കോന്നി : കുട്ടവഞ്ചിക്കൊപ്പം അടവിയുടെ ആകർഷണമായിരുന്ന മുളങ്കുടിലുകൾ നാശാവസ്ഥയിൽ. അഞ്ച് കുടിലുകൾക്ക് പൂട്ടുവീണിട്ട് ഒന്നരവർഷമായി. വനം വന്യജീവി വകുപ്പിന്റെ വനവികാസ ഏജൻസിയുടെ കീഴിലുള്ള തണ്ണിത്തോട് പേരുവാലിയിലെ മുളങ്കുടിലുകളാണ് (ട്രീ ടോപ് ബാംബു ഹട്ട്) തകർച്ച നേരിട്ടതിനെ തുടർന്ന് അടച്ചിട്ടിരിക്കുന്നത്. ഇവിടെ അഞ്ച് കുടിലുകളും ഒരു ഡൈനിംഗ് ഹാളുമാണുള്ളത്. ഇതിൽ രണ്ടു കുടിലുകൾ വർഷങ്ങളായി അറ്റകുറ്റപ്പണിയില്ലാതെ തകർച്ചയിലാണ്. വർഷങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും മേൽക്കൂരയിലെ ചോർച്ച പരിഹരിക്കാഞ്ഞതിനാൽ വീണ്ടും തകർച്ചയിലാകുകയായിരുന്നു.
2016 സെപ്തംബറിലാണ് നിർമാണം പൂർത്തിയാക്കി ബാംബു ഹട്ടുകൾ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. തുടക്കകാലത്ത് അഞ്ചു ഹട്ടുകളിലും സഞ്ചാരികൾ തങ്ങിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണികൾ നടത്താതെ നാശാവസ്ഥയിലായി. ഓൺലൈൻ ബുക്കിംഗ് സംവിധാനം നടപ്പാക്കിയതോടെ തിരക്കേറി.
ബാംബൂ ഹട്ട് നിരക്ക് : 3200 രൂപ
(ഒരു രാത്രിയും പകലും കഴിയാം)
വലിയ വരുമാന നഷ്ടം
കുട്ടവഞ്ചി സവാരിക്കൊപ്പം കല്ലാറിന്റെ തീരത്തുള്ള മുളങ്കുടിലുകളിൽ തങ്ങാനായാണ് സഞ്ചാരികൾ എത്തുന്നതെങ്കിലും പലരും നിരാശരായി മടങ്ങുകയാണിപ്പോൾ. രണ്ട് കുടിലുകളുടെയും ഡൈനിംഗ് ഹാളിന്റെയും അറ്റകുറ്റപ്പണികൾ മാസങ്ങൾക്ക് മുൻപ് ആരംഭിച്ചുവെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.
കുടിലുകൾ ഉപയോഗിക്കാനാകാത്തത് കാരണം അതിൽ നിന്നുലഭിക്കേണ്ട വരുമാനം നഷ്ടമാകുകയാണ്. ഓണക്കാലത്തും മദ്ധ്യവേനൽ അവധിസമയത്തും ഡിസംബർ, ജനുവരി മാസങ്ങളിലും സഞ്ചാരികൾ ഏറെയെത്താറുണ്ട്.
അടവിയിൽ കുട്ടവഞ്ചി സവാരിക്കൊപ്പം മുളംകുടിലുകളിലെ താമസം ആസ്വദിക്കാനാണ് എത്തിയത്. എന്നാൽ അത് സാദ്ധ്യമായില്ല.
ചന്ദ്രൻ,
(പാലക്കാട് നിന്നെത്തിയ സഞ്ചാരി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |