SignIn
Kerala Kaumudi Online
Sunday, 20 September 2026 11.07 PM IST

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

a
A

ശ്രീനാരായണഗുരുദേവൻ യുഗപുരുഷൻ എന്ന അപരാഭിനാമത്തിൽ ഇന്നെവിടെയും അറിയപ്പെടുന്നുണ്ട്. അക്ഷരാർത്ഥത്തിൽത്തന്നെ ഗുരുദേവനെ യുഗപുരുഷനായി ലോകം വാഴ്ത്തിപ്പാടുന്നു. ആ യുഗപുരുഷൻ മഹാപരിനിർവ്വാണത്തെ പ്രാപിച്ചിട്ട് ഇപ്പോൾ ഒരു നൂറ്റാണ്ട് തികയുകയാണ്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഗുരുദേവന്റെ ചിന്തകൾക്ക് കാലപ്പഴക്കമേറ്റിട്ടില്ല എന്നതാണ് അത്ഭുതകരമായ സത്യം. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും അതിരുകൾക്കപ്പുറം കാണാൻ പഠിപ്പിച്ച ഗുരുദർശനം ഇന്നും ലോകത്തിന് മാർഗദീപമായി നിലകൊള്ളുന്നു. ഗുരുവിന്റെ ഈ മഹിതമായ ദർശനം ലോകരറിഞ്ഞ് അനുഭവിച്ചതിന്റെ ശതാബ്ദി പിന്നിടുകയാണ്.

ഭഗവാന്റെ 99​ാമത് മഹാസമാധിദിനമാണ് ഇന്നേദിവസം, ഈ സെപ്തംബർ 21. 2027ലെ മഹാസമാധിദിനം 100​ാമത് ദിനമാണെന്ന് ഓർക്കുക. അപ്പോൾ ഗുരുദേവന്റെ മഹാപരിനിർവ്വാണത്തിന്റെ യഥാർത്ഥ ശതാബ്ദിയിലേക്ക് ഈ സെപ്തംബർ 21ന് ഇന്നേദിവസം നാം കാലെടുത്ത് വയ്ക്കുകയാണ്. ഇന്നുമുതൽ ഒരു വർഷക്കാലം വിപുലമായ രീതിയിലുള്ള ശതാബ്ദി ആചരണപരിപാടികൾ എല്ലായിടത്തും കൊണ്ടാടപ്പെടേണ്ടതാണ്. 2028ലെ മഹാപരിനിർവ്വാണദിനം 101​ാമത് ദിനമാണ്. ആചരണപരിപാടികൾ 2028 വരെ നീളാവുന്നതാണ്. ശതാബ്ദി ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമു ഏതാനും മാസങ്ങൾക്ക് മുൻപ് ശിവഗിരിയിൽവച്ച് നിർവഹിച്ചത് ഏവരുടേയും ഓർമ്മയിലുണ്ടാവുമല്ലോ.


ഗുരുദേവൻ മഹാനിർവ്വാണം പ്രാപിച്ചു എന്നു പറയുന്നത് താത്വികമായ വിചിന്തനത്തിൽ സോപാധികം മാത്രമാണ്. ഗുരുദേവനെപ്പോലെയുള്ള ബ്രഹ്മനിഷ്ഠന്മാർ നിരുപാധികമായ സത്യത്തിൽ അമർന്നവരാണ്. അവർ പോക്കുവരവറ്റ പരംപൊരുളാണ്. അതായത് ജനനമരണങ്ങൾക്കതീതരാണ്. ഗുരുദേവൻ അറിവാണ്. പരബ്രഹ്മസത്തയാണ്. നീ സത്യം ജ്ഞാനമാനന്ദം. ദൈവം സത്യമാണ്. ജ്ഞാനമാണ്. ആനന്ദമാണ്. ആ സത്യം തന്നെയാണ് ഗുരുദേവൻ.

ഗുരുദേവൻ 172 വർഷങ്ങൾക്ക് മുൻപ് ചെമ്പഴന്തിയിലെ മാടനാശാനും കുട്ടിയമ്മയ്ക്കും മകനായി ശരീരമെടുക്കുന്നതിന് മുൻപ് അറിവായി ഈശ്വരസത്തയായി പ്രകാശിച്ചിരുന്നു. 73​ാം വയസിൽ ശരീരം ഉപേക്ഷിച്ചതിന് ശേഷവും അവിടന്ന് എവിടെയും പ്രകാശിക്കുന്നു. ശിവഗിരിയിലും ഇന്ത്യയിലും ലോകമെമ്പാടും സർവ്വവ്യാപിയായി സച്ചിദാനന്ദസ്വരൂപമായി ഗുരുദേവൻ നിറഞ്ഞു പ്രകാശിക്കുന്നു.


പരബ്രഹ്മസത്യത്തെ സാക്ഷാത്കരിച്ച ഒരു മഹാഗുരു എല്ലാവിധമായ വൈകാരികതലങ്ങൾക്കും അതീതമാണ്. ശരീരത്തിന് അസ്തി, ജായതേ, വർദ്ധതേ, വിപരിണമതേ, ക്ഷീയതേ, നശ്യതേ എന്നിങ്ങനെയുള്ള ആറു വികാരങ്ങളുണ്ട്. എന്നാൽ ഈ വികാരങ്ങളൊന്നും ആത്മാവിനില്ല. അത് നിത്യസത്യമായി ശാശ്വതമായി പ്രകാശിക്കുന്നു. ഒരിക്കൽ ശ്രീശ്രീ രവിശങ്കർ ഗുരുദേവനെക്കുറിച്ച് എഴുതിയിരുന്നു. 'ശ്രീനാരായണഗുരു ഇന്നലെ ഉണ്ടായിരുന്നു. ഇന്ന് ഉണ്ടായിരിക്കും. ഇനി നാളെയും ഉണ്ടായിരിക്കും. എന്നുമുണ്ടായിരിക്കും'. ഗുരുദേവന്റെ യഥാർത്ഥസ്വരൂപമാണ് ശ്രീശ്രീ രവിശങ്കർ ഇവിടെ പറഞ്ഞുവച്ചിട്ടുള്ളത്. ആത്മോപദേശശതകം തുടങ്ങിയ ഗുരുദേവകൃതികളുടെ അനുസന്ധാനത്തിലൂടെ ഈ സത്യത്തെ കൂടുതലായി ഭക്തന്മാർ മനനം ചെയ്യണം.


ആത്മാവിനെ ആർക്കും കൊല്ലാനോ കൊല്ലിക്കാനോ നശിപ്പിക്കുവാനോ ഇല്ലാതാക്കുവാനോ സാധിക്കുന്നതല്ല. ഈ ഒരാത്മതത്വത്തെ പ്രാപിക്കുന്നവരാണ് യഥാർത്ഥഗുരുവര്യന്മാർ. ചെമ്പഴന്തിയിലെ നാരായണന്റെ യഥാർത്ഥസത്വം ഇതാണ്. അവിടന്ന് ബാല്യകാലം മുതൽക്കുതന്നെ ആത്മതത്വത്തിൽ അഭിരമിച്ചാണ് സ്വർഗീയജീവിതം നയിച്ചത്. സാധാരണജീവന്മാരെപ്പോലെ ഒരു വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാതെ, അതിനതീതമായ നിത്യസത്യത്തെ സാക്ഷാത്കരിക്കുവാൻ ഗുരു സർവ്വസംഗപരിത്യാഗിയായി.

സാമൂഹിക പരിഷ്‌കരണത്തിന് വിപ്ലവത്തിനും അതീതമായി ആ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിനെ പ്രാപിക്കുവാൻ വേണ്ടിയാണ് ഗുരു സർവ്വസംഗ പരിത്യാഗിയായത്. സത്യാന്വേഷകനായി ഭാരതമൊട്ടാകെ ചുറ്റിസഞ്ചരിച്ചത്. ജാതിഭേദവും മതദ്വേഷവും വിഭാഗീയ ചിന്താഗതികളും നേരിൽക്കണ്ട് മനസിലാക്കുവാൻ ഗുരുവിന്റെ ഈ ഭാരതപരിക്രമണം ഒട്ടേറെ സഹായകമായി.

ഭൂരിപക്ഷം ജനത ജ്ഞാനാന്ധതയുടെ ഇരുട്ടറയിലായിരുന്നു. അവർക്ക് മോചനം നൽകുവാൻ ജ്ഞാനമാകുന്ന വെളിച്ചം പ്രസരിപ്പിക്കണം. അതിന്നായി ബോധസൂര്യനെ ഉദിപ്പിക്കുവാൻ ബന്ധവിമുക്തനായി ഏകാന്തമാം ബോധമുണർന്ന് പരമാനന്ദം കൈവരിക്കുവാൻ പരിത്യാഗിയായ നാരായണൻ കന്യാകുമാരിക്കടുത്തുള്ള മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ ഏതാണ്ട് 5 വർഷക്കാലം തപസിൽ മുഴുകി. ഈ തപസാണ് ഇന്ന് നാം അറിയുന്ന ശ്രീനാരായണഗുരുവെന്ന യുഗപുരുഷനെ സൃഷ്ടിച്ചത്.

തപസു ചെയ്ത് ബ്രഹ്മനിഷ്ഠനായതോടു കൂടി നാരായണൻ ശ്രീനാരായണഗുരുവായി. പരമമായ ഈശ്വരതത്ത്വത്തെ പ്രാപിച്ച ജഗദ്ഗുരുക്കന്മാരുടെ കൂട്ടത്തിൽ ഇത്രയേറെ പരിപൂർണതയെ പ്രാപിച്ച മറ്റൊരു ഗുരുവിനെ കാണാനാവില്ല.


ഇന്ത്യാമഹാരാജ്യം മുഴുവൻ ചുറ്റി സഞ്ചരിച്ച് ഭാരതീയരുടെ യഥാർത്ഥമായ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കുവാൻ ഗുരുവിന് സാധിച്ചിരുന്നു. ഗുരുവിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ അരുവിപ്പുറം പ്രതിഷ്ഠ തൊട്ട് മഹാസമാധി പര്യന്തം നാൽപ്പത് വർഷക്കാലത്ത് മുഴുവൻ പ്രവർത്തനങ്ങളും വിലയിരുത്തുമ്പോൾ ഈ സത്യം തെളിഞ്ഞുകിട്ടുന്നു. ഗുരുദേവൻ അവിടത്തെ മുഴുവൻ ജീവിതവും സമർപ്പണം ചെയ്തത് ജാതിമതാദി ഭേദചിന്തകളിൽ നിന്നും ജനതയെ മോചിപ്പിച്ച് മനുഷ്യത്വം വീണ്ടെടുക്കുന്നതിന് വേണ്ടിയായിരുന്നു.

ലോക ദർശനം
ഗുരുവിന് ജാതിമതദേശഭേദങ്ങളുണ്ടായിരുതേയില്ല. ഗുരു ലോകത്തെ മുഴുവൻ ഒന്നായി കണ്ടു. ഗുരുദേവൻ ഏകലോകവ്യവസ്ഥിതിയെ മഹാപ്രവാചകനാക്കി. ഗുരുദേവന് ദേശഭേദങ്ങളുണ്ടായിരുന്നില്ല. കേരളം, തമിഴ്നാട്, കർണാടകം, സിലോൺ തുടങ്ങിയ രാജ്യങ്ങളെ പശ്ചാത്തലമാക്കിക്കൊണ്ടാണ് ഗുരുദേവൻ അവിടത്തെ വിശ്വദർശനം ചമച്ചത്. ഗുരുവിന്റെ ദർശനം ലോകദർശനമാണ്. അതിന്റെ കാതൽ ദൈവമക്കളായ മുഴുവൻ മനുഷ്യരും ആത്മസഹോദരന്മാരാണ് എന്നതാണ്.

ഇന്ന് ഭാരതത്തിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റേതുമായി ഏറെ സംഘട്ടനങ്ങളും വിഭാഗീയതയും ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകം വഴുതിപ്പോകുമോ എന്ന ഭയാശങ്കകളാണ് മാസങ്ങൾക്ക് മുൻപ് നാം കണ്ടത്. ഈ ഒരു സാഹചര്യത്തിൽ മതമല്ല, അതിർത്തികൾ നിർണയിക്കുന്ന വേലിക്കെട്ടുകളല്ല മനുഷ്യത്വമാണ് വലുത് എന്ന ഗുരുവിന്റെ ദർശനമാണ് നമുക്ക് അഭയം നൽകുന്നത്. അത് ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ ദേശത്തിന്റെയോ ദർശനമല്ല, ലോകത്തിന്റെ ദർശനമാണ്.

ഗുരുദേവ മഹാപരിനിർവ്വാണത്തിന്റെ ശതാബ്ദിയിലേക്ക് പദമൂന്നിയിരിക്കുന്ന ഇക്കാലത്ത് മനുഷ്യത്വത്തിലധിഷ്ഠിതമായ ഏകലോകദർശനം സഫലീകൃതമാകട്ടെ. ശതാബ്ദി ആചരണപരിപാടികൾ ജാതിമതരാഷ്ട്രഭേദമന്യേ ഏവരേയും ഏകതയിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജാതിയും മതവുമല്ല മനുഷ്യത്വമാണ് വലുത് എന്ന സന്ദേശം ഉൾക്കൊണ്ട് ഈ മഹാസമാധിദിനത്തിൽ ഏവരും പ്രതിജ്ഞയെടുക്കട്ടെയെന്ന് ആശംസിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION