SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

പണയസ്വർണം വിൽക്കാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്നും 4 ലക്ഷം കവർന്നു

gold

കേളകം: ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്ത് ജ്വല്ലറിക്ക് വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ കവർന്ന് മുക്കുപണ്ടം നൽകി മുങ്ങിയ സംഭവത്തിൽ കേളകം പൊലീസ് കേസെടുത്തു. കേളകം ടൗണിലെ വെളിയത്ത് ജ്വല്ലറി ഉടമ വിജയകുമാറിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് തട്ടിപ്പുകാരൻ ജ്വല്ലറിയിൽ എത്തിയത്. കണിച്ചാർ സ്വദേശിയായ അനൂപ് എന്ന് പരിചയപ്പെടുത്തിയ ഈയാൾ കെ.എസ്.ഇ.ബി ജീവനക്കാരനാണെന്നായിരുന്നു വിശ്വസിപ്പിച്ചത്. ഭാര്യക്ക് ഇസ്രായേലിലേക്ക് പോകാൻ പണമാവശ്യമുണ്ടെന്നും കേളകം ഗ്രാമീൺ ബാങ്കിൽ 3.5 ലക്ഷം രൂപയ്ക്ക് പണയം വച്ച 5 പവന്റെ മാല തിരിച്ചെടുക്കാൻ സഹായിച്ചാൽ ഇവിടെ തന്നെ വിൽക്കാമെന്നും ഈയാൾ വിജയകുമാറിനെ വിശ്വസിപ്പിക്കുകയായിരുന്നു.

ഇതനുസരിച്ച് വെള്ളിയാഴ്ച രാവിലെ വിജയകുമാർ 4 ലക്ഷം രൂപയുമായി ബാങ്കിലെത്തി. ഗ്രാമീൺ ബാങ്കിന് പുറത്ത് വെച്ച് പണം കൈപ്പറ്റിയ പ്രതി ബാങ്കിനുള്ളിലേക്ക് കയറി. തുടർന്ന് ബാങ്കിൽ നിന്ന് തിരിച്ചെടുത്തതാണെന്ന് പറഞ്ഞ് ഒരു മാല നൽകി. ഭാര്യയോടൊപ്പം ജ്വല്ലറിയിൽ എത്താമെന്ന് പറഞ്ഞ് ഈയാൾ അവിടെ നിന്നും മുങ്ങി. പിന്നീട് കടയിലെത്തി പരിശോധിച്ചപ്പോഴാണ് ആറു പവനോളം തൂക്കമുള്ള മാല മുക്കുപണ്ടമാണെന്ന് വ്യക്തമായത്.

ബാങ്കിൽ കയറിയത് ചില്ലറ മാറാൻ

സംശയം തോന്നിയ വിജയകുമാർ ബാങ്ക് മാനേജരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇയാൾ ബാങ്കിൽ പണമിടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും പണത്തിന് ചില്ലറ മാറാൻ മാത്രമാണ് അകത്ത് കയറിയതെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സ്ഥിരീകരിച്ചു. കേളകം ടൗണിലെ സി.സി ടി.വി ദൃശ്യങ്ങളിൽ ഇയാളുടെ സഞ്ചാരം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബാങ്കിന് മുന്നിൽ നിന്നും പണം തട്ടിയ ശേഷം ഇയാൾ ഓട്ടോറിക്ഷയിൽ കയറി പേരാവൂരിലേക്ക് പോയതായി വിവരം ലഭിച്ചിട്ടുണ്ട്.വെളുത്ത ഷർട്ടും ചന്ദന കളർ പാന്റും തൊപ്പിയും ധരിച്ചെത്തിയ പ്രതിക്കായി കേളകം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL