
ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും ഭരണത്തിലെ കാര്യക്ഷമത കൂട്ടാനും ഡിജിറ്റൽ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തിയുള്ള ഭരണപരിഷ്‌കാരത്തിന് തുടക്കമിട്ടിരിക്കുകയാണ് സർക്കാർ. ഡിജിറ്റൽ ഭരണ സംവിധാനത്തിലേക്കും പേപ്പർരഹിത സേവനത്തിലേക്കും മാറാനുള്ള 'ഡിജിറ്റൽ-ഫസ്റ്റ്' എന്ന ഭരണരീതി നടപ്പാക്കാനുള്ള പരിഷ്കാര പദ്ധതി ആരംഭിച്ചു കഴിഞ്ഞു. സർക്കാർ സേവനങ്ങൾ സുതാര്യവും വേഗത്തിൽ ലഭിക്കുന്നതുമാക്കുകയാണ് ലക്ഷ്യം. കാലഹരണപ്പെട്ടതും പ്രസക്തി നഷ്ടപ്പെട്ടതും പരസ്പരവിരുദ്ധമായ നിയമങ്ങൾ റദ്ദാക്കാനും ഭേദഗതി ചെയ്യാനും നടപടി തുടങ്ങിയിട്ടുണ്ട്.
അനാവശ്യ നൂലാമാലകൾ ഒഴിവാക്കിയും ചട്ടങ്ങളും നിയമങ്ങളും ലഘൂകരിച്ചും ഭരണം മെച്ചപ്പെട്ടതാക്കാനുള്ള നടപടികളും ആരംഭിച്ചു. ഇതിനായി പൊതുഭരണ വകുപ്പിൽ ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനിയറിംഗ് സെൽ രൂപീകരിച്ചു. ചീഫ്സെക്രട്ടറി വഴി മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുമായിരിക്കും പരിഷ്കരണ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടത്. ചോദ്യാവലി തയ്യാറാക്കി ജനങ്ങളിൽ നിന്ന് അഭിപ്രായവും തേടും. ഫയലുകളുടെ പരിശോധനയ്ക്കുള്ള തട്ടുകളുടെ എണ്ണക്കൂടുതലും ആവർത്തിച്ചുള്ള പരിശോധനകളുമാണ് തീരുമാനങ്ങളെടുക്കുന്നത് വൈകിപ്പിക്കുന്നതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സെക്രട്ടേറിയറ്റിലെ ഫയൽനീക്കത്തിന്റെ തട്ടുകൾ കുറച്ചും ഓഫീസ് മാന്വലും റൂൾസ് ഒഫ് ബിസിനസും പരിഷ്കരിച്ചും തീരുമാനങ്ങൾ വേഗത്തിലാക്കും.
സെക്രട്ടേറിയറ്റ് നിർദ്ദേശങ്ങൾ, വകുപ്പുതല മാന്വലുകൾ, അധികാര വികേന്ദ്രീകരണ ഉത്തരവുകൾ, വകുപ്പുകൾ തമ്മിലുള്ള റഫറൻസുകൾ, പതിവ് അംഗീകാര പ്രക്രിയ എന്നിവ റീ-എൻജിനിയറിംഗ്സെൽ പുനഃപരിശോധിക്കും. ഒഴിവാക്കാവുന്ന പരിശോധനാ ഘട്ടങ്ങളും ആവർത്തിച്ചുള്ള നോട്ടിംഗുകളും അനാവശ്യ റഫറൻസുകളും കണ്ടെത്തും. തുടർച്ചയായി പരിഗണിക്കുന്ന വിഷയങ്ങളിൽ ഫയലുകളുടെ സ്റ്റാൻഡേർഡ് ചെക്ക്‌ലിസ്റ്റുകൾ, അധികാരകൈമാറ്റം, ഡിസിഷൻ-ഗേറ്റ് മാതൃകകൾ, ഇ-ഓഫീസ് വർക്ക്‌ഫ്ലോ എന്നിവയും പരിഷ്കരിക്കും. അഡ്‌മിനിസിട്രേറ്റീവ് സർവീസ് (കെ.എ.എസ്) ഘടനയും പുനഃപരിശോധിക്കും. കേഡർ തസ്തികകൾ മാറ്റും. സിവിൽ സർവീസുദ്യോഗസ്ഥർക്ക് രണ്ടുവർഷം മിനിമം സേവനകാലാവധി ഉറപ്പാക്കും.
'ഡിജിലോക്കർ' അടക്കം ഉപയോഗപ്പെടുത്തി സർക്കാർ ഓഫീസുകളിലെ അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കും. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ഉത്തരവാദിത്തമുള്ളതുമാക്കും. നിലവിലെ നിയമങ്ങളും ചട്ടങ്ങളും പേപ്പർഅധിഷ്‌ഠിതവും ഒന്നിലേറെ ഓഫീസുകളിൽ ഫയലുകളെത്തേണ്ട രീതിയിലുള്ളതുമാണ്. പഴയഭരണരീതികളെ അടിസ്ഥാനമാക്കിയാണിവ. ജനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഒരേവിവരങ്ങളും രേഖകളും പലതവണ സമർപ്പിക്കേണ്ട സാഹചര്യമാണുള്ളത്. സേവനങ്ങൾക്കായി ജനങ്ങൾക്ക് സർക്കാർഓഫീസുകൾ പലതവണ കയറിയിറങ്ങേണ്ടി വരുന്നു. കാലതാമസവുമെടുക്കും. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഡിജിലോക്കർ അധിഷ്‌ഠിതമായ 'വൺസ്-ഒൺലി' ഡേറ്റ പങ്കിടൽ രീതി നടപ്പാക്കും. സർക്കാർ സേവനങ്ങൾക്കായി ഡിജിലോക്കർ ഉപയോഗിക്കുന്നതിന് മുൻഗണന നൽകും.
ഡിജിലോക്കറിൽ ലഭ്യമായ രേഖകൾ നേരിട്ട് സ്വീകരിക്കും. ഓൺലൈൻ അപേക്ഷാ സംവിധാനങ്ങൾ ഡിജിലോക്കറുമായി ബന്ധിപ്പിക്കും. വിശ്വസനീയമായ ഡിജിറ്റൽരേഖ ലഭ്യമായാൽ അതേ രേഖയുടെ ഫോട്ടോകോപ്പിയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ആവശ്യപ്പെടുന്നത് ഒഴിവാക്കും. സർക്കാർ വകുപ്പുകൾ തമ്മിൽ ഡിജിറ്റൽ രേഖകൾ സുരക്ഷിതമായി പങ്കുവയ്ക്കാനും പരിശോധിക്കാനും സംവിധാനമുണ്ടാക്കും. ഒരേവിവരമോ രേഖയോ ഒന്നിലധികം സർക്കാർ ഓഫീസുകളിൽ പലവട്ടം സമർപ്പിക്കേണ്ട സാഹചര്യമൊഴിവാക്കാനാണ് 'വൺസ്-ഒൺലി-തത്വം' നടപ്പാക്കുന്നത്. അടിസ്ഥാന രജിസ്റ്ററുകളും വിശ്വസനീയമായ ഡിജിറ്റൽ ഡാറ്റയും ഉപയോഗപ്പെടുത്തും. നിയമപരവും ഭരണപരവുമായ അനാവശ്യസങ്കീർണ്ണതകൾ ഒഴിവാക്കുകയാണ് ലക്ഷ്യം.
പദ്ധതി നടത്തിപ്പും
വേഗത്തിലാക്കും
പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണത്തിനും വകുപ്പുകൾക്കിടയിലെ തർക്കങ്ങൾ തീർക്കാനും ഉന്നതാധികാരസമിതിയുമുണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനം സാദ്ധ്യമാക്കാനും പദ്ധതിനടത്തിപ്പിന്റെ പുരോഗതി നിരീക്ഷിക്കാനും വകുപ്പുകൾക്കുണ്ടാവുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനുമുള്ള കേന്ദ്രീകൃത സംവിധാനമാണിത്. അടിസ്ഥാനസൗകര്യ വികസനം, വ്യവസായം, കണക്ടിവിറ്റി, ലോജിസ്റ്റിക്സ്, നിക്ഷേപസൗകര്യങ്ങളൊരുക്കൽ, പൊതുസേവനം എന്നിവയിൽ ഏകോപനവും ആസൂത്രണവും നടത്താം. പൊതു-സ്വകാര്യപദ്ധതികൾക്കും വിദേശ സഹായമുള്ള പദ്ധതികൾക്കും നയരൂപീകരണം നടത്താം. ജില്ലാഭരണകൂടങ്ങളുമായും പ്രാദേശിക സ്ഥാപനങ്ങളുമായും ഏകോപനമുണ്ടാക്കാം. പദ്ധതിനിരീക്ഷണത്തിന് പ്രോഗ്രാംരജിസ്ട്രികൾ, ഡിജിറ്റൽ മോണിട്ടറിംഗ്, ഡാഷ്ബോർഡുകൾ, റിപ്പോർട്ടിംഗ്-അവലോകന സംവിധാനങ്ങൾ എന്നിവയുണ്ടാക്കും.
കേന്ദ്രസർക്കാരുമായി
ഏകോപനവും
കേന്ദ്രസർക്കാർ, കേന്ദ്ര ഏജൻസികൾ എന്നിവയുമായുള്ള ഇടപെടലുകളും ഏകോപനവും പുതുതായി രൂപീകരിച്ച സെല്ലിന്റെ ചുമതലയാണ്. കേന്ദ്രഫണ്ട് നേടിയെടുക്കാൻ വകുപ്പുകളെ സജ്ജമാക്കണം. അന്തർസംസ്ഥാന കാര്യങ്ങളിലെയും ജുഡീഷ്യൽ സ്ഥാപനങ്ങളുമായി ഇടപെടേണ്ട കാര്യങ്ങളിലെയും ഏകോപനചുമതലയുണ്ട്. മുൻഗണനാ പദ്ധതികളുടെ സമഗ്ര രജിസ്ട്രി പരിപാലനവും നടത്തണം. അടിയന്തര സാഹചര്യങ്ങളിൽ വകുപ്പുകൾ, ഏജൻസികൾ, പുറമെയുള്ള സ്ഥാപനങ്ങൾ എന്നിവയെ ഏകോപിപ്പിക്കണം. ദുരന്ത, പ്രതിസന്ധി നിവാരണത്തിനുള്ള നോഡൽ സംവിധാനവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |