
കൊച്ചി: മത്സ്യബന്ധനം മുതൽ സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ വരെയുള്ള മേഖലകളിൽ നൂതന ആശയങ്ങളുള്ളവർക്ക് മികച്ച അവസരമൊരുക്കി കുഫോസിലെ അടൽ ഇൻക്യുബേഷൻ സെന്റർ (എ.ഐ.സി). വിപണിയിൽ സാദ്ധ്യതകളുള്ള ആശയമാണെങ്കിൽ വഴികാട്ടാൻ വിദഗ്ദ്ധരുടെ വലിയൊരു സംഘമുണ്ടാകും.
നീതി ആയോഗിന്റെ അടൽ ഇന്നവേഷൻ മിഷന് കീഴിലുള്ള ഈ കേന്ദ്രം, മത്സ്യ അനുബന്ധ മേഖലകൾക്കായി രാജ്യത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ സെക്ടർസ്‌പെസിഫിക് ഇൻക്യുബേഷൻ സെന്ററാണ്. മത്സ്യസംരക്ഷണം, എൻജിനിയറിംഗ്, മത്സ്യസംസ്‌കരണം, മൂല്യവർദ്ധിത ഉത്പന്ന വികസനം, അക്വാകൾച്ചർ, ജലജീവി ആരോഗ്യ പരിപാലനം, പരിസ്ഥിതി മാനേജ്‌മെന്റ്, മറൈൻ ബയോടെക്‌നോളജി, മത്സ്യമാലിന്യങ്ങളുടെ മൂല്യവർദ്ധിത വിനിയോഗം, നിർമ്മിത ബുദ്ധി (എ.ഐ) തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനാകും. നീലസമ്പദ് മേഖലയുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ തുടങ്ങാനോ നിലവിലുള്ളവ വികസിപ്പിക്കാനോ എ.ഐ.സിയെ സമീപിക്കാം.
അടുത്തിടെ അടൽ ഇന്നവേഷൻ മിഷന്റെ 'ഗ്രാസ്‌റൂട്ട് ഇന്നവേറ്റർ റെക്കഗ്‌നിഷൻ 2026" പുരസ്‌കാരത്തിന് എ.ഐ.സി കുഫോസിന് കീഴിലെ സ്റ്റാർട്ടപ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൂടെയുണ്ട്, ഓരോ ഘട്ടത്തിലും
അത്യാധുനിക ലാബുകൾ, സാങ്കേതിക പരിശോധന, ഉത്പന്ന വികസനം, ഫിഷ് കീമ ഉത്പാദന യൂണിറ്റ്, ബേക്കറിഫുഡ് പ്രോസസിംഗ് പൈലറ്റ് ലൈൻ, അക്വാകൾച്ചർ പരീക്ഷണ കുളങ്ങൾ, സ്മാർട്ട് ക്ലാസ്‌റൂം, മീറ്റിംഗ് മെന്ററിംഗ് സൗകര്യങ്ങൾ, ലാബുകളുടെ ഉപയോഗം, വ്യവസായനിക്ഷേപക ബന്ധങ്ങൾ, വിപണനം, സർക്കാർ ഗ്രാന്റുകളും സീഡ് ഫണ്ടിംഗും ലഭ്യമാക്കാൻ മാർഗനിർദ്ദേശം എന്നിങ്ങനെ സംരംഭകർക്ക് എല്ലാ ഘട്ടത്തിലും സഹായം. സ്റ്റാർട്ടപ്പ് മിഷൻ പോലുള്ള സ്ഥാപനങ്ങളുടെ സഹായവും ലഭ്യമാക്കും.
മീൻ രുചികളുടെയും
സംരംഭകരാകാം
കറികളിലും ഫ്രൈകളിലും മാത്രം ഒതുങ്ങുന്ന മലയാളികൾ വൈകാതെ ഫിഷ് കീമയുടെയും മറ്റും ആരാധകരായേക്കാം. പൊടിയായും ക്രീമായും കീമയായും ബേക്കറി പലഹാരങ്ങളായും മത്സ്യവും ഞണ്ടുകളും എത്തുന്ന കാലം വിദൂരമല്ല. ഫിഷ് കേക്ക്, സോസേജ്, ഫിഷ് ബാൾ എന്നിങ്ങനെ ഒട്ടേറെ വിഭവങ്ങളും തീൻമേശയിൽ നിറയാൻ സാദ്ധ്യതയുണ്ട്. അത്തരം പുതുമയുള്ള സ്റ്റാർട്ടപ്പുകളുടെ സംരംഭകരാകാനും അവസരമുണ്ട്. 2023ൽ അനുമതി കിട്ടിയെങ്കിലും കഴിഞ്ഞവർഷമാണ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
മത്സ്യത്തൊഴിലാളികൾ, അക്വാകൾച്ചർ കർഷകർ, യുവജനങ്ങൾ, വനിതാ സംരംഭകർ എന്നിവർക്ക് പുതിയ സാദ്ധ്യതകളിലേക്ക് വഴിയൊരുക്കും
ഡോ. എ. ബിജുകുമാർ,
വൈസ് ചാൻസലർ,
കുഫോസ്
ആഗോളതലത്തിൽ മത്സരക്ഷമമായ സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം
പ്രൊഫ. എസ്.ആർ. രാധിക രാജശ്രീ,
ഡയറക്ടർ, എ.ഐ.സി കുഫോസ്
കൊച്ചി ഫൗണ്ടേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |