SignIn
Kerala Kaumudi Online
Saturday, 08 August 2026 4.22 AM IST

സമ്പൂർണ ആക്ഷൻ ത്രില്ലർ,​ വിസ്മയക്ക് ഗംഭീര തുടക്കം

vismya
വിസ്മയ തുടക്കം സിനിമയിൽ

തുടക്കം സിനിമയിൽ മോഹൻലാൽ പറയുന്ന ഒരു വാചകമുണ്ട്. ഫിനിഷിംഗ് പോയിന്റാണ് ഒരാളുടെ വിജയവും പരാജയവും തീരുമാനിക്കുന്നത്,​ നല്ല ഒരു തുടക്കമാണ് മുന്നോട്ടു പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും. ഈ വാക്കുകൾ കടമെടുത്താൽ വിസ്മയ മോഹൻലാലിന്റെ ആദ്യചിത്രം തുടക്കത്തിന് ഗംഭീര തുടക്കമാണ് കിട്ടിയിരിക്കുന്നത്. സമ്പൂർണ ആക്ഷൻ ത്രില്ലറാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത തുടക്കം.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെയും പീഡനങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിക്രമങ്ങൾക്കെതിരെ ഒറ്റയ്ക്ക് പൊരുതുന്ന സ്ത്രീകളെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന സമൂഹത്തെയും തുടക്കം വരച്ചുകാട്ടുന്നു. അവയെയൊക്കെ അക്ഷരാർത്ഥത്തിൽ തച്ചുതകർത്ത് സ്വയം ഉയിർത്തെഴുന്നേൽക്കുന്ന മീനു എന്ന പെൺകുട്ടിയെയാണ് വിസ്മയ അവതരിപ്പിക്കുന്നത്. ലിനീഷ് നെല്ലിക്കൽ,​ അഖിൽ കൃഷ്ണ എന്നിവർക്കൊപ്പം ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

vismaya-

26 കാരിയായ മീനുവും അച്ഛൻ വില്ലേജ് ഓഫീസർ രവിയും ഇടുക്കിയിലേക്ക് താമസം മാറി എത്തുന്നു. ഇവർക്കൊപ്പം മെസി എന്ന നായക്കുട്ടിയുമുണ്ട്. ഇവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന വില്ലൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. വിസ്മയക്കൊപ്പം ചിത്രത്തിലെ കൊടുംവില്ലനായെത്തുന്ന ആശിഷ് ആന്റണി പ്രേക്ഷകരുടെ മുഴുവൻ വെറുപ്പും സമ്പാദിച്ച് കൂട്ടുന്നുണ്ട്. ‌ഡയലോഗുകൾ അധികമില്ലാതെ തന്റെ റോൾ ആശിഷ് ഗംഭീരമാക്കിയിട്ടുണ്ട്. വിസ്മയക്ക് കിട്ടുന്ന ഓരോ കൈയടിയും ആശിഷിനും കൂടിയുള്ളതാണ്. ചിത്രത്തിലെ അതിനിർണായക ഘട്ടത്തിൽ കാമിയോ റോളിൽ എത്തുന്ന മോഹൻലാലും പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്.

യാനികി ബെന്നും സ്റ്റണ്ട് സിൽവയുമാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഭീതിയും ആകാംക്ഷയും നിറയ്ക്കുന്നതിൽ ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും നല്ല പങ്കുവഹിച്ചു. ഗാനങ്ങൾ ഒരുക്കിയിരിക്കുന്നതും അദ്ദേഹംതന്നെ. ആക്ഷൻ രംഗങ്ങളുടെ മികവിന് പിന്നിൽ അഖിൽ ജോർജ്,​ ജോമോൻ ടി. ജോൺ,​ സുദീപ് എളമൺ എന്നിവരുടെ ഛായാഗ്രഹണമാണ്. മീനുവിന്റെ അച്ഛനായി സായ്‌കുമാർ എത്തുന്നു. കോട്ടയം രമേശ്,​ ദിനേശ് പ്രഭാകർ,​ ജാഫർ ഇടുക്കി,​ കോട്ടയം രമേശ്,​ ജിബിൻ ഗോപിനാഥ്,​ ശിവദാസ് കണ്ണൂർ,​ ജയ്സ് ജോസ്,​ ജയാ കുറുപ്പ്,​ അശ്വിനി വിജയൻ, ചിപ്പി,​ മിയ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

സ്കൂൾ വിദ്യാഭ്യാസത്തിൽ മാർഷ്യൽ ആർട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ചിത്രം പറഞ്ഞുവയ്ക്കുന്നു. സ്വയംപ്രതിരോധത്തിന് പെൺകുട്ടികൾക്ക് ആയോധന കലകൾ കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചും ചിത്രം ചൂണ്ടിക്കാട്ടുന്നു.

thudakkam-
ചിത്രത്തിലെ ഒരു രംഗം

തുടക്കത്തിനും ഒരു ഫിനിഷിംഗ് പോയിന്റുണ്ട് ആ പോയിന്റിൽ മീനു പറയുന്നുണ്ട്. ഒരു പെൺകുട്ടി നെഞ്ചുംവിരിച്ച് നിന്നാൽ തീരാവുന്നതേയുള്ളൂ സ്ത്രീകളെ മോശം ഉദ്ദേശ്യത്തോടെ സമീപിക്കുന്ന ഓരോരുത്തരുടെയും സ്ഥിതിയെന്ന്. തുടക്കം നൽകുന്ന സന്ദേശവും ഇതുതന്നെ.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISMAYA, VVISMAYA MOHANLAL, THUDAKKAM MOVIE, MOVIE REVIEW, CINEMA REVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA