SignIn
Kerala Kaumudi Online
Saturday, 08 August 2026 3.23 AM IST

ദിവാസ്വപ്നമായി തുടരുന്ന പഞ്ചദിന ബാങ്കിംഗ്

ss

ഇന്ത്യയിൽ ബാങ്ക് ശാഖകൾ ചെയ്യുന്ന ഒട്ടുമിക്ക ജോലികളും നൂതന സാങ്കേതിക വിദ്യയുടെ വരവോടെ സ്മാർട്ട് ഫോൺ കൈയടക്കിയിരിക്കുകയാണ്. എന്നിട്ടും ബാങ്ക് ജീവനക്കാരുടെ ചിരകാല സ്വപ്നമായ ആഴ്ചയിലെ അഞ്ചുദിന ബാങ്കിംഗ് എന്ന ആശയം ഇതുവരെ നടപ്പായിട്ടില്ല.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ) ബാങ്ക് യൂണിയനുകളും (യു.എഫ്.ബി.യു) തമ്മിൽ 2024 മാർച്ച് എട്ടിന് നടന്ന 12-ാമത് ഉഭയകക്ഷി ചർച്ചയിൽ ഇത് തത്വത്തിൽ അംഗീകരിച്ചതാണ്. എന്നിട്ടും കേന്ദ്ര ധനമന്ത്രാലയത്തിന്റെ അന്തിമ വിജ്ഞാപനത്തിനായി രണ്ടു വർഷമായി കാത്തിരിക്കേണ്ട ദുർവിധിയാണ് 18 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാർക്ക്.


2015ലെ 10-ാമത് ഉഭയകക്ഷി ചർച്ചയിലൂടെ രണ്ടും നാലും ശനികൾ അവധിയായി പ്രഖ്യാപിച്ചിട്ടും വലിയ തോതിൽ ജനജീവിതത്തെ ബാധിച്ചില്ല എന്നതാണ് വസ്തുത. ശേഷിക്കുന്ന ശനികളും അവധിയായി മാറിയാലും അതും ജീവിതത്തിന്റെ ഭാഗമായി ഉൾക്കൊള്ളുമെന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. മാത്രമല്ല എല്ലാ ശനിയും അവധിയായി പ്രഖ്യാപിക്കുന്നത് വഴി ജീവനക്കാരുടെയും ബാങ്ക് ഇടപാടുകാരുടെയും ലക്ഷക്കണക്കിന് വാഹനങ്ങൾ അതിനായി നിരത്തിലിറങ്ങാത്തതിലൂടെയും ഭാരിച്ച വൈദ്യുതി ചെലവ് പ്രതീക്ഷിക്കുന്ന ശീതീകരിച്ച ബാങ്ക് ശാഖകൾ ആ ദിവസങ്ങളിൽ അടഞ്ഞു കിടക്കുന്നത് വഴിയും, ഇന്ത്യ ഇന്ന് നേരിടുന്ന ഇന്ധന- വൈദ്യുതി ക്ഷാമത്തിനും ഒരു പരിധിവരെ ആശ്വാസമാകുമെന്നതും സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

ശനിയാഴ്ചകൾ അവധി ദിവസമായി മാറുമ്പോൾ നിലവിലെ പ്രവൃത്തി സമയത്തിലുണ്ടാകാവുന്ന കുറവ് പ്രവൃത്തി ദിനങ്ങളിലെ 40 മിനിറ്റ് അധിക ജോലിയിലൂടെ പരിഹരിക്കപ്പെടാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. 5 ദിന ബാങ്കിംഗ് വഴി ഉത്പാദനക്ഷമത വർദ്ധിക്കുകയും കാര്യക്ഷമത കൂടുകയും ചെയ്യുമെന്നു ആഗോള തലത്തിൽ തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ പ്രക്രിയ നടപ്പാക്കിവരുന്നത്.

വാണിജ്യ ബാങ്കുകളിലെ ജീവനക്കാരുടെ കുറവാണ് തീരുമാനം വൈകുന്നതിനു അടിസ്ഥാന കാരണമെന്നു ആവർത്തിക്കുമ്പോഴും, കോടികൾ ലാഭം കൊയ്യുന്ന ബാങ്കുകൾക്കു നിയമന പ്രക്രിയ കുറഞ്ഞ സമയം കൊണ്ട് നടത്താമെന്നിരിക്കെ, ഉഭയകക്ഷി ചർച്ചയിലൂടെ തത്വത്തിൽ തീരുമാനമെടുത്ത വിഷയം വലിച്ചു നീട്ടുന്നതിൽ എന്താണ് ഔചിത്യം. പ്രമുഖ ബാങ്ക് സംഘടനകൾ കാലാകാലങ്ങളിൽ അധികാരത്തിൽ വരുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സ്വാധീന വലയത്തിൽ പെടാത്തത് കൊണ്ടാകാം ബാങ്കുകാരുടെ ആവശ്യങ്ങൾക്ക് എന്നുമൊരു നിസംഗഭാവം എന്ന് ആരെങ്കിലും അധിക്ഷേപിച്ചാൽ കുറ്റം പറയാനാകില്ല.

എന്തിനിത്ര അയിത്തം
ആർ.ബി.ഐ, എൽ.ഐ.സി, ജി.ഐ.സി, നബാർഡ് തുടങ്ങി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തിദിനം അഞ്ചായിരിക്കെ അതേ ഗണത്തിൽപ്പെട്ട വാണിജ്യ ബാങ്കുകളിലെ ജീവനക്കാർക്ക് മാത്രം അയിത്തം കല്പിക്കുന്നത് ശരിയല്ല.

താങ്ങാൻ പറ്റാത്ത ജോലിഭാരത്താൽ തകർന്നടിഞ്ഞു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാപ്പാടു പെടുന്ന ഇക്കൂട്ടരെ ചേർത്ത് പിടിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രധനമന്ത്രിയും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.


(ലേഖകന്റെ ഫോൺ: 9847862420)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY