
കൊച്ചി: പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 116 മുക്കുപണ്ട വളകൾ പണയപ്പെടുത്തി 92.48 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലായി. മുഖ്യ ആസൂത്രകൻ ഇടുക്കി ഉടുമ്പന്നൂർ ചീനിക്കുഴി മനക്കമാലിൽ അർഷൽ ഇസ്മായിൽ (32), മുക്കുപണ്ടം നിർമ്മിച്ച കോതമംഗലം പിണ്ടിമന ചേലാട് കുഴിക്കാട്ടിൽ വീട്ടിൽ ഷിനോജ് (42), അർഷലിന്റെ സഹായി ഇടുക്കി മണിയാർകുടി സ്വദേശി ലിബിൻ സേവ്യർ (34) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയംവച്ച കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു (31), വയനാട് സുൽത്താൻബത്തേരി തേലംപട്ട സ്വദേശി ടി.ആർ. രാഹുൽ (39) എന്നിവർ കഴിഞ്ഞ 29ന് പിടിയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശി ആശിഖ് അറബി (33) ഒളിവിലാണ്.
ധനകാര്യ സ്ഥാപനത്തിന്റെ പാലാരിവട്ടം ശാഖയിൽ ജൂൺ 16നും ജൂലായ് 27നുമിടെയാണ് പലതവണയായി മുക്കുപണ്ടം പണയപ്പെടുത്തിയത്. സംശയം തോന്നി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ജൂൺ 29ന് വീണ്ടും മുക്കുപണ്ടവുമായി എത്തിയ രാഹുലിനെയും വിഷ്ണുവിനെയും ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
ഷിനോജിന്റെ പിണ്ടിമന ചേലാട് കരിങ്ങഴയിലെ വീട്ടിലാണ് മുക്കുപണ്ടം നിർമ്മിച്ചിരുന്നത് . ഇവിടെ നിന്ന് വ്യാജ വളകളും നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തു.
വിവിധ ജില്ലകളിലെ പണയത്തട്ടിപ്പ് സംഘങ്ങൾക്ക് അർഷലും ഷിനോജും മുക്കുപണ്ടങ്ങൾ കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചു. അർഷൽ, വിഷ്ണു, ലിബിൻ സേവ്യർ എന്നിവർ മറ്റ് കേസുകളിലും പ്രതികളാണ്.
എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ പാലാരിവട്ടം എസ്.എച്ച്. ഒ എ. അനൂപ്, എസ്.ഐമാരായ ആർ. ജഗീഷ് , മിഥുൻ മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
യന്ത്രം പോലും
തിരിച്ചറിഞ്ഞില്ല
കൊച്ചി: ഹാൾമാർക്ക് മുദ്ര സഹിതം ഷിനോജ് തീർക്കുന്ന മുക്കുപണ്ടങ്ങൾ വിദഗ്ധ പരിശോധനയിൽ പോലും തിരിച്ചറിയുക പ്രയാസം. പ്രതികൾ പലപ്പോഴായി പണയപ്പെടുത്തിയ 116 വളകൾ ധനകാര്യ സ്ഥാപനത്തിന്റെ യന്ത്രത്തിൽ പരിശോധിച്ചെങ്കിലും വ്യാജമാണെന്ന് തിരിച്ചറിഞ്ഞില്ല. ഇത്രയധികം ആഭരണങ്ങൾ പണയപ്പെടുത്തിയതിൽ ഓഡിറ്റമാർക്ക് തോന്നിയ സംശയമാണ് കള്ളി പൊളിച്ചത്. രണ്ട് അപ്രൈസർമാരെ വരുത്തി പരിശോധിച്ചിട്ടും വ്യാജമാണെന്ന് മനസിലായില്ല. ഒടുവിൽ അപ്രൈസർമാരിൽ ഒരാൾ ഒരു വള പൊട്ടിച്ച് നടത്തിയ പരിശോധനയിൽ തട്ടിപ്പ് പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |