SignIn
Kerala Kaumudi Online
Sunday, 09 August 2026 3.27 AM IST

ഹൈക്കോടതിയുടെയും ജനങ്ങളുടെയും സല്യൂട്ട്

a

ഈശ്വര സൃഷ്ടിയിൽ ഏറ്റവും വിലപ്പെട്ടത് ജീവനാണ്. അതിനു പകരം വയ്‌ക്കാൻ ഒന്നുമില്ല. പണവും അന്നവും ദാനം ചെയ്യുന്നത് മഹത്തരമാണ്. അതിനെക്കാൾ വിലയേറിയതാണ് രക്തദാനവും അവയവദാനവും. ജീവൻ കൊടുത്ത് ജീവൻ രക്ഷിക്കുന്നത് ഇതിനെല്ലാം മീതെയാണ്. അത്യപൂർവം പേരേ അതിന് തുനിയാറുള്ളു. ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലപ്പെട്ടതും സ്വന്തം ജീവനാണ്. ജീവത്യാഗം ഏറ്റവും വലിയ പുണ്യകർമ്മമാകുന്നതും അതുകൊണ്ടാണ്.

കണ്ണൂർ ചെറുപുഴ മീന്തുള്ളി വെള്ളച്ചാട്ടത്തിൽ തുരുത്തിൽപ്പെട്ട ബെന്നിയെ സ്വന്തം ലൈഫ് ജാക്കറ്റ് നൽകി സുരക്ഷിതനാക്കിയശേഷം തിരികെ നീന്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട രാജേഷ് എന്ന തിരുവനന്തപുരം കല്ലിയൂർ സ്വദേശി കേരളീയരുടെ പ്രിയപ്പെട്ടവനായി മാറി. രാജ്യത്തിനുവേണ്ടി പൊരുതി വീരമൃത്യു അടയുന്നവരെ എല്ലാവരും ആദരിക്കുന്നു. അവരുടെ കുടുംബത്തിന് എല്ലാ സഹായവും കേന്ദ്രവും സംസ്ഥാനങ്ങളും നൽകാറുമുണ്ട്. ജീവന്റെ വിലയോളം വരില്ല അതൊന്നിനും. മരണത്തിന്റെ തൊട്ടരികിലെത്തിയ ഒരാളെ സ്വന്തം ലൈഫ് ജാക്കറ്റ് നൽകി രക്ഷിക്കുക എന്നത് എല്ലാപേർക്കും കഴിയുന്നതല്ല. സ്വന്തം ജീവൻ പണയംവച്ച് മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ വിലയോ മൂല്യമോ നിശ്ചയിക്കാനാകില്ല. പക്ഷെ അത്തരത്തിൽ മഹനീയമായൊരു കർമ്മം ചെയ്ത യുവാവിനെ അനാദരിക്കുക എന്നത് നിന്ദ്യവും ക്രൂരതയുമാണ്.

മൂന്നു ദിവസം തെരച്ചിൽ നടത്തിയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ കിടന്ന് ജഡം ചീർത്ത നിലയിലായിരുന്നു. കണ്ണൂരിൽ നിന്ന് സ്വദേശമായ തിരുവനന്തപുരത്തേക്ക് ആദരപൂർവം മൃതദേഹം ആംബുലൻസിൽ എത്തിക്കുക എന്നത് അധികാരികളുടെ കർത്തവ്യമാണ്. 450 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടതിനാൽ ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ രണ്ട് ആംബുലൻസുകളിലും ഫ്രീസർ ഇല്ലായിരുന്നു. സ്വകാര്യ ആംബുലൻസുകാർ 35,000 രൂപ വരെ ആവശ്യപ്പെട്ടു. മനുഷ്യജീവന്റെ വിലയറിഞ്ഞ് ന്യായമായ വാടക വാങ്ങുന്ന ആംബുലൻസുകാർ ധാരാളമുണ്ട്. കിട്ടിയ അവസരം മുതലാക്കി പരമാവധി ചൂഷണം ചെയ്യുന്നവരും ഈ മേഖലയിൽ കുറവല്ല. ഇത്തരം സന്ദർഭങ്ങളിൽ സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അവസരത്തിനൊത്ത് ഉയരണം. 35,000 രൂപ അധികമാണെന്ന നിലപാടാണ് പയ്യന്നൂർ തഹസിൽദാർ സ്വീകരിച്ചത്. രാജേഷ് എങ്ങനെയാണ് മൃത്യുവരിച്ചതെന്ന് ഉത്തരവാദപ്പെട്ടവർ മറക്കരുതായിരുന്നു.

മൃതദേഹത്തിന് രണ്ട് ലെയർ സീലിംഗ് ഉള്ളതിനാൽ കുഴപ്പമുണ്ടാകില്ലെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ കോളേജ് അധികൃതർ ഉറപ്പുനൽകിയതോടെ ഫ്രീസറില്ലാത്ത ആംബുലൻസിൽ യാത്ര ആരംഭിക്കുകയായിരുന്നു. നാലുമണിക്കൂർ പിന്നിട്ട് കോഴിക്കോട് എത്തിയപ്പോഴേക്കും മൃതദേഹത്തിന്റെ അവസ്ഥ വഷളായി. വിവരമറിഞ്ഞ മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ചാവക്കാട് വച്ച് ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കുകയായിരുന്നു. ഇതിന് 22,000 രൂപ ചെലവായി. അദ്ദേഹത്തിന്റെ മനുഷ്യസ്നേഹം മാതൃകാപരമാണ്.

പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പയ്യന്നൂർ തഹിസിൽദാർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി എ.ഡി.എം പി.എൻ. പുരുഷോത്തമൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. ആംബുലൻസുകാർ കൊള്ള പൈസയാണ് ആവശ്യപ്പെട്ടതെന്നാണ് പയ്യന്നൂർ തഹസിൽദാരുടെ ഭാഷ്യം. പക്ഷെ മൃതദേഹം സുരക്ഷിതമായി എത്തിക്കാൻ നടപടിയെടുത്തശേഷം ആംബുലൻസുകാരുടെ കൊള്ള മേല്പോട്ട് റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു.

എന്തായാലും സ്വന്തം ജീവൻ ത്യജിച്ച് മറ്റൊരാളെ രക്ഷപ്പെടുത്തിയ രാജേഷിന് ഹൈക്കോടതിയുടെ സല്യൂട്ട് വലിയാെരു ആദരവാണ്. കുടുംബത്തിന്റെ പ്രാർത്ഥനയിലും പങ്കാളിയാകുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറയുകയും ചെയ്തു. മനുഷ്യജീവന് നൽകുന്ന വിലയും ആദരവുമാണത്. രാജേഷിനു ജനങ്ങളുടെ സല്യൂട്ടും ലഭിച്ചുകഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION