
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടത്തിയ ജനപ്രിയ പദ്ധതികളിൽ ഒന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവീസ്. സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതി നൂറ് ദിവസങ്ങൾ പിന്നിട്ടു. രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ത്രീകളൊട്ടാകെ ഏറ്റെടുത്ത പദ്ധതി വൻ വിജയമായി. നൂറ് ദിനം ആഘോഷമാക്കുകയാണ് യു.ഡി.എഫ്. സൗജന്യ യാത്രയിലൂടെ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന വരുമാന നഷ്ടം സർക്കാർ നേരിട്ടു വഹിക്കും. പദ്ധതി കാരണം സ്വകാര്യ ബസുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്ന് അവരുടെ സംഘടനകൾ ആരോപിക്കുന്നുണ്ട്. ഇതു പരിഹരിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചെങ്കിലും ഒന്നുമുണ്ടായില്ല. പ്രക്ഷോഭത്തിന്റെ വക്കിലാണ് സ്വകാര്യ ബസുടമകൾ.
പ്രിയദർശിനി സർവീസ് വൻ വിജയമായ ജില്ലകളിലൊന്നാണ് മലയോര നാടായ പത്തനംതിട്ട. കെ.എസ്.ആർ.ടി.സിയുടെ ലിമിറ്റഡ്, ഒാർഡിനറി ബസുകൾ വലിയ തോതിൽ സർവീസ് നടത്തുന്നു. തിരുവല്ല, പത്തനംതിട്ട, അടൂർ ഡിപ്പോകളിൽ നിന്നാണ് പ്രിയദർശിനി സർവീസുകൾ കൂടുതലായി നടത്തുന്നത്. തിരുവല്ലയിൽ നിന്ന് എം.സി റോഡ് വഴിയും ടി.കെ റോഡ് വഴി ജില്ലാ ആസ്ഥാനത്തേക്കും നിരവധി സർവീസുകളുണ്ട്. പത്തനംതിട്ടയിൽ നിന്ന് കൊല്ലം ഭാഗത്തേക്കാണ് കൂടുതൽ പ്രിയദർശിനി സർവീസുകൾ. അടൂരിൽ നിന്ന് ചെങ്ങന്നൂർ, തിരുവല്ല, കൊല്ലം ഭാഗങ്ങളിലേക്കും സർവീസുകളുണ്ട്. ഇൗ റൂട്ടുകളിൽ യാത്രക്കാരുടെ തിരക്കു കാരണം സർവീസുകൾ പലപ്പോഴും വൈകുന്നുണ്ട്. ഒാഫീസുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് സമയത്ത് എത്താൻ കഴിയുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ ബസുകൾ സർവീസ് നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും അതിനുള്ള ബസുകൾ കെ.എസ്.ആർ.ടി.സിക്കില്ല. സ്ത്രീകളിൽ പ്രായമായവർ സ്റ്റാേപ്പുകളിൽ നിന്ന് കയറാനും ആവശ്യമായ സ്റ്റാേപ്പുകളിൽ ഇറങ്ങാനും സമയം കൂടുതൽ എടുക്കുന്നു. പ്രിയദർശനി പദ്ധതി ആരംഭിക്കുന്നതിന് മുൻപ് ഒരു റൂട്ടിൽ ഒരു മണിക്കൂറിൽ എത്തിയിരുന്ന ബസുകൾ ഇപ്പോൾ ഒന്നേകാൽ മണിക്കൂർ വരെ സമയം എടുക്കുന്നതായാണ് കെ.എസ്.ആർ.ടി.സിയുടെ തന്നെ നിഗമനം. സമയം വൈകുന്ന പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെ പക്കൽ ഉപായങ്ങളൊന്നുമില്ല.
# സ്ത്രീകൾ സമ്പാദിക്കുന്ന പണത്തിന് എങ്ങോട്ടു പോയി
സ്ത്രീകൾക്ക് സാമ്പത്തിക ചെലവില്ലാതെ എങ്ങോട്ടും യാത്ര ചെയ്യാമെന്നതാണ് പ്രിയദർശിനി സർവീസുകളുടെ പ്രത്യേകത. പ്രിയദർശിനി യാത്രയിലൂടെ സമ്പാദിക്കുന്ന പണം മറ്റ് ആവശ്യങ്ങൾക്കായി സ്ത്രീകൾ വിപണിയിൽ ചെലവഴിക്കുമെന്നാണ് സർക്കാർ കരുതുന്നത്. അങ്ങനെ ചെലവഴിക്കുന്ന പണത്തിൽ നിന്ന് ടാക്സായി സർക്കാരിന് വരുമാനം കൂട്ടും. നൂറ് ദിനം പിന്നിടുമ്പോൾ സർക്കാർ ഇൗ വക കാര്യങ്ങളിൽ പഠനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. സ്ത്രീകൾ സമ്പാദിച്ച പണം വിപണിയിലെത്തിയിട്ടുണ്ടോ എന്നറിയേണ്ടതുണ്ട്. ഉണ്ടെങ്കിൽ എത്രമാത്രം, സർക്കാരിന്റ് എത്ര തുക നികുതി വരുമാനം കൂടി എന്നീ കാര്യങ്ങൾ വിശദമാക്കേണ്ടതുണ്ട്.
പത്തനംതിട്ട ജില്ലയിൽ ഒാരോ ദിവസവും അറുപതിനായിരത്തിലേറെ ആളുകൾ പ്രിയദർശിനി സൗജന്യ യാത്ര പ്രയോജനപ്പെടുത്തുന്നുവെന്നാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. അടൂർ ഡിപ്പോയിൽ നിന്നുള്ള സർവീസുകളിലാണ് യാത്രക്കാർ കൂടുതലായി കയറുന്നത്. സംസ്ഥാനത്തെ പൊതുഗതാഗതത്തിൽ ജില്ലയിലെ കെ.എസ്.ആർ.ടി.സി ഏഴാം സ്ഥാനാത്താണ്. നാറ്റ്പാക്കിന്റെ പഠനം അനുസരിച്ച് മുപ്പത്തിയേഴ് ശതമാനത്തോളം ആളുകൾ ജില്ലയിൽ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നു. തിരുവല്ല ഡിപ്പോയിൽ നിന്ന് ദിവസവും ഇരുപത്തിയഞ്ച് കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകളാണ് ഒാപ്പറേറ്റ് ചെയ്യുന്നത്. നൂറ് ദിവസം കൊണ്ട് പന്ത്രണ്ട് ലക്ഷത്തോളം വനിതകൾ പ്രിയദർശിനിയിൽ യാത്ര ചെയ്തു. പത്തനംതിട്ട ഡിപ്പോയിൽ ദിവസവും പന്ത്രണ്ടായിരത്തോളം ആളുകൾ പ്രിയദർശിനി സർവീസിൽ യാത്ര ചെയ്യുന്നു. കെ.എസ്.ആർ.ടി.സിയുടെ കുത്തക റൂട്ടുകൾക്ക് പുറമേയുള്ള റൂട്ടുകളിലും പ്രിയദർശിനിയിൽ ആളുകൾ കൂടുന്നുണ്ട്.
# സ്വകാര്യ ബസുകളെ സഹായിക്കണം
സ്ത്രീ യാത്രക്കാർക്ക് പ്രിയം പ്രിയദർശനിയോടാണ്. എന്നാൽ, പ്രിയദർശിനിയിലെ തിരക്ക് ഏറുന്നതു കാരണം പുരുഷ യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നുണ്ട്. ഇത് ചെറിയൊരു ശതമാനം മാത്രമാണ്. സ്ത്രീ യാത്രക്കാർ കുറഞ്ഞതിന്റെ നഷ്ടം നികത്താൻ ഇതുകൊണ്ടു സാധിക്കില്ല. സ്വകാര്യ ബസുകളെ സഹായിക്കുന്ന പാക്കേജ് സർക്കാർ പ്രഖ്യാപിക്കണം. പ്രിയദർശിനിക്കു വേണ്ടി സ്വകാര്യ ബസുകൾ വാടകക്ക് എടുക്കണമെന്നും ഡീസൽ ചെലവ് സർക്കാർ വഹിക്കണമെന്നുമാണ് സ്വകാര്യ ബസുടമകൾ മുന്നോട്ടു വയ്ക്കുന്ന നിർദേശം. പ്രിയദർശിനി സർവീസ് നൂറ് ദിവസം പിന്നിടുമ്പോൾ നഷ്ടം നേരിടുന്ന സ്വകാര്യ ബസുകൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. ചില ബസുകൾ സർവീസുകൾ നിറുത്തി. ഇനിയും സ്വകാര്യ ബസുകൾ നിരത്തിൽ നിന്ന് ഒഴിയും. ഇൗ സാഹചര്യം ഒഴിവാക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |