തിരുവനന്തപുരം: ബുക്കുചെയ്ത സിലിണ്ടറുകൾ രണ്ടുദിവസത്തിനുള്ളിൽ വിതരണക്കാർ ഉപഭോക്താക്കൾക്ക് നൽകിയില്ലെങ്കിൽ എണ്ണക്കമ്പനികൾ ആ ബുക്കിംഗ് റദ്ദാക്കുന്ന രീതി ഏർപ്പെടുത്തിയതോടെ ഓണക്കാലത്ത് പലയിടങ്ങളിലും അടുപ്പ് പുകയാത്ത അവസ്ഥയിലായേക്കുമെന്ന് ആശങ്ക. തന്റേതല്ലാത്ത കാരണങ്ങളാൽ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്ന എണ്ണക്കമ്പനികളുടെ പുതിയ രീതിയെക്കുറിച്ച് ഒരു പ്രമുഖ മാദ്ധ്യമമാണ് റിപ്പോർട്ടുചെയ്തത്. ഇറാൻ- അമേരിക്ക യുദ്ധം കാരണം ഇപ്പാേൾത്തന്നെ ഗ്യാസ് ബുക്കിംഗിന് നിയന്ത്രങ്ങളുണ്ട്. അതിനിടെയാണ് പുതിയ നീക്കം. ഇത്തരത്തിൽ പ്രതിദിനം 3000 ബുക്കിംഗുകൾ വരെ റദ്ദാക്കപ്പെടുന്നുണ്ടത്രേ. ദിവസങ്ങളോളം കാത്തിരുന്നാൽ മാത്രമേ വീണ്ടും ബുക്കുചെയ്യാനാകൂ.
ബിപിസിഎല്ലിന് കീഴിലുള്ള ഏജൻസികൾക്കാണ് കൂടുതൽ പ്രശ്നം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബുക്കിംഗ് റദ്ദാക്കപ്പെട്ടത് അറിയാതെ ഉപഭോക്താക്കളും ഏജൻസികളും തമ്മിലുള്ള തർക്കങ്ങളും പതിവാകുകയും ചെയ്യുന്നുണ്ട്. ബുക്കുചെയ്ത എല്ലാവർക്കും സിലിണ്ടറുകൾ രണ്ടുദിവസത്തിനുള്ളിൽ വിതരണംചെയ്യുക അസാദ്ധ്യമാണെന്നാണ് വിതരണക്കാർ പറയുന്നത്. ഇങ്ങനെ വൈകുമ്പോഴാണ് ഒരു മുന്നറിയിപ്പും കൂടാതെ ബുക്കിംഗ് റദ്ദാക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് പറയുന്നതെങ്കിലും രേഖാമൂലമുളള അത്തരം നിർദ്ദേശങ്ങളൊന്നും നിലവിലില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കമ്പനി അധികൃതരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സിലിണ്ടർ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഇപ്പോഴും തുടരുകയാണ്. ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും നഗരത്തിൽ 25 ദിവസവും കഴിഞ്ഞശേഷമേ ബുക്കുചെയ്യാൻ കഴിയൂ. യുദ്ധത്തിന്റെ പിരിമുറുക്കം അയയാത്തതിനാൽ ഈ നിയന്ത്രണം എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Oil companies' new rule to cancel LPG cylinder bookings if not delivered within two days has sparked fears of cooking gas shortages during Onam. Up to 3000 bookings are reportedly cancelled daily, causing disputes. Distributors find two-day delivery impossible amidst existing booking restrictions due to the Iran-US conflict.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |