ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ,
പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടി ചെയർമാൻ
.................................................................................
അഭിമുഖം തയ്യാറാക്കിയത്
എം.എച്ച്. വിഷ്‌ണു
പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന കുറ്റകൃത്യങ്ങളും അധികാര ദുർവിനിയോഗവും അതിക്രമങ്ങളും അന്വേഷിക്കാനുള്ള സ്വതന്ത്ര സംവിധാനമാണ് സംസ്ഥാന പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടി. കസ്റ്റഡി മരണവും മർദ്ദനവും കേസുകൾ ഒതുക്കുന്നതും ജനങ്ങൾക്ക് നേരെയുള്ള മോശം പെരുമാറ്റവും അതിക്രമങ്ങളുമെല്ലാം അന്വേഷിക്കാനുള്ള അർദ്ധ ജുഡീഷ്യൽ സംവിധാനമാണിത്. സംസ്ഥാന പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടി ചെയർമാനായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ നാളെ ചുമതലയേൽക്കുകയാണ്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കമ്മീഷൻ ചെയർമാൻ, പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജൂഡീഷ്യൽ കമ്മിഷൻ, ബസ് ചാർജ് വർദ്ധനയെക്കുറിച്ചു പഠിക്കാനുള്ള കമ്മിഷൻ, മുനമ്പം തർക്ക വിഷയങ്ങളിൽ പരിഹാരമുണ്ടാക്കാനുള്ള കമ്മിഷൻ, തുടങ്ങിയ നിരവധി ജുഡീഷ്യൽ കമ്മിഷനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പൊലീസിലെ പർച്ചേസുകളിലെ ക്രമക്കേട് ആരോപണങ്ങളിലും വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതിയാരോപണം അന്വേഷിക്കാനുമുള്ള കമ്മിഷനുമായിരുന്നു. തടവുചാട്ടം തടയാനും ജയിലുകളുടെ സുരക്ഷ കൂട്ടാനും പഠിച്ച കമ്മിഷനുമായിരുന്നു. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
?ഏറെക്കാലമായി പല്ലുംനഖവുമില്ലാത്ത അതോറിട്ടിയെ മെച്ചപ്പെടുത്തുമോ
ഏറ്റെടുത്ത എല്ലാ ജോലിയും പരമാവധി നല്ല രീതിയിൽ നിർവഹിച്ചിട്ടുണ്ട്. അതുപോലെ ഇതും ചെയ്യാൻ ശ്രമിക്കും. ഗുരുതരമായ വിഷയങ്ങളിൽ ഇടപെടും. അതോറിട്ടിയുടെ പ്രവർത്തനം പരമാവധി നല്ലരീതിയിലാക്കും. പൊലീസിന്റെ വീഴ്ചകളും അതിക്രമവും തടയും. കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കും. നിലവിലുള്ള പരാതികൾ പരിശോധിക്കും. നേരിട്ട് ഇടപെടേണ്ടവയിൽ ഇടപെടും. പരാതി ഇല്ലെങ്കിലും ഗുരുതര പ്രശ്നങ്ങളിൽ അധികാര പരിധിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി ഇടപെടും.
?പൊലീസിനെതിരായ ആരോപണങ്ങളിൽ എന്താവും നിലപാട്
സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ഉയർന്ന പൊലീസുദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതാണ്. ഡിവൈ.എസ്.പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം ജില്ലാ പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടികൾക്കാണ്. കസ്റ്റഡി മരണങ്ങൾ, ലൈംഗിക പീഡനം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ സംസ്ഥാന അതോറിട്ടിയാവും പരിഗണിക്കുക.
?കസ്റ്റഡി മർദ്ദനവും അനധികൃത അറസ്റ്റുകളുമടക്കം പരാതികളേറെയുണ്ടല്ലോ
കസ്റ്റഡി മർദ്ദനം, അതേത്തുടർന്നുള്ള മരണം എന്നിവയോട് വിട്ടുവീഴ്ചയുണ്ടാവില്ല. കസ്റ്റഡി മരണങ്ങൾ അനുവദിക്കാനാവുന്നതല്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് രണ്ടു തരത്തിലുള്ള ആരോപണങ്ങൾ വരാറുണ്ട്. പൊലീസ് നടത്തുന്ന അതിക്രമങ്ങളും, പൊലീസിന്റെ വീഴ്ചകളും. പരാതികളിൽ നടപടികളെടുക്കാതിരിക്കുകയും സ്വാധീനമുള്ളവരുമായി ഒത്തുകളിക്കുകയും ചെയ്യുന്നതിനെതിരെയും പരാതികളുണ്ടാവാറുണ്ട്. സ്വാധീനമുള്ളവർക്കെതിരേ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നു.
?പൊലീസിലെ പുഴുക്കുത്തുകൾക്കെതിരേ നടപടിയെടുക്കുമോ
പൊലീസിൽ വലിയ മാറ്റം വന്നു. പഴയ പൊലീസല്ല ഇപ്പോഴത്തേത്. സേന കൂടുതൽ പ്രൊഫഷണലായി. നല്ല ജീവിത സാഹചര്യങ്ങളും ശമ്പള വർദ്ധനയുമൊക്കെ കിട്ടിയപ്പോൾ പൊലീസുകാരും മാറി. നിയമബിരുദധാരികളടക്കം യോഗ്യരായ ഒട്ടേറെപ്പേർ സേനയിലുണ്ട്. മാതൃകാ പൊലീസുകാരാണ് അധികവും. ചുരുക്കം ചില പുഴുക്കുത്തുകൾ ഇപ്പോഴുമുണ്ട്. അവരെയെല്ലാം മാറ്റിയെടുക്കണം.
?പൊലീസിലെ ക്രിമിനലുകൾക്കെതിരേ എന്താവും നടപടി
പൊലീസിലെ ക്രിമിനലുകളെ കണ്ടെത്തണം. നേർവഴിയിലാക്കണം. ഒട്ടും പറ്റാത്തവരെ പുറത്താക്കണം.
?ജനങ്ങളുടെ പരാതികൾ കേൾക്കാൻ സംവിധാനമുണ്ടാകുമോ
ജനങ്ങൾക്ക് പരാതി കേൾക്കാൻ സംവിധാനമൊരുക്കും. പരാതിയുമായി ജനങ്ങൾ മുന്നോട്ടു വരണം. എങ്കിലേ അതോറിട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനാവൂ. ലോകായുക്ത ചെയ്യും പോലെ ക്യാമ്പ് സിറ്റിംഗിന് അധികാരമുണ്ട്. ജനങ്ങൾക്ക് നേരിട്ട് സമീപിക്കാം. പരാതികളിൽ നടപടിയെടുക്കും.
?ജില്ലാ അതോറിട്ടികളിലും പുനഃസംഘടന വേണ്ടിവരില്ലേ
ജില്ലാ ജഡ്ജിമാരാണ് ജില്ലാ അതോറിട്ടിയുടെ തലപ്പത്ത്. സംസ്ഥാന അതോറിട്ടിയിൽ പൊലീസ് മേധാവിയായിരുന്ന അനിൽകാന്ത്, നിയമ സെക്രട്ടറിയായിരുന്ന പി.കെ. അരവിന്ദബാബു എന്നിവർ അംഗങ്ങളാണ്. നിയമത്തിലും ക്രമസമാധാനത്തിലും പ്രാഗത്ഭ്യമുള്ളവരെ നിയമിക്കണമെന്നാണ് ചട്ടം. അതോറിട്ടിയെ കാര്യക്ഷമമാക്കാനുള്ള നടപടികളുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |