SignIn
Kerala Kaumudi Online
Monday, 21 September 2026 3.23 AM IST

ഡിമെൻഷ്യ രോഗാവസ്ഥയും ശരിയായ പരിചരണവും

a

ഇന്ന് ലോക അൽഷിമേഴ്സ് ദിനം

..................................................................

ഡിമെൻഷ്യ എന്നത് പ്രധാനമായും ഓർമ്മശക്തിയെയും ചിന്താശേഷിയെയും ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവിനെയും ബാധിക്കുന്ന മസ്തിഷ്ക സംബന്ധിയായ ഒരു രോഗാവസ്ഥയാണ്. എന്നാൽ ഇതിനെ വെറും മറവിയുടെ രോഗമായി മാത്രം കാണാൻ കഴിയില്ല. രോഗിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പല മാറ്റങ്ങളും ഇതോടൊപ്പം ഉണ്ടാകാം. രോഗം പുരോഗമിക്കുമ്പോൾ ചിലർ മറ്റുള്ളവരോട് സഹകരിക്കാൻ തയ്യാറാകാതിരിക്കുകയും അസ്വസ്ഥരാകുകയും പ്രകോപിതരാകുകയും ചെയ്യാം. സ്വന്തം കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ വരാം. ഡിമെൻഷ്യ ബാധിച്ച ഒരാൾക്ക് രോഗത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ വർഷങ്ങളോളം ജീവിക്കേണ്ടിവരാം.

ഈ കാലയളവിൽ രോഗിക്ക് തുടർച്ചയായ പരിചരണം ആവശ്യമായി വരുന്നു. പ്രത്യേകിച്ച് രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ ഒരാളെ മുഴുവൻ സമയവും രോഗിയുടെ പരിചരണത്തിനായി മാറ്റിവയ്ക്കേണ്ടി വരാം. ഇത് കുടുംബത്തെ വൈകാരികമായും സാമ്പത്തികമായും വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് ഡിമെൻഷ്യ ഒരു വ്യക്തിയുടെ മാത്രം രോഗമല്ല; അത് മുഴുവൻ കുടുംബത്തെയും ബാധിക്കുന്ന ഒരു സാമൂഹിക പ്രശ്നം കൂടിയാണ്.

നമ്മുടെ സമൂഹത്തിൽ പ്രായമായവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അതിനനുസരിച്ച് ഭാവിയിൽ ഡിമെൻഷ്യ രോഗികളുടെ എണ്ണവും വർദ്ധിക്കാനിടയുണ്ട്. അതുകൊണ്ട് ഡിമെൻഷ്യയെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.

ഡിമെൻഷ്യ രോഗികളെ ഭയത്തോടെയോ അവഗണനയോടെയോ കാണാതെ, അവർക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം സമൂഹം ഒരുക്കണം. ഡിമെൻഷ്യ സൗഹൃദ വീടുകളും അയൽക്കൂട്ടങ്ങളും ഗ്രാമങ്ങളും നഗരങ്ങളും ഉണ്ടാകണം. രോഗിക്ക് പരിചരണവും സുരക്ഷയും നൽകുന്നതിനൊപ്പം അവരുടെ അന്തസും മാന്യതയും സംരക്ഷിക്കണം.

ഗവേഷണത്തിലെ

പുതിയ പ്രതീക്ഷകൾ

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ ഡിമെൻഷ്യ ഗവേഷണരംഗത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. അൽഷിമേഴ്സ് രോഗം പോലുള്ള ചില ഡിമെൻഷ്യകളിൽ, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുമ്പുതന്നെ മസ്തിഷ്കത്തിൽ ചില അസാധാരണ പ്രോട്ടീനുകൾ അടിഞ്ഞുകൂടാൻ തുടങ്ങുന്നു എന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രോട്ടീനുകൾ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുക വഴി മറവി രോഗത്തിന് കാരണമാകുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ്.

കാരണം, രോഗം പ്രകടമാകുന്നതിന് മുമ്പുതന്നെ ഈ മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയുമെങ്കിൽ, രോഗത്തിന്റെ പുരോഗതി നേരത്തെതന്നെ തടയാനോ മന്ദഗതിയിലാക്കാനോ കഴിയും.

ഇന്ന് ചില പ്രത്യേക സ്കാനുകളും രക്തം, തലച്ചോറിനെയും സുഷുമ്നയെയും ചുറ്റിയുള്ള ദ്രവം തുടങ്ങിയവയുടെ പരിശോധനകളും ഉപയോഗിച്ച് ഈ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചികിത്സാ രീതികൾ വികസിച്ചുവരുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അൽഷിമേഴ്സ് രോഗത്തിനായി പുതിയ ചില മരുന്നുകൾ വികസിപ്പിക്കുകയും ചില രാജ്യങ്ങളിൽ ഉപയോഗത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇവ രോഗം പൂർണമായി മാറ്റുന്ന മരുന്നുകളല്ല, എന്നാൽ ചില രോഗികളിൽ രോഗത്തിന്റെ പുരോഗതി ഒരു പരിധിവരെ മന്ദഗതിയിലാക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഈ മരുന്നുകൾക്ക് ഉയർന്ന വിലയുള്ളതിനാൽ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യം ഇപ്പോഴില്ല. എന്നിരുന്നാലും, വർഷങ്ങളായി വലിയ ചികിത്സാ പുരോഗതി കാണാതിരുന്ന ഈ മേഖലയിൽ പുതിയ പ്രതീക്ഷ നൽകുന്ന ഒരു വികാസമാണിത്.

കേരളത്തിന്റെ മുന്നേറ്റം

കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഡിമെൻഷ്യ രോഗികളുടെ പരിചരണത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ട്. ഡേ-കെയർ കേന്ദ്രങ്ങൾ, പരിചരണ കേന്ദ്രങ്ങൾ, ദീർഘകാല പരിചരണ സംവിധാനങ്ങൾ തുടങ്ങിയവ വികസിച്ചുവരുന്നു.

രോഗിയെ പരിചരിക്കുന്നവർക്ക് പരിശീലനം നൽകുന്നതും വളരെ പ്രധാനമാണ്. കഴിഞ്ഞ 20 വർഷം കേരള സർക്കാർ മാതൃകാപരമായരീതിയിൽ ഇടപെടലുകൾ ഫലപ്രദമായി നടത്തിയിട്ടുണ്ട്.

ബ്രെയിൻ ബാങ്കുകൾ

ഡിമെൻഷ്യ ഗവേഷണത്തിൽ മറ്റൊരു പ്രധാന മുന്നേറ്റമാണ് ബ്രെയിൻ ബാങ്കുകളുടെ രൂപീകരണം. ഡിമെൻഷ്യ ബാധിച്ച രോഗികളുടെ മസ്തിഷ്കം ശാസ്ത്രീയ ഗവേഷണത്തിനായി സംരക്ഷിക്കുന്ന സംവിധാനങ്ങളാണ് ബ്രെയിൻ ബാങ്കുകൾ. ഇത്തരം ബ്രെയിൻ ബാങ്കുകൾ പാശ്ചാത്യ രാജ്യങ്ങളിൽ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഇപ്പോൾ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡിമെൻഷ്യയുടെ കാരണങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കാനും ഭാവിയിൽ പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കാനും ഇത്തരം ഗവേഷണങ്ങൾ സഹായിക്കും.


പ്രതീക്ഷയോടെ മുന്നോട്ട്

ഡിമെൻഷ്യയ്ക്ക് ഇപ്പോഴും പൂർണ്ണമായൊരു ചികിത്സ ലഭ്യമല്ല. എന്നാൽ ഗവേഷണരംഗത്ത് ഇന്ന് വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. പുതിയ മരുന്നുകൾ, നേരത്തെ രോഗം കണ്ടെത്താനുള്ള മാർഗങ്ങൾ, പുതിയ സ്കാനിംഗ് സാങ്കേതികവിദ്യകൾ, രക്തപരിശോധനകൾ, ബ്രെയിൻ ബാങ്കുകൾ, പരിശീലനം ലഭിച്ച പരിചാരകർ, ഡിമെൻഷ്യ കെയർ ഹോമുകൾ എന്നിവയെല്ലാം ഈ രംഗത്ത് പുതിയ പ്രതീക്ഷ നൽകുന്നു.

(ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്നു ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD ALZHEIMERS DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY