SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.47 PM IST

കോർപ്പറേഷനിൽ ഇന്ന് നിർണായക കൗൺസിൽ

തിരുവനന്തപുരം: രാഷ്ട്രീയ നാടകത്തിനും തന്ത്രപരമായ നീക്കങ്ങൾക്കും മുന്നണികൾ തന്ത്രം മെനയുമ്പോൾ നഗരസഭയിൽ ഇന്ന് നടക്കുന്നതെന്താകുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ അയോഗ്യത ഒഴിവാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

നേരത്തെ രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗൺസിലിൽ പങ്കെടുക്കാതെ വന്നാൽ അയോഗ്യതയുണ്ടാകും. 101 സീറ്റിൽ സ്വതന്ത്രൻ ഉൾപ്പെടെ 51 അംഗങ്ങളുടെ പിന്തുണയോടെ ഭരിക്കുന്ന ബി.ജെ.പിക്ക് സുഗതന്റെ സ്ഥാനം നിലനിറുത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ സുഗതന്റെ അവധി അപേക്ഷ മേയർ വി.വി.രാജേഷ് അംഗീകാരത്തിനായി സമർപ്പിക്കും. ഈ അപേക്ഷ വോട്ടിനിട്ട് പാസാക്കാൻ ഒരുങ്ങിയാൽ വിജയിക്കുമോ എന്നതിലാണ് ആശങ്ക.

നിലവിലെ അംഗബലം വച്ച് നോക്കുമ്പോൾ ബി.ജെ.പിക്ക് ഇത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജയിലിൽ കഴിയുന്ന സുഗതൻ യോഗത്തിന് വരാതിരിക്കുന്നതോടെ സഭയിലെ അംഗങ്ങളുടെ എണ്ണം 100 ആയും ബി.ജെ.പിയുടെ അംഗബലം 50 ആയും ചുരുങ്ങും. അവധി അപേക്ഷ പാസാകണമെങ്കിൽ 51 പേരുടെ വോട്ട് വേണം. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു വോട്ട് പോലും അസാധുവാതെ നോക്കേണ്ടതുമുണ്ട്. പ്രതിപക്ഷത്തു നിന്നും ഒരാൾ പങ്കെടുക്കാതെ വന്നാൽ വിജയം ബി.ജെ.പിക്കാകും. അങ്ങനെ സംഭവിക്കുമോ എന്നതിലാണ് ആകാംക്ഷ. പ്രതിപക്ഷത്തും ഒരു സ്വതന്ത്ര അംഗമുണ്ട്. ഭൂരിപക്ഷം തെളിയിക്കുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്.

സുഗതൻ അയോഗ്യനാകുമെന്ന് യു.ഡി.എഫ്

കൗൺസിലിനു ശേഷം സുഗതനെ പുറത്താക്കാൻ സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെടുമെന്നും അവധി എന്നുള്ളത് ബി.ജെ.പിയുടെ നാടകമാണെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.എസ്.ശബരീനാഥൻ പറഞ്ഞു. നിയമത്തിൽ ഒരിടത്തും ക്രിമിനൽ കേസ് പ്രതിക്ക് അവധി കൊടുക്കാനുള്ള വ്യവസ്ഥയില്ല. ഇത് ദുർവിനിയോഗം ചെയ്യാൻ ശ്രമിച്ചാൽ ശക്‌തമായി എതിർക്കുമെന്നും ശബരീനാഥൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL