SignIn
Kerala Kaumudi Online
Sunday, 09 August 2026 3.27 AM IST

സ്ത്രീകൾക്കുള്ള സീറ്റിൽ നിന്നിറക്കിവിട്ടു: യാത്രക്കാരന്റെ ആക്രമണത്തിൽ ട്രാൻ.ബസ് കണ്ടക്ടർക്ക് പരിക്ക്

shibin

കൊച്ചി: സ്ത്രീ സംവരണ സീറ്റിൽ നിന്നിറക്കി വിട്ട കെ.എസ്.ആർ.ടി.സി ബസ്കണ്ടക്ടറെ യാത്രക്കാരൻ മൊബൈൽഫോൺകൊണ്ട് ആക്രമിച്ചു. മുഖത്ത് അടിയേറ്റ് മൂക്കിന്റെ എല്ല് പൊട്ടിയ കണ്ടക്ടർ ആശുപത്രിയിൽ ചികിത്സതേടി.

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി 10.55നായിരുന്നു നാടകീയ സംഭവങ്ങൾ. അടൂരിൽനിന്ന് സുൽത്താൻബത്തേരിയിലേക്ക് പോയ അടൂർ ഡിപ്പോയിലെ സൂപ്പർഡീലക്സ് ബസിന്റെ കണ്ടക്ടർ അമ്പലപ്പുഴ പൊള്ളത്തായി വേളാംപറമ്പിൽ വീട്ടിൽ വി.ആർ. രമേശിനാണ് (44) പരിക്കേറ്റത്. കാർ ഡ്രൈവറായ പ്രതി ഇടുക്കി ചെറുതോണി മുരുകൻ കോവിലിന് സമീപം ഗാന്ധിനഗർ കോളനിയിൽ ഷിബിനെ (30) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു.

എറണാകുളം സ്റ്റാൻഡിൽ നിറുത്തിയി‌ട്ടിരുന്ന ബസിൽ കയറിയ ഷിബിൻ സ്ത്രീകൾക്ക് സംവരണംചെയ്ത ഇരട്ട സീറ്റുകളിൽ കയറിയിരുന്നു. ഈ സീറ്റിൽ ഇടപ്പള്ളിയിൽനിന്ന് യാത്രക്കാരുണ്ടെന്നും മാറിയിരിക്കാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ എഴുന്നേറ്റ ഷിബിൻ ചെറുതോണിയിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു. ഇടുക്കിയിലേക്ക് പോകുന്ന ബസ് അല്ലെന്നും വയനാട്ടിലേക്കാണ് സർവീസ് എന്നും വ്യക്തമാക്കിയ കണ്ടക്ടർ ബസിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടു.

കണ്ടക്ടറെയും ഡ്രൈവറെയും അസഭ്യം പറഞ്ഞ് പുറത്തിറങ്ങിയ പ്രതി ബസ് പുറപ്പെട്ടഉടൻ കുറുകെനിന്ന് യാത്ര തടസപ്പെടുത്തി. രമേശ് പുറത്തിറങ്ങിയപ്പോൾ മൊബൈൽഫോണി​ന് മുഖത്തടിച്ചു. ഈ സമയം ബസ് സ്റ്റേഷനിലുണ്ടായിരുന്ന‌ പൊലീസുകാർ പ്രതിയെ കസ്റ്റഡിയിലെടുത്തു. രമേശിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് പകരം കണ്ടക്ടറെ ഏർപ്പാടാക്കിയശേഷം ബസ് വൈകി പുറപ്പെട്ടു. രാത്രി ഗുരുവായൂരെത്തിയപ്പോൾ ബ്രേക്ക് ഡൗണായതിനെ തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിയാണ് അയച്ചത്.

മൂക്കിന്റെ അസ്ഥി പൊട്ടിയതിനെ തുടർന്ന് രമേശിന് തുന്നിക്കെട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പരിക്കേൽപ്പിച്ചതിനുമാണ് കേസ്. പ്രതിയെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY