ജംഷീറിനെ പിടികൂടിയപ്പോൾ
കൊച്ചി: വിമാനയാത്രക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് നെടുമ്പാശേരി പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 9.30നും 11.05നും ഇടയിലായിരുന്നു സംഭവം. ഒഡി 231-ാം നമ്പർ വിമാനത്തിൽ സീറ്റ് നമ്പർ 12എയിലായിരുന്നു ജംഷീർ യാത്ര ചെയ്തത്. പെട്ടെന്ന് ഇയാൾ എമർജൻസി വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും എമർജൻസി വിൻഡോ പാനൽ അടിച്ചുതകർക്കുകയുമായിരുന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
തടയാൻ ശ്രമിച്ച മറ്റ് യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും യുവാവ് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ഇയാളെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ മറ്റൊരു യാത്രക്കാരൻ ചിത്രീകരിച്ചത് പുറത്തുവരുന്നുണ്ട്.
രാത്രി 11.10ഓടെയാണ് വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തത്. ബാട്ടിക് എയർലൈൻസ് സെക്യൂരിറ്റി ഇൻ ചാർജ് ബിന്ദു മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജംഷീറിനെതിരെ പൊലീസ് എഫ്‌ഐആർ ചുമത്തിയത്. ജംഷീർ ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്നാണ് വിവരം. ഇയാളുടെ പശ്ചാത്തലമടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഏത് സാഹചര്യത്തിലാണ് എമർജൻസി വാതിൽ തുറക്കാൻ ഇയാൾ ശ്രമിച്ചതെന്നും പൊലീസ് അന്വേഷിക്കുകയാണ്.
A Malayali passenger, Jamsheer Athanikkal (36) from Palakkad, was arrested in Kochi for attempting to open an emergency door and smashing a window panel during a Batik Airlines flight from Kuala Lumpur. He also reportedly threatened co-passengers and crew. Police are questioning him and investigating the incident after an FIR was filed by airline security.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |