലയിൽ ഇതുവരെ മരണാനന്തര സഹായമായി രണ്ട് കോടിയോളം രൂപയും ചികിത്സാസഹായമായി 15 ലക്ഷത്തോളം രൂപയും വിതരണം ചെയ്തിട്ടുണ്ട്. ശക്തമായ യൂത്ത് വിംഗും വനിതാവിംഗും ചേമ്പറിനുണ്ട്.

സുവർണജൂബിലിയിലേക്ക് കടക്കുന്ന ചേമ്പർ ഒഫ് കൊമേഴ്സിന് പയ്യന്നൂരിന്റെ മഹത്തായ പാരമ്പര്യം കെട്ടുപോകാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട്. പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് അണുകിട വ്യതിചലിക്കാതെ മുന്നോട്ട് പോകുവാൻ കഴിഞ്ഞുവെന്നത് സംത്യപ്തി നൽകുന്നു. പയ്യന്നൂരിലെ പൗരാവലിയുടെ അംഗീകാരം തന്നെയാണ് തങ്ങളുടെ ബലം- കെ.യു.വിജയകുമാർ (പയ്യന്നൂർ ചേമ്പർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL