കണ്ണൂർ: പതിനൊന്ന് മാസമേ പ്രായമുള്ളൂ കുഞ്ഞു ലുആന്. പിച്ചവച്ചു തുടങ്ങിയിട്ടില്ല. പക്ഷേ, കുളത്തിൽ നീന്തൽ പരിശീലനത്തിലാണിപ്പോൾ. കുഞ്ഞു മകനെ വെള്ളത്തിലിറക്കിയതിനെ അടുത്ത ബന്ധുക്കൾപോലും എതിർത്തു. മകനെ വളരെ ചെറുപ്പത്തിലേ നീന്തൽ പഠിപ്പിക്കണമെന്ന തീരുമാനത്തിൽ ഏച്ചൂർ കമാൽ പീടികയിലെ റിദ്വാനിൽ അദീപും ലക്ഷ്മിശ്രീയും ഉറച്ചുനിന്നു. ചെറുപ്പത്തിലേ നീന്തൽ പരിശീലിക്കുന്നത് വെള്ളത്തോടുള്ള പേടി ഇല്ലാതാക്കി ആത്മവിശ്വാസം വളർത്തുമെന്നാണ് ഇരുവരുടെയും അഭിപ്രായം.
സ്വിമ്മിംഗ് വേവ്സ് അക്വാട്ടിക് ക്ലബിന്റെ കീഴിൽ തയ്യിൽ കുളത്തിലാണ് പരിശീലനം. ഒരാഴ്ചമുൻപാണ് പരിശീലനം തുടങ്ങിയത്. ജയ്ദീപ്, സുധീഷ് എന്നിവരാണ് പരിശീലകർ. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷമാണ് പരിശീലനം. മഴയത്തോ കൂടുതൽ ആളുകളുള്ള സമയത്തോ കുഞ്ഞിനെ കുളത്തിലിറക്കാറില്ല. കഴുത്തിൽ എയർബാഗ് ഘടിപ്പിച്ചാണ് വെള്ളത്തിലിറക്കുന്നത്. പരിശീലന സമയത്ത് കരച്ചിലോ നിർബന്ധമോ ഇല്ല.
അമ്മ നീന്തൽ പഠിച്ചത് രണ്ടു വർഷം മുമ്പ്
ലുആന്റെ അമ്മ ലക്ഷ്മിശ്രീ രണ്ടു വർഷം മുൻപമാണ് നീന്തൽ പഠിച്ചത്. ലക്ഷ്മിശ്രീക്കൊപ്പം അമ്മ ശ്രീജയും (60) നീന്തൽ പഠിച്ചു. ലു ആനെ പ്രസവിക്കുന്നതിന്റെ മൂന്നു ദിവസം മുൻപ് വരെ നീന്തിയിരുന്നുവെന്ന് നൃത്താദ്ധ്യാപികയായ ലക്ഷ്മിശ്രീ പറഞ്ഞു. അദീപിന് ഡിജിറ്രൽ മാർക്കറ്റിംഗ് കമ്പനിയിലാണ് ജോലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |