
ലിജോ ജോസ് പെല്ലിശേരിയുടെ ബോളിവുഡ് സംവിധാന അരങ്ങേറ്റ ചിത്രം ദിൽകഷി മുംബയിൽ പാക്കപ്പ്. ബോളിവുഡ് സംവിധായകൻ രാജ് കുമാർ ഹിരാനിയുടെ മകൻ വീർ ഹിരാനിയും മലയാളതാരം ഇന്ദ്രജിത്തും പ്രധാനവേഷത്തിൽ എത്തുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം. മലയാളിയായ ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. ഗിരീഷ് ഗംഗാധരന്റെയും ബോളിവുഡ് അരങ്ങേറ്റം ആണ് . വിഖ്യാത നിർമ്മാതാവും സംവിധായകനുമായ ഹൻസൽ മെഹ്തയുടെ ട്രു സ്റ്റോറി ഫിലിംസും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമ്മാണം. ലിജോയും കരൺവ്യാസും ചേർന്ന് രചന നിർവഹിക്കുന്നു. ആമേനുശേഷം സംഗീത പ്രാധന്യമുള്ള പ്രണയ കാവ്യം ഒരുക്കുകയാണ് ലിജോ. അതേസമയം പൊള്ളാച്ചിയിൽ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നവാഗതനയ കിരൺ ജോസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് വീണ്ടും ജോയിൻ ചെയ്തു . ആഗസ്റ്റ് 10മുതൽ കാലന്റെ തങ്കക്കുടത്തിന്റെ അവസാന ഷെഡ്യൂളിൽ പങ്കെടുക്കും. ഒാണത്തിനുശേഷം വീണ്ടും കിരൺ ജോസി ചിത്രത്തിൽ അഭിനയിക്കാനാണ് തീരുമാനം. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം ഒറ്റക്കൊമ്പനിൽ ജോയിൻ ചെയ്യും. തുടർന്ന് തെലുങ്ക് ചിത്രം ജയ് ഹനുമാനിൽ ഇന്ദ്രജിത്ത് അഭിനയിക്കാനാണ് ഒരുങ്ങുന്നത്.16 വർഷങ്ങൾക്കുശേഷം റീ റിലീസ് ചെയ്യുന്ന ലിജോ ജോസ് പെല്ലിശേരി - ഇന്ദ്രജിത്ത് ചിത്രം നായകൻ സെപ്തംബർ 4ന് പ്രദർശനത്തിന് എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |