SignIn
Kerala Kaumudi Online
Friday, 07 August 2026 1.07 AM IST

140 വർഷത്തെ മൃഗശാല ഇനി 'ഹരിതശാല'!

തൃശൂർ: പുത്തൂരിലേക്ക് മൃഗശാല പൂർണമായി മാറ്റുന്നതോടെ ചെമ്പൂക്കാവിലെ 140 വർഷം പഴക്കമുള്ള മൃഗശാലയിൽ മ്യൂസിയവും ബോട്ടാണിക്കൽ ഗാർഡനും വരുന്നു. ഇതിനായുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്ന ചുമതല കേരളത്തിലെ മ്യൂസിയങ്ങൾ രൂപകൽപ്പന ചെയ്യുന്ന സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ 'കേരള മ്യൂസിയം' ഏറ്റെടുത്തു. ചെമ്പുക്കാവിലെ 10.43 ഏക്കർ കാമ്പസാണ് ഈ വിധം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സർക്കാരിന്റെ അന്തിമകാലത്ത് രൂപപ്പെടുത്തിയ പദ്ധതിയിൽ ഡി.പി.ആർ വന്നശേഷം കൂട്ടിച്ചേർക്കലുകൾ പരിസ്ഥിതി സംഘടനകളോടും തൃശൂർ നിവാസിളോടും ചർച്ച ചെയ്ത് തീരുമാനിക്കാനാണ് യു.ഡി.എഫ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിനായി സെമിനാർ ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കും. മൃഗശാലയെ ബോട്ടാണിക്കൽ ഗാർഡനാക്കി രൂപാന്തരപ്പെടുത്തണമെങ്കിൽ മറ്റിനങ്ങളിൽ പെട്ട മരങ്ങൾ വച്ചുപിടിപ്പിക്കേണ്ടിവരും. നിലവിൽ കൂടുതലുള്ള പ്ലാവ് ഉൾപ്പെടെയുള്ള മരങ്ങൾ ഒഴിവാക്കണം.
ഗാർഡൻ, പാർക്കിംഗ് സൗകര്യം, മ്യൂസിയം എന്നിവ ഇതോടൊപ്പം ഒരുക്കാനും പദ്ധതിയുണ്ട്. കൂടുതൽ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കാതെ ഇപ്പോഴുള്ളവ മാത്രം ഉപയോഗപ്പെടുത്തി ബോട്ടാണിക്കൽ ഗാർഡനും മ്യൂസിയവുമാക്കി മാറ്റാനാണ് പദ്ധതി. ചെമ്പുക്കാവ് മൃഗശാലയിലെ പ്രവർത്തനങ്ങൾക്കായി ടോക്കൺ അഡ്വാൻസ് വച്ചിട്ടുണ്ടെങ്കിലും തൃശൂരിലെ തന്നെ വ്യാപാര സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിക്കാനുള്ള നീക്കവും ത്വരിതഗതിയിലാണ്. പച്ചത്തുരുത്ത് കൂട്ടായ്മയാണ് മൃഗശാലയെ ബോട്ടാണിക്കൽ ഗാർഡനാക്കി മാറ്റണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്.


'പച്ചത്തുരുത്ത്' സംഘടനയുടെ നിർദ്ദേശങ്ങൾ

1. മരങ്ങളോ സസ്യസമ്പത്തോ വെട്ടിമാറ്റാതെ ബൊട്ടാണിക്കൽ ഗാർഡനാക്കുക.

2. മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനും പ്രഭാതസായാഹ്ന സവാരിക്കുമായി വാക്കിംഗ് ട്രാക്കുകളും ഓപ്പൺ ജിംനേഷ്യവും സ്ഥാപിക്കുക.

3. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഇന്റർപ്രെട്ടേഷൻ സെന്ററായും, പരിസ്ഥിതി പഠന ഇന്റേൺഷിപ്പ് കേന്ദ്രമായും മാറ്റുക.

4. ഔഷധസസ്യങ്ങളുടെ നഴ്‌സറിയും ബട്ടർഫ്‌ളൈ പാർക്കും സ്ഥാപിക്കുക.

5. പഴയ മ്യൂസിയം കെട്ടിടങ്ങൾ, കൊല്ലങ്കോട് കൊട്ടാരം എന്നിവയിൽ പുരാവസ്തു ബൊട്ടാണിക്കൽ മ്യൂസിയം ഒരുക്കുക. ചെറിയ അക്കാഡമിക് സമ്മേളനങ്ങൾക്കായി ഹാളുകൾ നൽകി വരുമാനം കണ്ടെത്താം.


ചെമ്പൂക്കാവ് കാമ്പസ്

  • ആകെ ഭൂവിസ്തൃതി: 14.07 ഏക്കർ
  • പച്ചത്തുരുത്ത് പ്രദേശം: 10.43 ഏക്കർ
  • കെട്ടിടങ്ങളുള്ളത്: 2.31%
  • കൂടുകളുടെ വിസ്തൃതി: 80 സെന്റ് (56 കൂടുകൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL