SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.56 AM IST

ദേവസ്വം ബോർഡിന്റെ പിടിപ്പുകേട്

READ ENGLISH VERSION
a

കള്ളൻ കപ്പലിൽ തന്നെ എന്ന് അതിന്റെ ഭരണാധികാരികൾ തന്നെ ജയിലിൽ കിടന്നുകൊണ്ട് സമൂഹസമക്ഷം തെളിയിച്ച ഒരു സ്ഥാപനമാണ് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ അഴിമതി വാർത്തകൾക്ക് ഏതാണ്ട് ബോർഡിന്റെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. ഭഗവാന്റെ മുന്നിൽ നിന്നുകൊണ്ട് ഈ തീവെട്ടിക്കൊള്ള എങ്ങനെ നടത്താൻ കഴിയുന്നു എന്ന ചോദ്യം ഇന്നും വിശ്വാസികളെ അലട്ടുന്ന ഒന്നാണ്. ശബരിമലയിൽ അന്യസംസ്ഥാനത്തുനിന്ന് വരുന്ന ധനികരായ ഭക്തന്മാർ സമർപ്പിക്കുന്ന പണത്തിന്റെ അളവിൽ എത്ര ശതമാനം അടിച്ചുമാറ്റാം എന്നതിലാണ് ബോർഡിലെ ചില ഉദ്യോഗസ്ഥർ കാലങ്ങളായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. സമ്പത്തിൽ മാത്രം കണ്ണുവയ്ക്കുമ്പോൾ പിന്നെ അവിടെ അവഗണിക്കാൻ കഴിയുന്നത് ഭക്തരുടെ താത്‌പര്യങ്ങൾ മാത്രമാണ്. മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാറാണ് ഇപ്പോൾ പ്രസിഡന്റ്. പക്ഷേ, സത്യസന്ധനായ അദ്ദേഹത്തെപ്പോലും കബളിപ്പിക്കുന്ന വിധത്തിൽ ബോർഡ് ജീവനക്കാർ പെരുമാറാൻ തുടങ്ങിയാൽ കർശന നടപടിയെടുക്കുകയല്ലാതെ മറ്റു മാർഗമില്ല.

ശബരിമലയ്ക്ക് പോകുന്നവരിൽ മിക്കവാറും എല്ലാവരും തന്നെ അരവണയും അപ്പവുമൊക്കെ വാങ്ങാറുണ്ട്. ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന വിലയാണ് ഭക്തർ നൽകുന്നത്. എന്നിട്ടുപോലും അത് നൽകാൻ ക്ഷാമം വന്നിരിക്കുന്നത് ബോർഡിന്റെ പിടിപ്പുകേടെന്നല്ലാതെ മറ്റെന്താണ് പറയാനുള്ളത്. ശർക്കര വാങ്ങാത്തതും നെയ്യില്ലാത്തതും അരവണ പ്ളാന്റ് പ്രവർത്തിക്കാത്തതുമൊന്നും ഭക്തരുടെ പ്രശ്നങ്ങളല്ല. അതൊക്കെ നോക്കാനാണ് ദേവസ്വം ബോർഡിനെ ഏൽപ്പിച്ചിരിക്കുന്നത്. കന്നിമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ ഇത്തവണ ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ വിളിച്ച് ദേവസ്വം മന്ത്രി കെ.മുരളീധരൻ അതൃപ്തി അറിയിച്ചു. കരുതൽ ശേഖരം ഒരുക്കുന്നതിൽ ബോർഡിന് വീഴ്ച പറ്റിയെന്ന് വിമർശിക്കുകയും ചെയ്തു.

ഇത്തരം വിമർശനങ്ങളും വിവാദങ്ങളും കൂടുതലും ശ്രദ്ധിക്കുന്നത് ശബരിമലയിൽ എത്താത്ത മലയാളികൾ മാത്രമാണ്. അതുകൊണ്ട് എന്ത് പ്രയോജനം. അന്യസംസ്ഥാനത്തുനിന്ന് എത്തുന്നവർക്കടക്കം ആവശ്യത്തിന് അരവണ ലഭ്യമാക്കുന്ന രീതിയിൽ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പണിക്കായി പ്രസാദ നിർമ്മാണം നിറുത്തി വച്ചതാണ് ക്ഷാമത്തിന് ഇടയാക്കിയത്. മുൻ വർഷങ്ങളിൽ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യുമ്പോൾ അരവണ നിർമ്മാണം പൂർണമായി നിറുത്തിയിരുന്നില്ല. മുൻ വർഷങ്ങളിലേക്കാൾ അരവണ ഇത്തവണ ശേഖരിച്ചിരുന്നെങ്കിലും ഭക്തരുടെ എണ്ണം കൂടിയതിനാൽ രണ്ടു ദിവസത്തിനുള്ളിൽ 80 ശതമാനത്തിലധികം അരവണയും തീരുകയാണുണ്ടായത്. ശബരിമലയിൽ എന്തെല്ലാം അട്ടിമറികൾ ഭരണതലത്തിൽ നടന്നാലും ഓരോ വർഷം കഴിയുമ്പോഴും ഭക്തജനങ്ങളുടെ എണ്ണം കൂടിവരികയേ ഉള്ളൂ.

ശബരി പാത കൂടി ശരിയായാൽ ഇപ്പോൾ വരുന്നതിന്റെ ഇരട്ടി ഭക്തജനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മറ്റും എത്തും. ഇതൊക്കെ മുൻകൂട്ടി കണ്ട് സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടത് ബോർഡിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണ്. ഈ പ്രശ്നത്തിൽ ഏറ്റവുമൊടുവിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യവും അരവണ ബഫർ സ്റ്റോക്കില്ലാത്തതും ദേവസ്വം ബെഞ്ചിനെ അറിയിക്കും. തീർത്ഥാടനകാലം തുടങ്ങാൻ വെറും 54 ദിവസം ശേഷിക്കെ മുന്നൊരുക്കങ്ങളിൽ വൻവീഴ്ച സംഭവിച്ചതായാണ് സർക്കാർ വിലയിരുത്തിയിരിക്കുന്നത്. കേരളകൗമുദി പ്രസിദ്ധീകരിച്ച 'കിട്ടാനില്ല അരവണ' എന്ന റിപ്പോർട്ടാണ് കടുത്ത നിലപാട് സ്വീകരിക്കാൻ സർക്കാരിനെ നയിച്ചത്. അഴിമതി തടയാൻ നടപടികൾ സ്വീകരിക്കുന്നത് നല്ലതാണ്. അതിനൊപ്പം അരവണയടക്കം ഭക്തർക്ക് ആവശ്യത്തിന് ലഭ്യമാക്കാൻ നടപടിയുമെടുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY