SignIn
Kerala Kaumudi Online
Sunday, 09 August 2026 3.27 AM IST

ഒറ്റ ഉത്തരവിൽ ഒരു ദുരിത പരിഹാരം

READ ENGLISH VERSION
a

സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും സാധാരണക്കാർക്ക് യഥാസമയം കിട്ടാതെ പോകുന്നതിന് സർക്കാർ നടപടികളിലെ നൂലാമാലകളും ചില പഴഞ്ചൻ നടപടിക്രമങ്ങളും മതി. അത്തരത്തിൽ ഒന്നായിരുന്നു,​ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന കെ.എച്ച്.ആർ.ഡബ്‌ള്യു.എസ് പേവാർഡുകളിൽ രോഗികൾക്ക് മുറി അനുവദിക്കുന്നതിന് ഉണ്ടായിരുന്ന ഒരു നിബന്ധന. പ്രതിമാസ വരുമാനം 1600 രൂപയ്ക്കു മുകളിലാണെങ്കിലേ അവിടെ മുറി ബുക്ക് ചെയ്യാനാകൂ. വരുമാനം നിശ്ചയിച്ചിരുന്നതാകട്ടെ,​ ഒ.പി ടിക്കറ്റിൽ രേഖപ്പെടുത്തുന്ന വരുമാനം അനുസരിച്ചും! ഒ.പി ടിക്കറ്ര് എടുക്കുന്ന അവസരത്തിൽ തീരെ കുറഞ്ഞ വരുമാനമേ പലരും പറഞ്ഞുകൊടുക്കൂ. പിന്നീട് പേവാർഡ് ബുക്ക് ചെയ്യേണ്ട ആവശ്യം വരുമ്പോഴായിരിക്കും അതിലെ കെണി തിരിച്ചറിയുക. ഇങ്ങനെ കുറഞ്ഞ നിരക്കിൽ രേഖപ്പെടുത്തിയ വരുമാനം പിന്നീട് തിരുത്തണമെങ്കിൽ നൂലാമാലകൾ പലതായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിലാണെങ്കിൽ അതിന് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്കണം. പിന്നീട് ലേ സെക്രട്ടറിയുടെ അനുമതി വാങ്ങണം. അതുമായി ആശുപത്രിയിലെ മെഡിക്കൽ റെക്കാർഡ്സ് വിഭാഗത്തിലെത്തണം. ആശുപത്രികളിൽ ഒ.പി ടിക്കറ്റിൽ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തുന്നത് രോഗിയോ ഒപ്പമുള്ളയാളോ നേരിട്ടല്ല. ചീട്ടെഴുതുന്ന ജീവനക്കാരാണ് വിവരങ്ങൾ ചോദിക്കുക. സർക്കാർ ജോലിയുണ്ടോ എന്നു മാത്രമായിരിക്കും ചില ജീവനക്കാർ ചോദിക്കുക. ഇല്ലെന്നു പറഞ്ഞാൽ അപ്പോൾ തോന്നുന്ന ഒരു തുക അവർ എഴുതുകയും ചെയ്യും. ഇതൊന്നും ശ്രദ്ധിക്കാതെയായിരിക്കും രോഗിക്ക് കിടത്തി ചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടർ പറയുമ്പോൾ ബന്ധുക്കൾ പേവാർഡിന് ഓട്ടംതുടങ്ങുക. സ്വകാര്യ ആശുപത്രികളിലെ കഴുത്തറുപ്പൻ മുറിവാടകയുമായി തട്ടിച്ചുനോക്കുമ്പോൾ തീരെ തുച്ഛമായ തുകയേ കെ.എച്ച്.ആർ.ഡബ്‌ള്യു.എസ് പേവാർഡുകളിൽ ഈടാക്കുന്നുള്ളൂ.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽപ്പോലും എ ടൈപ്പ് പേവാർഡിൽ പ്രതിദിന മുറിവാടക 400 രൂപ മാത്രമാണ്. സൂപ്പർ ഡീലക്സ് മുറിക്ക് 600 രൂപ. സർക്കാർ ആശുപത്രികളിൽ ജനറൽ വാർഡിലെ തിരക്കും രോഗിക്ക് കിടക്ക അനുവദിച്ചുകിട്ടുന്നതിനുള്ള ബുദ്ധിമുട്ടും നമുക്കറിയാം. പലേടത്തും ഒരേ കിടക്കയ്ക്ക് രണ്ട് അവകാശികളുണ്ടാവും. കിടക്കയ്ക്കു താഴെ,​ നിലത്തും ഇടനാഴികളിലും പോലും ചില അവസരങ്ങളിൽ രോഗികളെ കിടത്തേണ്ടിവരും. ഈ അവസ്ഥയിൽ ഒപ്പമുള്ളയാൾക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും മറ്റും പുറത്തെ സ്വകാര്യ ലോഡ്ജുകളിൽ കൂടിയ തുകയ്ക്ക് മുറിയെടുക്കുകയേ നിവൃത്തിയുണ്ടാകൂ. ഒ.പി. ടിക്കറ്റിൽ കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയതുകൊണ്ട് പേവാർ‌ഡ് കിട്ടാത്തതിനാൽ അനുഭവിക്കേണ്ടിവരുന്ന ഈ ദുരിതത്തിന് ഒറ്റയടിക്ക് പരിഹാരമായിരിക്കുകയാണ്.

വരുമാന പരിധിയില്ലാതെ എല്ലാവർക്കും കെ.എച്ച്.ആർ.ഡബ്‌ള്യു.എസ് പേവാർഡുകളിൽ മുറി നല്കണമെന്ന് ഉത്തരവിടാനാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി കെ. മുരളീധരൻ നല്കിയിരിക്കുന്ന നിർദ്ദേശം. ഉത്തരവ് പുറത്തിറങ്ങുന്നതോടെ,​ മെഡി. കോളേജ് ആശുപത്രികളും ജില്ലാ ആശുപത്രികളും ജനറൽ ആശുപത്രികളും ഉൾപ്പെടെ സംസ്ഥാനത്തെ നൂറുകണക്കിന് സർക്കാർ ആശുപത്രികളിൽ വരുമാന പരിധിയില്ലാതെ രോഗികൾക്ക് പേവാർഡുകളിൽ മുറി ബുക്ക് ചെയ്യാം. ഒരൊറ്റ ഉത്തരവുകൊണ്ട് പരിഹാരമായ ഈ പ്രശ്നത്തിൽ തീരുമാനം എത്രയോ മുമ്പേ ആകാമായിരുന്നു! ആശുപത്രികളെ കൂടുതൽ രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം എന്നാണ് മന്ത്രി പറഞ്ഞത്. ഇത്തരത്തിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടേണ്ട എത്രയോ ദുരിത സാഹചര്യങ്ങൾ സർക്കാർ ആശുപത്രികളിലുണ്ട്! അവയെക്കുറിച്ച് പരിശോധിക്കാനും പഠിക്കാനും പ്രത്യേക സമിതിയെ നിയോഗിച്ച് സർക്കാർ ആശുപത്രികളെ പരമാവധി ജനസൗഹൃദമാക്കാൻ വൈകിക്കൂടാ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION