SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

പൊലീസ് സ്റ്റേഷനിലെ യൂണിയൻ ജാക്ക് അഴിച്ചുമാറ്റിയ പയ്യന്നൂരിലെ ദേശാഭിമാനികളെ ഭരണകൂടങ്ങൾ മറന്നു

kunhirama-pothuval

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം

പയ്യന്നൂർ : ഇന്ന് ക്വിറ്റ് ദിനം. ദേശാഭിമാനം കൊണ്ട് ജ്വലിച്ച ധീരദേശാഭിമാനികൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാനായി ആവിഷ്കരിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിർണായകദിനം. കേരളത്തിൽ ദേശീയപ്രസ്ഥാനം സമുജ്വലമായി സംഘടിച്ച പയ്യന്നൂരിന് ക്വിറ്റ് ഇന്ത്യദിനത്തിൽ മറക്കാനാകാത്ത മൂന്നുപേരുകളുണ്ട്. ക്വിറ്റ് ഇന്ത്യ പ്രമേയ ആഹ്വാനം ഉൾക്കൊണ്ട് പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിലെ കൊടിമരത്തിൽ നിന്ന് യൂണിയൻ ജാക്ക് വലിച്ചിറക്കിയ ടി.സി.വി.കുഞ്ഞിക്കണ്ണ പൊതുവാൾ, സി.വി.കുഞ്ഞമ്പു സറാപ്പ്, എ.കെ.കുഞ്ഞിരാമ പൊതുവാൾ എന്നിവർ. സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം ഇത്രയും വർഷം കഴിഞ്ഞിട്ടും ഇവർക്ക് അർഹമായ ആദരം നൽകാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞില്ല.

മൂന്ന് പേരും ഇന്ന് ജീവിച്ചിരിപ്പില്ല. മരണാനന്തര ബഹുമതിയായെങ്കിലും ഇവരെ സർക്കാർ ആദരിക്കണമെന്ന് പല കോണുകളിൽ നിന്നും അഭിപ്രായമുയരുന്നുണ്ട് .

1910ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ കെട്ടിടത്തിൽ നിന്ന് പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് വർഷങ്ങൾ മുമ്പ് മാറി.116 വർഷം പഴക്കമുള്ള ചരിത്രമുറങ്ങുന്ന പഴയ പോലീസ് സ്റ്റേഷൻ കെട്ടിടമാകട്ടെ പൊതു ജനങ്ങൾക്ക് വീക്ഷിക്കുന്നതിനായി പുരാവസ്തു വകുപ്പ് ഗാന്ധി സ്മൃതി മ്യൂസിയമായി സംരക്ഷിച്ചുവരികയാണ്. ബ്രിട്ടീഷ് പതാക അഴിച്ച് മാറ്റിയ കൊടിമരം നിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ ക്വിറ്റിന്ത്യാ സ്തൂപമുള്ളത്.

പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ബ്രിട്ടീഷ് പതാക അഴിച്ച് മാറ്റി ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തിയത് മലബാറിലെ ക്വിറ്റ് ഇന്ത്യ സമരത്തിന്വലിയ ആവേശമാണ് പകർന്നു നൽകിയത്. എന്നാൽ ഈ ധീര പോരാളികൾക്ക് മരണാനന്ത ബഹുമതിയായി പോലും അർഹമായ അംഗീകാരം നൽകിയില്ലെന്ന ആക്ഷേപം ഇന്നും നില നിൽക്കുകയാണ്.

മരണത്തെ ഭയക്കാത്ത പോരാളികൾ
84 വർഷങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം. 1942 ഒക്ടോബർ 2ന് അർദ്ധരാത്രിയിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുൻപിലെ കൊടിമരത്തിന് മുന്നിലേക്ക് മൂവരും എത്തുന്നു. നിറതോക്കുമായി ബ്രിട്ടീഷ് പൊലീസുകാർ റോന്ത് ചുറ്റുന്നുണ്ട്. പതിവുപോലെ കനത്ത കാവലിലായിരുന്നു പൊലീസ് സ്റ്റേഷൻ. ഒരു കരിയില അനങ്ങിയ ഒച്ച പോലും പിടിക്കപ്പെടാനും വെടിയേറ്റ് കൊല്ലപ്പെടാനും ഇടയാക്കുമെന്ന ബോധത്തിലും അവരെ ഭയം തെല്ലും തീണ്ടിയില്ല. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യമാണ് തങ്ങളുടെ ജീവനേക്കാൾ വലുതെന്നായിരുന്നു അവരുടെ ഉള്ളിൽ.ആടിയുലയുന്ന കൊടി മരം ശക്തിയോടെ പിടിച്ച് നിന്നത് സി.വി. കുഞ്ഞമ്പു സറാപ്പ്.അദ്ദേഹത്തിന്റെ ചുമലിൽ കയറി ടി.സി.വി.കുഞ്ഞിക്കണ്ണ പൊതുവാളാണ് പതാക അഴിച്ച് മാറ്റിയത്. പൊലീസുകാരെ നിരീക്ഷിച്ച് ഗേറ്റിന് കാവലായി എ.കെ.കുഞ്ഞിരാമ പൊതുവാളും.

യൂണിയൻ ജാക്ക് താഴ്ത്തി ത്രിവർണ്ണ പതാക പാറിച്ച് ഞെട്ടിച്ച ഈ ധീരന്മാർക്ക് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പിന്നീട് ക്രൂരമായ മർദ്ദനവും ജയിൽവാസവും അനുഭവിക്കേണ്ടിയും വന്നിരുന്നു. അഭിമാനികളും ആദർശവാദികളുമായിരുന്ന മൂന്ന് പേരും മരിക്കുന്നത് വരെ സ്വാതന്ത്ര്യ സമര പെൻഷൻ പോലും വാങ്ങിയിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL