കോഴിക്കോട്: ഓണ വിപണി ലക്ഷ്യമാക്കി വിളവിറക്കിയ കർഷകരുടെ കണക്കുകൂട്ടലുകൾ പെയ്തിറങ്ങിയ ദുരിത മഴ തെറ്റിച്ചു. തകർത്തു പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും ആയിരക്കണക്കിന് കർഷകരുടെ പ്രതീക്ഷയാണ് ഒലിച്ചുപോയത്. ആഗസ്റ്റ് ഒന്നു മുതൽ ഇന്നലെ വരെ മാത്രം ജില്ലയിൽ 2.98 കോടി രൂപയുടെ കൃഷിനാശമുണ്ടായി. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുപ്രകാരം 110.55 ഹെക്ടർ കൃഷിയിടം കനത്തമഴയിൽ നശിച്ചു.
@ കൃഷിനാശം ഏറെയും
കൊയിലാണ്ടി മേഖലയിൽ
കനത്തുപെയ്ത കാലവർഷത്തിൽ കൃഷിയിടം നശിച്ചത് ഏറെയും കൊയിലാണ്ടി മേഖലയിൽ. 61.6 ഹെക്ടർ കൃഷിയാണ് വെള്ളത്തിലായത്. സാമ്പത്തിക നഷ്ടത്തിൽ മുന്നിൽ കോഴിക്കോട് ബ്ലോക്കാണ്. 1.05 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ജില്ലയിൽ വാഴ കൃഷിയാണ് കൂടുതൽ നൽിച്ചത്. പച്ചക്കറി, കപ്പ, തെങ്ങ്, കമുക്, റബർ എന്നിവയും വ്യാപകമായി നശിച്ചു. വിവിധ കാർഷിക കൂട്ടായ്മകളും കുടുംബശ്രീ യൂണിറ്റുകളും സ്വയം സഹായ സംഘങ്ങളും നടത്തിയ പച്ചക്കറി കൃഷിയെയും ചെണ്ടുമല്ലി കൃഷിയേയും മഴ പ്രതികൂലമായി ബാധിച്ചു. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മഴ തിരിച്ചടിയായത്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും കൃഷിയെ പ്രതികൂലമായി ബാധിച്ചു.
@ മലയോരത്ത് വൻ നാശം
താമരശ്ശേരി, കൂടരഞ്ഞി, കോടഞ്ചേരി, കട്ടിപ്പാറ എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഏക്കർ കണക്കിന് കൃഷിഭൂമിയാണ് ഒലിച്ചുപോയത്. കോടഞ്ചേരിയിലെ കല്ലറാൻ കവലയ്ക്ക് സമീപം മണ്ണിടിച്ചിലിൽ നാല് ഏക്കറോളം കൃഷിഭൂമി പൂർണമായും മണ്ണുമൂടി. ചാലിയാർ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ എന്നിവ കരകവിഞ്ഞതോടെ മാവൂർ, ചാത്തമംഗലം, ഒളവണ്ണ, കൊമ്മേരി തുടങ്ങിയ താഴ്ന്ന് പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിലും പച്ചക്കറി തോട്ടങ്ങളിലും ദിവസങ്ങളോളമാണ് വെള്ളം കെട്ടിക്കിടന്നത്. മഴ ഒടുങ്ങിയാലും കൃഷിയിറക്കാൻ നിലം ഒരുക്കുന്നതിനും മറ്റുമായി വലിയ ചെലവ് വേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. പ്രകൃതിയുടെ പ്രഹരത്തോടൊപ്പം വിപണിയിലെ അനിശ്ചിതത്വവും കർഷകരെ ഇരുട്ടടിയായി. നാടൻ പച്ചക്കറികളുടെ ഉത്പാദനം കുറഞ്ഞതോടെ വിപണികളിൽ ഇതര സംസ്ഥാന പച്ചക്കറികളുടെ വരവ് വർധിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് വില ഇടിഞ്ഞതും കർഷകരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. വായ്പയെടുത്ത് കൃഷിയിറക്കിയവർക്ക് തിരിച്ചടവിനുള്ള വഴി മങ്ങുകയാണ്. അർഹരായ കർഷകർക്ക് ഇൻഷ്വറൻസ് തുക വേഗത്തിൽ ലഭ്യമാക്കണമെന്നും കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നുമാണ് കോഴിക്കോട്ടെ കർഷക കൂട്ടായ്മകളുടെ പ്രധാന ആവശ്യം.
കൃഷിനാശം കൂടുതലുണ്ടായ പ്രദേശങ്ങൾ
കൊയിലാണ്ടി, കൊടുവള്ളി, മുക്കം, പേരാമ്പ്ര, തിക്കോടി , തോടന്നൂർ, ഉള്ള്യേരി, തൂണേരി, വടകര, മാവൂർ ,പെരുവയൽ.
കൃഷിനാശം നഷ്ടം (ബ്രാക്കറ്റിൽ)
കൊയിലാണ്ടി
61.6 ഹെക്ടർ (9.35 ലക്ഷം)
കൊടുവള്ളി
23.8 ഹെക്ടർ( 99.74 ലക്ഷം)
കോഴിക്കോട്
14.7 ഹെക്ടർ( 1.05 കോടി)
മുക്കം
5.30 ഹെക്ടർ( 34.20 ലക്ഷം)
പേരാമ്പ്ര
1.72 ഹെക്ടർ (22.75 ലക്ഷം)
തിക്കോടി
1.70 ഹെക്ടർ (11.76 ലക്ഷം)
തോടന്നൂർ
132 ഹെക്ടർ( 10.41 ലക്ഷം)
ഉള്ളേരി
0.57 ഹെക്ടർ (3.36 ലക്ഷം)
തൂണേരി
0.50 ഹെക്ടർ (0.77 ലക്ഷം)
വടകര
0.15 ഹെക്ടർ( 13 ലക്ഷം)
' കൃഷി പൂർണമായും നശിച്ചാലും പലപ്പോഴും കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാറില്ല. അർഹമായ സാമ്പത്തിക സഹായം സർക്കാർ ഉറപ്പാക്കണം എന്നാണാവശ്യം.'
ജയകൃഷ്ണൻ, കർഷകൻ, സങ്കേതം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |