
പത്തനംതിട്ട : മിന്നൽ പ്രളയങ്ങളും വെള്ളപ്പൊക്കവും പതിവായ ജില്ലയിൽ റിവർമാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനം അവതാളത്തിൽ. 2018ലെ മഹാപ്രളയത്തിന് ശേഷം കമ്മിറ്റി കൂടിയതായി രേഖകളില്ല. നദീസംരക്ഷണത്തിനായി 12 കോടിയോളം രൂപ കമ്മിറ്റിയുടെ ഫണ്ടിൽ ചെലവഴിക്കാതെ കിടക്കുന്ന
തായാണ് അനൗദ്യോഗിക കണക്ക്. ജില്ലാ കളക്ടർ ചെയർമാനായാണ് സമിതിയുടെ പ്രവർത്തനം. തുടക്കത്തിൽ പരിസ്ഥിതി പ്രവർത്തകരെയും നദീസംരക്ഷണ സമിതി പ്രവർത്തകരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും രാഷ്ട്രീയക്കാർ കടന്നുകൂടിയതോടെ പ്രവർത്തനം പ്രഹസനമായിമാറി.
റിവർ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗിക്കാത്തതും കമ്മിറ്റിയെ ദുർബലപ്പെടുത്തി. ജില്ലയിലെ നദികളുടെ തീരം സർവേ നടത്തിയാൽ മാത്രമേ ഫണ്ട് വിനിയോഗിക്കാൻ കഴിയുകയുള്ളവെന്നാണ് അധികൃതരുടെ വിശദീകരണം. പമ്പാനദിയുടെ തീരം അളന്ന് തിട്ടപ്പെടുത്താൻ നേരത്തെ ശ്രമം നടന്നിരുന്നെങ്കിലും രാഷ്ട്രീയസമ്മർദ്ദത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
വിനിയോഗിക്കാതെ ഫണ്ട്
മണൽ ഖനനത്തിന് റോയലിറ്റിയായി കിട്ടുന്ന തുകയാണ് റിവർ മാനേജ്‌മെന്റ് ഫണ്ടായി സൂക്ഷിക്കുന്നത്. ഖനനത്തിന് ഇപ്പോൾ നിരോധനമുണ്ടെങ്കിലും മുൻകാല ഫണ്ടുകളുണ്ട്. അനധികൃത മണൽ ഖനനത്തിന് ഈടാക്കുന്ന പിഴയും ഈ ഫണ്ടിലേക്ക് എത്തിച്ചേരും. നദീതീരത്തിന്റെ സർവേകളുമായി ബന്ധപ്പെട്ട രേഖകളും നദീതീര കൈയേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ജില്ലാഭരണകൂടത്തിന്റെ പക്കലില്ലാത്തതും ഫണ്ട് വിനിയോഗത്തിന് തടസമായി. റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് പമ്പാനദിയിൽ മാത്രമാണ് നാമമാത്രമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.
വിനിയോഗിക്കാതെ കിടക്കുന്ന പണം : 12 കോടി
റിവർ മാനേജ്മെന്റ് കമ്മിറ്റി
നദികളുടെ സംരക്ഷണം, മണൽ ഓഡിറ്റിംഗ്, നദീതീരങ്ങളുടെ മാപ്പിംഗ് എന്നിവയ്ക്കായി പ്രവർത്തിക്കുന്ന കമ്മിറ്റിയാണിത്. ജില്ലാകളക്ടർ ചെയർമാനും ഇറിഗേഷൻ, റവന്യൂ , മൈനിംഗ് ആൻഡ് ജിയോളജി , വനംവകുപ്പ് തുടങ്ങിയ ഉദ്യോഗഥസ്ഥരും ജനപ്രതിനിധികളും അംഗങ്ങളാണ്.
പ്രവർത്തനം
നദിയിലെ മണൽത്തിട്ടയുടെ അളവ് കാലാകാലങ്ങളിൽ തിട്ടപ്പെടുത്തണം. അനധികൃത മണൽ ഖനനം തടയണം. നദികളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും തീരമിടിച്ചിൽ തടയുന്നതിനും നടപടി സ്വീകരിക്കണം.
നദിയുടെ നീരൊഴുക്കിന് തടസമാകുന്ന മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ വിവിധ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കണം.
ജില്ലയിലെ നദികൾ : പമ്പ, അച്ചൻകോവിൽ, മണിമല , കല്ലാർ, കക്കാട്ടാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |