
തിരുവനന്തപുരം: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ മിനിമോഡൽ,തലസ്ഥാനത്തൊരുങ്ങുന്നു.നേപ്പിയർ മ്യൂസിയത്തിന് എതിർവശത്തായി സി.അച്യുതമേനോൻ പാർക്കിന് സമീപം ഇന്ത്യൻ നാവികസേനയാണ് മിനിമോഡൽ സ്ഥാപിക്കുന്നത്.
10 മീറ്റർ നീളവും 5 മീറ്റർ വീതിയും എട്ട് ടണ്ണോളം ഭാരവുമുള്ള സ്റ്റീലിൽ നിർമ്മിക്കുന്ന മോഡലാണിത്. ടൂറിസം വകുപ്പ് മിനിമോഡൽ സ്ഥാപിക്കുന്നതിനുള്ള ബേസ്മെന്റിന്റെ നിർമ്മാണം ആരംഭിച്ചു.
ഐ.എൻ.എസ് വിക്രാന്തിന്റെ മാതൃകകൾ ഇന്ത്യയിലെ 10 നഗരങ്ങളിൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിലുൾപ്പെട്ടതാണ് ഈ മിനിമോഡൽ. 2022 ജൂണിൽ മുംബയിൽ ഐ.എൻ.എസ് വിക്രാന്തിന്റെ 10.5 മീറ്റർ നീളമുള്ള ഒരു മാതൃക സ്ഥാപിച്ചിട്ടുണ്ട്.
കപ്പലിന്റെ സ്കെയിൽ മോഡലാണ് തലസ്ഥാനത്ത് ഒരുക്കുന്നത്. യഥാർത്ഥ വസ്തുവിന്റെ കൃത്യമായ അനുപാതത്തിനനുസരിച്ചുള്ള ചെറിയ പതിപ്പാണ് സ്കെയിൽ മോഡൽ. പൂനെയിൽ നിന്ന് കൊണ്ടുവരുന്ന മോഡൽ ഏഴ് ദിവസത്തിനുള്ളിൽ തലസ്ഥാനത്തെത്തും. മിനിമോഡൽ സ്ഥാപിക്കുന്നതിനുള്ള ജോലികൾ രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാക്കി സ്വാതന്ത്ര്യദിനത്തിൽ ഉദ്ഘാടനം നിർവഹിക്കാനാണ് നേവിയുടെ തീരുമാനം.ചടങ്ങിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും,എത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
നാവികസേന ദിനത്തോടനുബന്ധിച്ച് ശംഖുംമുഖത്ത് ഇക്കഴിഞ്ഞ ഡിസംബർ 3ന് നടന്ന ഇന്ത്യൻ നാവികസേനയുടെ ഗ്രാന്റ് ഓപ്പറേഷണൽ ഡെമോൺസ്ട്രേഷന്റെ ഭാഗമായിട്ടാണ് മിനിമോഡൽ സ്ഥാപിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യതിഥിയായിരുന്ന ചടങ്ങ് ഐ.എൻ.എസ് വിക്രാന്തിന്റെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. മോഡൽ സ്ഥാപിക്കാനുള്ള സ്ഥലം കിട്ടാനുണ്ടായ കാലതാമസമാണ് പദ്ധതി വൈകാൻ കാരണം. കേരള വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്താണിപ്പോൾ മോഡൽ സ്ഥാപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |