SignIn
Kerala Kaumudi Online
Tuesday, 11 August 2026 5.18 AM IST

ശാന്തിയില്ലാതെ മലങ്കരസഭ : എന്നു തീരും ഈ തർക്കം

READ ENGLISH VERSION
church

കൊച്ചി: ഭരണ, രാഷ്ട്രീയ, സാമുദായിക തലത്തിലെ അനുരഞ്‌ജന ശ്രമങ്ങളും​ കോടതി നടപടികളും തുടരുന്നതിനിടെയാണ് ഒരു നൂറ്റാണ്ടോളമായി നീളുന്ന മലങ്കരസഭാതർക്കം ഇപ്പോൾ കൈയാങ്കളി വരെയെത്തി നിൽക്കുന്നത്. പിറവത്ത് പള്ളി അൾത്താരയിലെ ഏറ്റുമുട്ടലും പെരുമ്പാവൂരിൽ മൃതദേഹസംസ്‌കാരം തടഞ്ഞതുമാണ് ഓർത്തഡോക്‌സ് - യാക്കോബായ തർക്കം വീണ്ടും മൂർച്‌ഛിക്കാൻ കാരണമായത്.

മലങ്കര സുറിയാനിസഭയിലെ വിശ്വാസത്തർക്കമാണ് ഓർത്തഡോക്‌സ്, യാക്കോബായ സഭകളായി ഭിന്നിച്ചത്. അന്തോഖ്യയിലെ പാത്രിയാർക്കീസ് ബാവയായിരുന്നു മലങ്കരസഭയുടെ ആത്മീയതലവൻ. ഇന്ത്യൻ സഭയ്‌ക്ക് വൈദേശിക തലവൻ ആവശ്യമില്ലെന്ന് ഒരുവിഭാഗം വാദിച്ചു. അന്തോഖ്യാബന്ധത്തിൽ ഉറച്ച് മറുവിഭാഗവും നിന്നതോടെ തർക്കം രൂക്ഷമാക്കി.
തുടർന്ന് അന്തോഖ്യ അനുകൂലികൾ എറണാകുളം പുത്തൻകുരിശ് ആസ്ഥാനമായി യാക്കോബായ സഭയും ഇന്ത്യൻ പാത്രിയാർക്കീസ് അനുകൂലികൾ കോട്ടയം ദേവലോകം ആസ്ഥാനമായി ഓർത്തഡോക്‌സ് സഭയും രൂപീകരിച്ചു. ഇതോടെയാണ് ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും സ്വത്തുക്കൾക്കും വേണ്ടി സംഘർഷവും വ്യവഹാരങ്ങളും ആരംഭിച്ചത്.

മുഖ്യമന്ത്രിമാർ മുതൽ പ്രധാനമന്ത്രി വരെ മദ്ധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും തർക്കത്തിന് പരിഹാരമുണ്ടായില്ല. നൂറുകണക്കിന് ഹർജികൾക്കൊടുവിൽ 2017ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും നടപ്പാക്കാനായിട്ടില്ല. ഓർത്തഡോക്‌സ് വിഭാഗത്തിനു അനുകൂലമായ വിധിയെ യാക്കോബായ വിഭാഗം ചെറുക്കുകയാണ്.



കൈയാങ്കളി വരെ
പിറവം പിറമാടം സെന്റ് ജോൺസ് ബേത്‌ലഹേം പള്ളിയിൽ യാക്കോബായ ആരാധന നടത്തുന്നതിനിടെ ഓർത്തഡോക്‌സ് വൈദികൻ എത്തിയതാണ് ഒടുവിലത്തെ തർക്കത്തിനും കൈയാങ്കളിക്കും കാരണമായത്.
പെരുമ്പാവൂർ ഓടക്കാലി സെന്റ് മേരീസ് പള്ളിയിലാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് തർക്കമുയർന്നത്. ജൂലായ് 10ന് മരിച്ച എം.ടി.ജേക്കബിന്റെ സംസ്‌കാരം യാക്കോബായവിഭാഗം അനുവദിച്ചില്ല. തുടർന്ന് മക്കൾ നൽകിയ ഹർജിയിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആഗസ്റ്റ് ഏഴിന് പൊലീസ് സംരക്ഷണത്തിലാണ് സംസ്‌കാരം നടത്തിയത്.

നിയമപരമായ മാർഗത്തിലൂടെ നീതി നടപ്പാക്കപ്പെടണം.
‍ഡോ. യൂഹാനോൻ ദീയസ്കോറോസ്,​
മെത്രാപ്പൊലീത്ത, ഓർത്തഡോക്‌സ് സഭ

 വിശ്വാസികൾക്ക് സമാധാനത്തോടെ ആരാധന നടത്താൻ സാഹചര്യമൊരുക്കണം.
ഡോ. കുര്യാക്കോസ് തെയോഫിലോസ്,​
മെത്രാപ്പൊലീത്ത, യാക്കോബായസഭ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALANKARA CHURCH DISPUTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA