
തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിനു പെറ്റി അടിച്ച എം.വി.ഐമാരുടെ സസ്‌പെൻഷൻ മോട്ടോർ വാഹനവകുപ്പ് പിൻവലിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ സംഘടനകൾ സംസ്ഥാനവ്യാപക പ്രതിഷേധം തുടങ്ങിയതോടെ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കുകയായിരുന്നു. അടൂർ എം.വി.ഡി സ്‌ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു, ഷമീർ എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. കഴക്കൂട്ടം, മാവേലിക്കര ആർ.ടി ഓഫീസുകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. വകുപ്പുതല അന്വേഷണം തുടരും. ട്രാൻസ്പോർട്ട് കമ്മിഷണറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
പ്രതിഷേധ ബാഡ്ജ് അണിഞ്ഞ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർ പെറ്റി പിരിക്കില്ലെന്ന നിലപാടിലായിരുന്നു. എ.ഐ ക്യാമറകളിലെ ചെലാനുകളും അയച്ചില്ല.
അനധികൃത ലൈറ്റുകൾ സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു വാഹനത്തിന് പിഴയിട്ടത്. എന്നാൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് പോയതാണെന്നും അങ്ങനെ വാഹനത്തിന് കേടുപാട് പറ്റിയെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പിഴ ചുമത്തിയെന്നും വാഹന ഉടമ പരാതി നൽകി. ഗതാഗത നിയമലംഘനമുള്ള എല്ലാ വാഹനങ്ങൾക്കും പിഴ ഈടാക്കാൻ ആവശ്യപ്പെട്ട് ആഗസ്റ്റ് നാലിന് സർക്കുലർ ലഭിച്ചിരുന്നുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |