SignIn
Kerala Kaumudi Online
Saturday, 08 August 2026 4.21 AM IST

പൊലീസിന്റെ സമീപനത്തിലും മാറ്റം വരണം

READ ENGLISH VERSION
a

സ്വാധീനശേഷിയുള്ള ആരെങ്കിലും വിളിച്ചു പറയാതെ അത്യാവശ്യ കാര്യങ്ങൾക്കുപോലും പൊലീസ് സ്റ്റേഷനിൽ പോകാൻ മടിക്കുന്നവരാണ് പൊതുജനങ്ങൾ. ഭയമാണ് അടിസ്ഥാന കാരണം. വാദി പ്രതിയാകുമോയെന്ന ആശങ്കയും ഇല്ലാതില്ല. പൊലീസ് സേനയെക്കുറിച്ചുള്ള ഈ പൊതുവികാരം മാറ്റിയെടുക്കാൻ മാറി മാറി വരുന്ന സർക്കാരുകളിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിമാർ ശ്രമിക്കാറുണ്ട്. പഴയ കാലത്തു നിന്നും നല്ല നിലയിൽ പൊലീസ് മാറിയിട്ടുണ്ടെന്ന വസ്തുത നിഷേധിക്കുന്നില്ല. എന്നാൽ ജനങ്ങൾക്ക് അത് അനുഭവപ്പെടുന്നുണ്ടോയെന്ന് ചോദിച്ചാൽ ഉത്തരം പറയുക എളുപ്പവുമല്ല. ഈ സാഹചര്യത്തിൽ നിന്ന് മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവിഷ്കരിച്ച മൈ പൊലീസ് പദ്ധതി വലിയ പ്രതീക്ഷ ഉളവാക്കുന്നതാണ്. പൊലീസ് സ്റ്റേഷ​നി​ലെ​ത്തു​ന്ന​വ​രു​ടെ​ ​അ​ന്ത​സ് ​മാ​നി​ക്കുകയും ​മെ​ച്ച​പ്പെ​ട്ട​തും​ ​സ​മ​യ​ബ​ന്ധി​ത​വു​മാ​യ​ ​സേ​വ​ന​ങ്ങ​ൾ​ ​ന​ൽ​കുകയും ചെയ്യുന്നതോടൊപ്പം പൊലീസ് സ്റ്റേഷൻ തന്റേതു കൂടിയാണെന്ന് ബോദ്ധ്യമാക്കുകയെന്ന ഉദ്ദേശ്യവും ഈ പുതിയ പദ്ധതിക്കുണ്ട്.

സ്റ്റേഷനിൽ പരാതി പറയാൻ എത്തുന്നവരോട് മാന്യമായി പെരുമാറുകയെന്നത് സാമാന്യ മര്യാദയുടെ ഭാഗമാണ്. ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പിയാണ് ഈ പദ്ധതിയുടെ കോ -ഓർഡിനേറ്റർ. സ്റ്റേ​ഷ​നു​ക​ളു​ടെ​ ​കാ​ര്യ​ക്ഷ​മ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​നു ഇത് വഴിതെളിക്കാതിരിക്കില്ല. എന്തായാലും പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റാനുള്ള മൈ സ്റ്റേഷൻ പദ്ധതി ഒരു വിജയമാകട്ടെയെന്ന് ആശംസിക്കാം. 20 ​വ​ർ​ഷ​മാ​യു​ള്ള​ ​ജ​ന​മൈ​ത്രി​ ​പൊ​ലീ​സ് ​പ​ദ്ധ​തിയും​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ക്ഷ​മ​മാ​ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ​റേ​ഞ്ച് ​ഡി.​ഐ.​ജി​മാ​ർ​ ​സ്റ്രേ​ഷ​നു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ​അ​ഭി​പ്രാ​യം​ ​ശേ​ഖ​രി​ക്കുകയും ​ ​ഡി.​ജി.​പി​ ​ഇ​ത് ​മാ​സം​തോ​റും​ ​വി​ല​യി​രു​ത്തുകയും ചെയ്യും. പ്രോ​ഗ്ര​സ് ​റി​പ്പോ​ർ​ട്ട് ​എ​ല്ലാ ​മാ​സ​വും​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​സ​ർ​ക്കാ​രി​ന് ​കൈ​മാ​റും. കൃത്യമായി നടന്നാൽ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കയറൂരി വിട്ട അവസ്ഥയിലായിരുന്നു പൊലീസെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. പ്രതിഷേധിക്കുന്നവരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻവരെ കൈകാര്യം ചെയ്യുന്ന കാഴ്ചയും കാണേണ്ടി വന്നു. ഭരണത്തിൽ സ്വാധീനമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന മട്ടിൽ പ്രവർത്തിച്ച പൊലീസിലെ ഉന്നതരിൽ ചിലർ ഇപ്പോൾ അന്വേഷണം നേരിടുന്നുവെന്നത് ഇതിനു തെളിവാണ്. അതേസമയം, മനസു വച്ചാൽ ഏത് കേസും തെളിയിക്കാൻ കഴിവും പ്രാപ്തിയും ഉള്ളവരാണ് നമ്മുടെ പൊലീസ് സേനയിൽ ഉള്ളത്. പക്ഷേ, പൊലീസിന്റെ സമീപന രീതിയെക്കുറിച്ച് പരാതികൾ കുറഞ്ഞ കാലമില്ല. അതിനൊരു മാറ്റം വരുത്താനായാൽ ഏറ്റവും വലിയ കാര്യമായിരിക്കും അത്. ക​സ്റ്റ​ഡി​ ​മ​ര​ണ​ങ്ങ​ൾ,​ ​ക​സ്റ്റ​ഡി​ ​മ​ർ​ദ്ദ​നം​ ​എ​ന്നി​വ​ ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താക്കുമെന്നാണ് പത്രസമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. അത് യാഥാർത്ഥ്യമാക്കാൻ മന്ത്രി മാത്രം വിചാരിച്ചാൽ പോര, സേനയിലുള്ളവർ കൂടി അതിനനുസരിച്ച് പ്രവർത്തിക്കണം.

കസ്റ്റഡിയിലെടുക്കുന്നവരെ ക്രൂരമായി മർദ്ദിക്കുന്നത് വിനോദമായി കാണുന്ന ഇടിയൻ പൊലീസുകാരുടെ കഥ അവസാനിച്ചിട്ടില്ല.സമീപകാലത്ത് കൊല്ലത്ത് കുണ്ടറയിൽ നിന്നും ഇത്തരത്തിൽ ഒരു പരാതി ഉയർന്നിരുന്നു.അപരിഷ്കൃതവും നിന്ദ്യവുമായ ഈ രീതി ഒരുകാരണവശാലും വച്ചുപൊറുപ്പിക്കരുത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ പദ്ധതി വിജയകരമായി മുന്നേറുകയാണ്. യുവതലമുറയെയടക്കം ദോഷകരമായി ബാധിക്കുന്ന മയക്കുമരുന്നു ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന ദൃഢമായ പ്രഖ്യാപനമാണ് തൂഫാൻ. മന്ത്രി രമേശ് ചെന്നിത്തലയുടെ ഇച്ഛാശക്തി ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്.ഏതൊരു കർമ്മപദ്ധതിയും വിജയമാകുന്നത് അതിനു നേതൃത്വം നൽകുന്നവരുടെ ആസൂത്രണവും ആത്മാർത്ഥതയും കൊണ്ടാണ്.ജനങ്ങളുമായി സൗഹാർദ്ദപരമായി പെരുമാറുന്ന പൊലീസ് സ്റ്റേഷനുകൾ പ്രഖ്യാപനത്തിൽ ഒതുങ്ങാതിരിക്കട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY